Latest News

'കരാര്‍ സൈനികര്‍ക്ക് ബിജെപി ഓഫിസില്‍ സെക്യുരിറ്റിപ്പണി!': സൈനികന്റെ അന്തസ്സിനെക്കുറിച്ച് ബിജെപിക്ക് വല്ലതും അറിയാമോയെന്ന് ഉവൈസി

കരാര്‍ സൈനികര്‍ക്ക് ബിജെപി ഓഫിസില്‍ സെക്യുരിറ്റിപ്പണി!: സൈനികന്റെ അന്തസ്സിനെക്കുറിച്ച് ബിജെപിക്ക് വല്ലതും അറിയാമോയെന്ന് ഉവൈസി
X

ഹൈദരാബാദ്: പ്രതിരോധ സേനകളിലേക്കുള്ള സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. പദ്ധതി പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് ഉവൈസി വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചത്.

അഗ്നിപഥ് പദ്ധതിപ്രകാരം നിയമിക്കപ്പെട്ട് പുറത്തുവരുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ബിജെപി ഓഫിസില്‍ സെക്യൂരിറ്റിപ്പണി നല്‍കുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനക്കെതിരേയും ഉവൈസി രംഗത്തുവന്നു. സൈനികവൃത്തി ബഹുമാന്യമായ തൊഴിലാണെന്ന കാര്യം ബിജെപിക്കാര്‍ക്ക് അറിയില്ലെയെന്നും അദ്ദേഹം ചോദിച്ചു.

'ഈ തലതിരിഞ്ഞ രീതി അവസാനിപ്പിക്കാനും ഈ രാജ്യത്തെ യുവാക്കളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാനും സൈന്യത്തില്‍ കരാര്‍ നിയമനം നടത്താനുളള ഈ ക്രൂരമായ പദ്ധതി ഉടന്‍ പിന്‍വലിക്കാനും നമ്മുടെ സായുധ സേനയ്ക്കുള്ള സൈനികരുടെയും ഉപകരണങ്ങളുടെയും കുറവ് നികത്താനും ഞാന്‍ സര്‍ക്കാരിനോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു'- ഉവൈസി ട്വീറ്റ് ചെയ്തു.

'നിയമിക്കപ്പെടുന്ന കരാര്‍ സൈനികരെ അവരുടെ ഓഫിസുകളില്‍ ചൗക്കിദാര്‍മാരായി നിയമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇതാണോ മോദിയുടെ പാര്‍ട്ടി സൈന്യത്തിനും സൈനികര്‍ക്കും നല്‍കുന്ന മാന്യത, ഇത് ബഹുമാന്യമായ തൊഴിലാണ്... രാജ്യത്ത് ഇതുപോലൊരു ഭരണകക്ഷിയുണ്ടെന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു ചിന്തയും ആസൂത്രണവുമില്ലാതെ കൈക്കൊണ്ട നോട്ട് നിരോധനം, ലോക്ക്ഡൗണ്‍ തുടങ്ങിയ നടപടികളിലൂടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും വരുത്തിയ നാശം നാം കണ്ടതാണ്, ദേശീയസുരക്ഷയുടെ കാര്യത്തിലും അതേ അശ്രദ്ധപുലര്‍ത്തുകയാണോ പ്രധാനമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു.

'അഗ്‌നിവീരന്മാരെ ഡ്രൈവര്‍മാരായും ധോബികളായും പരിശീലിപ്പിക്കുമെന്ന് മോദിയുടെ മന്ത്രി പറയുന്നു, സൈന്യത്തില്‍ സേവനം ചെയ്യുന്നത് സമാനതകളില്ലാത്ത അഭിമാനകരമായ തൊഴിലാണ്. ഈ മനുഷ്യര്‍ ഇന്ത്യക്ക് വേണ്ടി കൊല്ലാനും ചാവാനും തയ്യാറാണ്. അവര്‍ ഡ്രൈവര്‍മാരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തിനാണ് 4 വര്‍ഷം സൈന്യത്തില്‍ ചെലവഴിക്കുന്നത്?- കേന്ദ്ര മന്ത്രി ജി കൃഷ്ണറെഡ്ഡിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് ഉവൈസി ചോദിച്ചിരുന്നു.

കരാര്‍ അടിസ്ഥാനത്തില്‍ സൈനികരെ നിയമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് അഗ്നിപഥ്. നാല് വര്‍ഷത്തേക്കാണ് നിയമനം. അതുകഴിഞ്ഞാല്‍ അതില്‍ 75 ശതമാനം പേരെ പിരിച്ചുവിടും. അത്തരക്കാര്‍ക്ക് ബിജെപി ഓഫിസില്‍ സെക്യൂരിറ്റിപ്പണി നല്‍കുമെന്ന് കേന്ദ്ര മന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it