Latest News

ഡിസിസി പട്ടികയില്‍ പോര് തുടങ്ങി: കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ചര്‍ച്ച നടന്നിട്ടുണ്ടെന്ന് കെ മുരളീധരന്‍

ഡിസിസി പട്ടികയില്‍ പോര് തുടങ്ങി: കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ചര്‍ച്ച നടന്നിട്ടുണ്ടെന്ന് കെ മുരളീധരന്‍
X

തിരുവനന്തപുരം: പുതിയ ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി. ചര്‍ച്ച നടത്തിയെന്ന് വരുത്തി, പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ അതും ഉണ്ടാവാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുകയാണ് എല്ലാവരുടേയും ലക്ഷ്യം. ആ ലക്ഷ്യം നോക്കി മുന്നോട്ട് പ്രവര്‍ത്തിക്കും. മുമ്പും പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. അന്ന് ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടന്നത് കൊണ്ട് ഇതുപോലൊരു പ്രശ്‌നമുണ്ടായില്ല. എന്നിരുന്നാലും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുനസംഘടന. തന്റെ പേര് അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ടാണിത്. ചില താല്‍പര്യങ്ങള്‍ക്ക് വേണ്ടി വാര്‍ത്തകള്‍ ഉണ്ടാക്കി കൊടുക്കുകയാണ്.

ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നു. മുമ്പായിരുന്നുവെങ്കില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുമായിരുന്നു. കുറേ യോജിപ്പുകളും കുറേ തര്‍ക്കങ്ങളും നടക്കും. തര്‍ക്കങ്ങള്‍ എഴുതി തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൈമാറും. അവര്‍ അത് സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

എന്നാല്‍, പുതിയ ഡിസിസി പട്ടികയെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തി. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണ് പുറത്ത് വന്നതെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാകാലത്തും പട്ടികകള്‍ പ്രഖ്യാപിക്കുമ്പോള്‍ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടാകാറുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാം. എന്നാല്‍, ഇപ്പോള്‍ നിയമിച്ചവരെല്ലാം ആ പദവിക്ക് യോഗ്യരാണ്. മുതിര്‍ന്നവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട് എന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. അവര്‍ നടക്കാന്‍ കഴിയാത്തവരോ പ്രവര്‍ത്തിക്കാന്‍ കഴിയാത്തവരോ അല്ല. നന്നായി പ്രവര്‍ത്തിക്കാന്‍ കഴുയുന്നവരാണ്.

മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പറയുന്നത് സത്യമല്ല. നിരന്തരം കെപിസിസി പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it