Latest News

വിലക്ക്​ ലംഘിച്ച്​ ചെറുമീനുകളെ പിടിക്കുന്നു; നടപടിയുമായി ഫിഷറീസ്​ വകുപ്പ്​

വിലക്ക്​ ലംഘിച്ച്​ ചെറുമീനുകളെ പിടിക്കുന്നു; നടപടിയുമായി ഫിഷറീസ്​ വകുപ്പ്​
X

അമ്പലപ്പുഴ: വളര്‍ച്ചയെത്താത്ത മീനുകളെ പിടിക്കുന്നത് കടലില്‍ മത്സ്യസമ്പത്ത് കുറയുമെന്നതിനാല്‍ ചില ചെറുമീനുകളെ പിടിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെ മീന്‍ കുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്ന രീതി തുടരുകയാണ്. പ്രത്യേകിച്ച് അയല, മത്തി തുടങ്ങിയ സുലഭമായി കിട്ടിയിരുന്ന മീനുകള്‍ കടലില്‍ കിട്ടാതായി. പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് വലയിലാക്കുന്നതോടെ പ്രജനനം നടക്കാതെ ഇവയുടെ സമ്പത്ത് ഇല്ലാതാകുകയാണ്.

തുടര്‍ന്നാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം കൊണ്ടുവരുന്നത്. 10 സെ.മീ താഴെയുള്ള മത്തി, 14 സെ.മീ താഴെയുള്ള അയല എന്നിങ്ങനെ വലുപ്പം കുറഞ്ഞ മീനുകളെ പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമാകുന്നു എന്നാണ് ഫിഷറീസ് അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം വളര്‍ച്ച എത്താത്ത ചെറുമത്സ്യങ്ങള്‍ പിടിക്കാത്തത് മൂലം ഈ വര്‍ഷം നല്ല രീതിയില്‍ മത്തി, അയല എന്നിവ ലഭിച്ചെന്നും ഫിഷറീസ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തോട്ടപ്പള്ളി ഹാര്‍ബറില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച അനുഗ്രഹം വള്ളം ഫിഷറീസ് വകുപ്പ് പട്രോളിങ്ങില്‍ പിടിച്ചെടുത്ത് നിയമനടപടി സ്വീകരിച്ചിരുന്നു. ഫിഷറീസ് സ്റ്റേഷന്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘനം കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസ് ഗാര്‍ഡ് രാഹുല്‍ കൃഷ്ണന്‍, ഷാനി, മുത്ത്രാജ്, മനു എന്നിവരും ഫിഷറീസ് ഓഫിസര്‍ ആസിഫ്, സീ റെസ്‌ക്യൂ ഗാര്‍ഡുമാരായ രാഹുല്‍, സ്രാങ്ക് റെജി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മീന്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ നിയമ നടപടി സ്വീകരിച്ചു.

Next Story

RELATED STORIES

Share it