Latest News

ചിത്രലേഖയ്ക്ക് കിട്ടാത്ത കെഎംസി നമ്പര്‍ ഒടുവില്‍ മകളുടെ ഓട്ടോറിക്ഷയ്ക്ക്

ചിത്രലേഖയ്ക്ക് കിട്ടാത്ത കെഎംസി നമ്പര്‍ ഒടുവില്‍ മകളുടെ ഓട്ടോറിക്ഷയ്ക്ക്
X

കണ്ണൂര്‍: നിരന്തരം അക്രമങ്ങള്‍ക്കിരയായി ഒടുവില്‍ മരണം കീഴടക്കിയ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് കിട്ടാത്ത കോര്‍പ്പറേഷന്‍ നമ്പര്‍ ഒടുവില്‍ മകള്‍ മേഖയ്ക്ക്. പുതുവല്‍സര ദിനമായ ഇന്നാണ് ആര്‍ടിഒ നമ്പര്‍ അനുവദിച്ച് നല്‍കിയത്. കണ്ണൂര്‍ ആര്‍ടിഒ ഉണ്ണികൃഷ്ണനെ നിരന്തരം സമീപിച്ചാണ് മേഖ ഇത് നേടിയെടുത്തത്.

കഴിഞ്ഞ ജൂണില്‍ ചിത്രലേഖ തന്നെ നേരിട്ടാണ് നിലവിലുള്ള നമ്പര്‍ പുതിയ ഓട്ടോറിക്ഷക്ക് ലഭിക്കാനുള്ള അപേക്ഷ നല്‍കിയത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ആര്‍ടിഒ ഇത് നിരസിക്കുകയായിരുന്നു. മരിച്ചതിനു ശേഷം ഭര്‍ത്താവ് എം.ശ്രീഷ്‌കാന്തും മേഖയും പല തവണ ആര്‍ടിഒയെ കണ്ടെങ്കിലും പല തടസ വാദങ്ങളും പറഞ്ഞ് മുഖം തിരിക്കുകയായിരുന്നു. നവംബറില്‍ ഇക്കാര്യം മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി.എന്നിട്ടും ആര്‍ടിഒ കനിഞ്ഞില്ല. കോടതിയെ സമീപിക്കാനുള്ള തീരുമാനമറിഞ്ഞ ശേഷമാണ് ആര്‍ടിഒയ്ക്ക് ബോധോദയമുണ്ടായത്.

ജൂണ്‍ 25 നാണ് ഓട്ടോറിക്ഷക്ക് കെഎംസി നമ്പര്‍ മാറ്റി നല്‍കാന്‍ ചിത്രലേഖ അപേക്ഷ നല്‍കിയത്. നിലവില്‍ 2689, 2690 കെഎംസി നമ്പറുകള്‍ ചിത്രലേഖയുടെ ഓട്ടോകളുടേതാണ്. ഇതില്‍ കെ.എല്‍ 13 എ.പി 740 ഓട്ടോറിക്ഷ കാട്ടാമ്പള്ളിയിലെ വീട്ടിനു മുന്നില്‍ വെച്ച് തീവെച്ച് നശിപ്പിക്കുകയായിരുന്നു. ഇതിപ്പോള്‍ വളപട്ടണം പോലീസ് സ്റ്റേഷന്‍ വളപ്പിലാണുള്ളത്. മറ്റൊരു ഓട്ടോറിക്ഷ കെ എല്‍ 13 എക്‌സ് 7998 നമ്പര്‍ വീടു നിര്‍മാണത്തിന്റെ ആവശ്യത്തിനായി വില്‍ക്കുകയും ചെയ്തു.

പുതിയ ഒട്ടോറിക്ഷക്കായി വിവിധ സംഘടനകളെ സമീപിച്ചെങ്കിലും ഒന്നും നടന്നില്ല. ഒടുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ, മഹിള വിഭാഗമാണ് വായ്പ പ്രകാരം പുതിയ ഓട്ടോറിക്ഷ ഇറക്കിക്കൊടുത്തത്. ഡൗണ്‍ പേയ്‌മെന്റും വണ്ടിയിറങ്ങാനുള്ള ചെലവുമായി അര ലക്ഷത്തോളം രൂപ ഇവര്‍ നല്‍കി. എന്നാല്‍ മാസം 8,100 രൂപ വായ്പയക്കെണം. കെ.എം.സി നമ്പറില്ലാത്തത് കാരണം കണ്ണൂര്‍ നഗരത്തില്‍ ഓടാനായില്ല. ഏക വരുമാനം നിലച്ചതിനാല്‍ കുടുംബം പട്ടിണിയിലുമായി. മകള്‍ മേഖയുടെ പേരിലാണ് പുതിയ ഓട്ടോറിക്ഷ. നിലവിലുള്ള കെഎംസി നമ്പറുകളിലൊന്ന് മാറ്റി നല്‍കുകയേ വേണ്ടതുണ്ടായിരുന്നുള്ളൂ. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്താണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. കെഎംസി നമ്പറില്ലാത്തതിനാല്‍ കണ്ണൂര്‍ നഗരത്തിലെ സ്റ്റാന്റുകളില്‍ വെച്ച് ഓടിക്കാനാകുമായിരുന്നില്ല. . ഇതു കൊണ്ടു തന്നെ വായ്പ തിരിച്ചടവ് അഞ്ചു മാസമായി മുടങ്ങിയിരിക്കുകയായിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് കെഎംസി നമ്പര്‍ മാറ്റി നല്‍കാന്‍ ഇത്രയും കാലതാമസമുണ്ടായതെന്ന് ശ്രീഷ്‌കാന്തും മേഖയും പറയുന്നു. എട്ടു മാസമായി ആര്‍.ടി ഒ ഓഫീസില്‍ കയറിയിറങ്ങുകയായിരുന്നു ഇവര്‍. ആര്‍ടിഒയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെടുകയായിരുന്നു. മരിച്ചിട്ടും ചിത്രലേഖയെ വെറുതെ വിടുന്നില്ലെന്ന് ഇവര്‍ കണ്ണീരോടെ പറയുന്നു. ഓട്ടം പോകാതെ കാട്ടാമ്പള്ളിയിലെ വീട്ടില്‍ കയറ്റിയിട്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് ഇന്നാണ് ശാപമോക്ഷമുണ്ടായത്. പയ്യന്നൂര്‍ എടാട്ട് സി.പി.എം പ്രവര്‍ത്തകരുടെ നിരന്തര അക്രമണത്തിനിരയാവുകയും ചെറുത്തു നില്‍പ്പിലൂടെ ശ്രദ്ധേയയാവുകയുമായിരുന്നു ചിത്രലേഖ. ഇവരുടെ ഓട്ടോറിക്ഷ പല തവണ ആക്രമിക്കപ്പെടുകയും തീവെക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it