Latest News

കൊവിഡ്: സൗദിയിലേക്കുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യൻ അംബാസഡർ

കൊവിഡ്: സൗദിയിലേക്കുള്ള യാത്രാ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യൻ അംബാസഡർ
X

കബീർ കൊണ്ടോട്ടി

ജിദ്ദ: കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും സൗദിയിലേക്കുള്ള യാത്രാവിലക്ക് തുടരുന്നതിൽ പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സയ്യിദ് പറഞ്ഞു. സൗദിയിലെ ഇന്ത്യൻ സമുദായ നേതാക്കളോടും മാധ്യമ പ്രവർത്തകരോടും ഓൺലൈനിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ കഴിയുന്ന സൗദി പ്രവാസികൾ വാക്‌സിൻ എടുക്കുമ്പോൾ പാസ്‌പോർട്ട് നമ്പർ രേഖയായി സമർപ്പിക്കുന്നത് യാത്ര തടസ്സങ്ങൾ ഒഴിവാക്കാൻ ഉപകരിക്കും. പാസ്സ്പോർട് നമ്പർ വാക്‌സിൻ സർട്ടിഫിക്കറ്റിൽ ചേർത്ത് നൽകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും സൗദിയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നതിന് ഉന്നത തല ചർച്ചകൾ പൂർത്തിയായെന്നും കൊവിഡ് കേസുകൾ വർധിച്ചതാണ് നിലവിലെ വിമാനവിലക്കിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.


സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യാ-സൗദി വിമാന വിലക്കിന് കാരണം. സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാം. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്നവർ കൊവിഡ് വാക്‌സിൻ സ്വീകരിക്കണം. സൗദി അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്‌സ്‌ഫോർഡ് ആസ്ട്രസെനിക വാക്‌സിനും കോവിഷീൽഡും ഒന്നാണ്. കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീൾഡും ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണെന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ കോവിഷീൾഡ് സീകരിച്ച സാക്ഷ്യപത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡർ കൂട്ടി ചേർത്തു.

സൗദിയിൽ അംഗീകാരമില്ലാത്ത കോവാക്‌സിൻ ഉൾപ്പെടെയുള്ളവ നിലവിൽ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. സൗദിയിലേക്ക് വരാൻ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സൗദിയിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും ബഹ്‌റൈൻ ഇന്ത്യൻ എംബസിയുമായി സഹകരിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്നും അംബാസിഡർ വ്യക്തമാക്കി. എന്നാൽ ഇപ്പോൾ വാക്‌സിൻ സ്വീകരിക്കാത്തവർ ബഹ്‌റൈൻ കോസ്‌വേ വഴി യാത്രക്ക് ശ്രമിക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവധിക്ക് നാട്ടിൽ പോയവരുടെ ഇഖാമയുടെയും റീ എൻട്രി വിസയും സൗജന്യമായി പുതുക്കിനൽകിയ സഊദി ഭരണകൂടത്തെ ഇന്ത്യൻ അംബാസിഡർ പ്രശംസിച്ചു. സൗദി സൗജന്യമായാണ് ഇന്ത്യക്ക് ഓക്സിജൻ നൽകിയത്. വിവിധ മരുന്നുകളും വാക്‌സിനുകളും ഇറക്കുമതി

കയറ്റുമതി വിഷയത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, ആരോഗ്യ മന്ത്രാലായം എന്നീ വിഭാഗങ്ങളുമായി സഹകരണം തുടരുന്നുണ്ട്. ബ്ലാക്ക് ഫംഗസ്സിനുള്ള മരുന്നുകളും ഇതിലൂടെ ലഭ്യമാക്കും. വിസിറ്റിങ് വിസയിൽ സൗദിയിൽ എത്തിയവർക്ക് വാക്‌സിൻ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നും വാക്‌സിൻ സ്വീകരിച്ച് സൗദിയിൽ എത്തിയവരുടെ വാക്സിൻ വിവരങ്ങൾ തവക്കൽന ആപ്പിൽ വാക്‌സിൻ നൽകുന്നതിനുള്ള തടസവും പരിഹരിക്കും. കെവിഡ് ബാധിച്ച് സൗദിയിൽ മരണപ്പെട്ടവർക്ക് അദ്ദേഹം ആദരഞ്ജലികൾ അർപ്പിച്ചു.

ഇത്തവത്തെ ഹജ്ജിന് 60,000 പേരിൽ നിന്ന് 30,000 പേർ വിദേശത്ത് നിന്നായിരിക്കും. അതിൽ 5,000 പേർ ഇന്ത്യയിൽ നിന്നുമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ ഇന്ത്യൻ ഹജ്ജ് മിഷൻ നടത്തുന്നുണ്ട്. ഇന്ത്യ സൗദി നയതന്ത്ര ബന്ധം 75 വർഷം പൂർത്തിയാക്കുന്ന വേളയിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ സൗദിയിലെ സാമൂഹ്യ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും സ്വീകരിക്കും.

Next Story

RELATED STORIES

Share it