Latest News

കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടെന്ന് പറഞ്ഞിട്ടില്ല; തിരുത്തേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്നും മന്ത്രി

ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ യാത്രാ സൗജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി

കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടെന്ന് പറഞ്ഞിട്ടില്ല; തിരുത്തേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്നും മന്ത്രി
X

തിരുവനന്തപുരം: വിവാദ കണ്‍സെഷന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവന മുഴുവനായി വായിച്ചാല്‍ ഉത്തരം കിട്ടുമെന്നുമാണ് മന്ത്രിയുടെ വിശദീകരണം. പ്രസ്താവന മുഴുവനായി കൊടുക്കാതെ അടര്‍ത്തി എടുക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. തിരുത്തേണ്ട വാചകങ്ങള്‍ ഏതെങ്കിലും ഉണ്ടെന്ന് ബോധ്യപ്പെടുത്തിയാല്‍ തിരുത്തും. കണ്‍സെഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ യാത്രാ സൗജന്യം നല്‍കുന്നത് പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.

വിഷയത്തിലെ എസ്എഫ്‌ഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. എസ്എഫ്‌ഐയുമായി താന്‍ സംസാരിച്ചോളാമെന്നും തന്റെ പ്രസ്താവന മുഴുവനായി കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നുമാണ് ആന്റണി രാജു പറഞ്ഞത്. വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ച കെഎസ്‌യുവിന്റെത് രാഷ്ട്രിയ പ്രസ്താവനയാണ്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിച്ചത് ഉമ്മന്‍ ചാണ്ടിയുടെ കാലത്താണെന്നും ആന്റണി രാജു പറഞ്ഞു.

നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ആന്റണി രാജുവിന്റെ പ്രസ്താവനയാണ് വിവാദമായത്. കണ്‍സെഷന്‍ തുക വിദ്യാര്‍ത്ഥികള്‍ നാണക്കേടായി കാണുന്നുവെന്ന് പറഞ്ഞ മന്ത്രി പലരും അഞ്ചുരൂപ കൊടുത്താന്‍ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. 'പത്ത് വര്‍ഷം മുന്‍പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു'. കണ്‍സെഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നുമായിരുന്നു മന്ത്രി വിശദീകരിച്ചത്. എന്നാല്‍ മന്ത്രിയുടെ പ്രസ്താവന അപക്വം എന്നായിരുന്നു എസ്എഫ്‌ഐ വിമര്‍ശനം.

വിദ്യാര്‍ത്ഥി ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാര്‍ത്ഥികളുടെ അവകാശമാണ് ബസ് കണ്‍സെഷന്‍. അത് വര്‍ദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും അതോടൊപ്പം തന്നെ നിലവിലെ കണ്‍സെഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗതമന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്‌ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ ഇടതുപക്ഷ ഗവണ്‍മെന്റെിന്റെ വിദ്യാര്‍ത്ഥിപക്ഷ സമീപനങ്ങള്‍ക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാല്‍ തന്നെ ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയ്യാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സെക്രട്ടറി കെ എം സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it