Latest News

കൊവിഡ് വ്യാപനം തീവ്രമായി; കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍

കൊവിഡ് വ്യാപനം തീവ്രമായി; കൊവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും പരിശോധിക്കേണ്ടതില്ലെന്ന നിലപാട് തിരുത്തി കേന്ദ്ര സര്‍ക്കാര്‍. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളല്ലാത്തവരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടാലും പരിശോധിക്കേണ്ടതില്ലെന്ന മുന്‍ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ തിരുത്തിയത്. ഇതുസംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങളും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ നിര്‍ദേശത്തിന്റെ ഭാഗമായി പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കൊവിഡ് പരിശോധനകള്‍ കുറഞ്ഞിരിക്കുകയാണ്. ഇത് കൊവിഡ് വ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെന്നും രോഗവ്യാപനം വര്‍ധിക്കുന്നുണ്ടെന്നുമാണ് ആരോഗ്യവിദഗ്ധര്‍ കരുതുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറി ആരതി അഹുജയാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇതുസംബന്ധിച്ച കത്തയച്ചിരിക്കുന്നത്. പരിശോധനാ മാനദണ്ഡങ്ങളില്‍ തന്ത്രപ്രധാനമായ രീതിയില്‍ മാറ്റം വരുത്തണമെന്നും പരിശോധന വര്‍ധിപ്പിക്കണമെന്നും പോസിറ്റിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ പ്രദേശം തിരിച്ച് പരിശോധന നടത്തണമെന്നും കത്തില്‍ പറയുന്നു.

ലോകാരോഗ്യ സംഘടന പ്രത്യേക ശ്രദ്ധപുലര്‍ത്തേണ്ട കൊവിഡ് വകഭേദമായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ള ഒമിക്രോണ്‍ രാജ്യത്ത് പ്രസരിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഐസിഎംആര്‍ പോര്‍ട്ടലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് പല സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും കൊവിഡ് പരിശോധന കുറഞ്ഞുവരുന്നതായി റിപോര്‍ട്ടുണ്ട്. ഐസിഎംആര്‍ ജനുവരി 10ന് പുറപ്പെടുവിച്ച പരിശോധനാ മാനദണ്ഡമായ മുന്‍കൂട്ടിയുളള പരിശോധന, രോഗം കണ്ടെത്തല്‍, സമ്പര്‍ക്കവിലക്കില്‍ ഏര്‍പ്പെടുത്തല്‍ എന്നിവയും പാലിക്കണമെന്നും നിര്‍ദേശം നല്‍കി. പരിശോധനയും സമ്പര്‍ക്കവിലക്കില്‍ അയയ്ക്കലും കൊവിഡ് നിയന്ത്രണത്തില്‍ വലിയ പ്രാധാന്യമുളളതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഐസിഎംആറിന്റെ മുന്‍ നിര്‍ദേശമനുസരിച്ച് കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന മുഴുവന്‍ പേരും പരിശോധനക്ക് വിധേയരാവേണ്ടതില്ല. പകരം ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. കൊവിഡ് രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍, ഹോം ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നിയന്ത്രണമൊഴിവാക്കിയ രോഗികള്‍, കൊവിഡ് ചികില്‍സാ ഫെസിലിറ്റികളില്‍ നിന്ന് പുറത്തുവന്ന രോഗികള്‍, അന്തര്‍ സംസ്ഥാന ആഭ്യന്തര യാത്ര നടത്തുന്നവര്‍ എന്നിവരെയും പരിശോധനക്ക് വിധേയരാക്കേണ്ടതില്ലെന്നായിരുന്നു മുന്‍ നിര്‍ദേശം.

Next Story

RELATED STORIES

Share it