Latest News

ജൂൺ നാലിന് ബിജെപി സർക്കാർ ഉണ്ടാക്കില്ല; അമിത് ഷാ പ്രധാനമന്ത്രിയാവില്ല- കെജ്‌രിവാൾ

ജൂൺ നാലിന് ബിജെപി സർക്കാർ ഉണ്ടാക്കില്ല; അമിത് ഷാ പ്രധാനമന്ത്രിയാവില്ല- കെജ്‌രിവാൾ
X

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യത്തെ ജനങ്ങളെ അപമാനിച്ചെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്‍ഗാമിയെന്നതില്‍ അഭിമാനംകൊള്ളുന്ന അമിത് ഷാ അഹങ്കാരിയായി തീര്‍ന്നെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞദിവസം അമിത് ഷാ ഡല്‍ഹിയില്‍ വന്നു. അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ പൊതുയോഗത്തിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ വന്ന അദ്ദേഹം രാജ്യത്തെ ജനങ്ങളെ അപമാനിച്ചു. ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവര്‍ പാകിസ്താനികളാണെന്ന് പറഞ്ഞു. എഎപിയെ 62 സീറ്റും 56% വോട്ടും തന്ന് വിജയിപ്പിച്ച ഡല്‍ഹിക്കാര്‍ പാകിസ്താനികളാണോയെന്ന് കെജ്‌രിവാള്‍ അമിത് ഷായോട് ചോദിച്ചു.

'117ല്‍ 92 സീറ്റുകള്‍ പഞ്ചാബിലെ ജനത എഎപിക്ക് തന്നു. ഗുജറാത്ത്, ഗോവ, ഉത്തര്‍പ്രദേശ്, അസം, മധ്യപ്രദേശ് അടക്കം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലുള്ള ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും സ്‌നേഹം തരുകയുംചെയ്തു. രാജ്യത്തെ ജനങ്ങളായ ഇവരെല്ലാം പാകിസ്താനികളാണോ', അദ്ദേഹം ആരാഞ്ഞു.

'പ്രധാനമന്ത്രി മോദി നിങ്ങളെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഇതില്‍ അഭിമാനിക്കുന്ന നിങ്ങള്‍ ജനങ്ങളെ അപമാനിക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ തന്നെ നിങ്ങള്‍ ധിക്കാരിയായി മാറി. നിങ്ങളുടെ അറിവിലേക്ക് ഒരുകാര്യം പറയാം, താങ്കള്‍ പ്രധാനമന്ത്രിയാവില്ല. ജൂണ്‍ നാലിന് ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെയല്ല തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അഞ്ചാംഘട്ട പോളിങ് അവസാനിച്ചതോടെ ജൂണ്‍ നാലിന് മോദി സര്‍ക്കാര്‍ തുടച്ചുനീക്കപ്പെടുമെന്നും ഇന്ത്യ സഖ്യസര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നും കൂടുതല്‍ വ്യക്തമാവുകയാണ്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യത്തിന് 300ലേറെ സീറ്റുകിട്ടും', കെജ്‌രിവാള്‍ അവകാശപ്പെട്ടു.

രാഹുല്‍ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനും ഇന്ത്യയിലേക്കാള്‍ കൂടുതല്‍ പിന്തുണ പാകിസ്താനിലുണ്ടെന്നായിരുന്നു അമിത് ഷായുടെ ആരോപണം. 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്നും സിഎഎ റദ്ദാക്കുമെന്നും മുത്തലാഖ് നിരോധനം പിന്‍വലിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായും അമിത് ഷാ ആരോപിച്ചിരുന്നു. ഡല്‍ഹിയിലെ സംഗം വിഹാറിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Next Story

RELATED STORIES

Share it