Latest News

പ്രഫ. കുസുമം ജോസഫിനെതിരെ കേസ്: യോഗിയെ പിണറായി മാതൃകയാക്കരുതെന്ന് പി കെ ഉസ്മാന്‍

പ്രഫ. കുസുമം ജോസഫിനെതിരെ കേസ്: യോഗിയെ പിണറായി മാതൃകയാക്കരുതെന്ന് പി കെ ഉസ്മാന്‍
X

തിരുവനന്തപുരം: കൊല്ലം ജില്ലയിലെ അരിപ്പ സമരഭൂമിയിലെ ദലിത്-ആദിവാസി സമരക്കാര്‍ പട്ടിണിയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക പ്രഫ. കുസുമം ജോസഫിനെതിരെ കേസെടുത്ത ഇടതു സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിയെ മാതൃകയാക്കരുതെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ഉസ്മാന്‍.

യുപിയില്‍ പ്രാണവായു കിട്ടാതെ പിടഞ്ഞു മരിക്കുന്ന മനുഷ്യ ജീവനുകളെക്കുറിച്ച് മിണ്ടിയാല്‍, എഴുതിയാല്‍ യോഗി പോലിസ് കേസെടുക്കും. ഇതു തന്നെയാണ് കേരളത്തിലും നടക്കുന്നത്. നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്ത പോലിസ് 72 മണിക്കൂറിനുള്ളില്‍ ഫോണ്‍ സ്റ്റേഷനില്‍ ഹാജരാക്കാനാണ് കുസുമം ജോസഫിനു നോട്ടിസ് നല്‍കിയിരിക്കുന്നത്. അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2020 ഏപ്രിലില്‍ ആദ്യ ലോക്ഡൗണ്‍ കാലത്ത് പുറത്തിറങ്ങാന്‍ കഴിയാതെ അരിപ്പ സമരഭൂമയില്‍ കുടില്‍ കെട്ടി താമസിക്കുന്ന 160ലധികം പേര്‍ പട്ടിണിയിലാണെന്നും അവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പോസ്റ്റിട്ടതിനാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

സ്വന്തമായി ഭൂമിയില്ലാത്ത ദലിതരും ആദിവാസികളുമാണ് അവിടെ സമരം ചെയ്യുന്നത്. അതിഥി തൊഴിലാളികള്‍ക്കും പക്ഷിമൃഗാദികള്‍ക്കും ഭക്ഷണം എത്തിക്കാന്‍ ജാഗ്രത കാണിക്കുന്ന സര്‍ക്കാര്‍ ഈ മനുഷ്യജന്മങ്ങളെ അവഗണിക്കുന്നത് ക്രൂരതയാണെന്നുമായിരുന്നു പ്രഫ. കുസുമം ജോസഫ് പോസ്റ്റ് ചെയ്തിരുന്നത്. സര്‍ക്കാര്‍ അവഗണനയെയും വിവേചനത്തെയും തുറന്നുകാണിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരെ നിശബ്ദമാക്കാനാണ് ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ അതിനെതിരേ ശക്തമായ പ്രതിഷേധവും പ്രതിരോധവും തീര്‍ക്കാന്‍ പൊതുസമൂഹം രംഗത്തുവരുമെന്നത് വിസ്മരിക്കരുതെന്നും പി കെ ഉസ്മാന്‍ മുന്നറിയിപ്പു നല്‍കി.

Next Story

RELATED STORIES

Share it