Latest News

പ്രാണവായു നിഷേധിക്കുന്നത് കിരാതം; രാഷ്ട്രീയം മറന്ന് സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും കാന്തപുരം

പ്രാണവായു നിഷേധിക്കുന്നത് കിരാതം; രാഷ്ട്രീയം മറന്ന് സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും കാന്തപുരം
X

ദുബയ്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരന്‍മാരുടെ നിലവിളി കണ്ണീരണിയിക്കുന്നതാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍ ആവശ്യപ്പെട്ടു. നമ്മുടെ രാജ്യം മഹാമാരിയുടെ ഏറ്റവും കഠിനമായ നാളുകളിലൂടെ കടന്നുപോവുകയാണ്. രാഷ്ട്രീയവും മതവും ജാതിയും ചര്‍ച്ചയ്‌ക്കെടുക്കേണ്ട സന്ദര്‍ഭമല്ല ഇത്. പ്രാണവായു കിട്ടാതെ മരിച്ചുവീഴുന്ന മനുഷ്യന്റെ വേദനയാണ് രാജ്യമിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. ഓക്‌സിജന്‍ ടാങ്കറുകള്‍ തടയുകയും തട്ടിക്കൊണ്ട് പോവുകയും ചെയ്യുന്നുവെന്ന വാര്‍ത്ത ഭീകരമാണ്. ഓക്‌സിജന്‍ ശേഖരമുള്ള സംസ്ഥാനങ്ങള്‍ ഓക്‌സിജനു വേണ്ടി കേഴുന്ന മറ്റു സംസ്ഥാനങ്ങള്‍ക്ക് അതു നല്‍കാന്‍ സന്നദ്ധമാവുന്നതിനേക്കാള്‍ മാനവികമായ ഒരു ധര്‍മവും ഇപ്പോള്‍ നിര്‍വഹിക്കാനില്ല. രാഷ്ട്രീയവും ഭരണപരവുമായ അഭിപ്രായഭേദങ്ങളുടെ പേരില്‍ ഒരു സമൂഹത്തിനു പ്രാണവായു നിഷേധിക്കുന്നതിനേക്കാള്‍ കിരാതമായി മറ്റൊന്നുമില്ല.

മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാടുകളെ സ്വാഗതം ചെയ്യുന്നു. അതേസമയം, കൊവിഡ് പ്രതിരോധത്തിന് ദേശീയടിസ്ഥാനത്തിലും സംസ്ഥാനങ്ങളിലും കൃത്യമായ ഏകോപനം വേണം. രണ്ടാം തരംഗത്തെ സര്‍ക്കാരുകള്‍ ഗൗരവതരമായി കണ്ടില്ലെന്ന വിമര്‍ശനം തള്ളാന്‍ കഴിയില്ല. മുന്‍കരുതലുകളും ആസൂത്രണവും വേണ്ട രൂപത്തില്‍ ഉണ്ടായില്ലെന്നത് സത്യമാണ്. കൊവിഡ് ചികില്‍സയില്‍ ഓക്‌സിജനും വെന്റിലേറ്ററുകളും ആണ് ഏറ്റവും അത്യാവശ്യം എന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം ഭരണകൂടങ്ങള്‍ വേണ്ടത്ര ഗൗനിച്ചില്ല. തിരഞ്ഞെടുപ്പിന്റെ പേരില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതില്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ മുന്നില്‍ നിന്നു. നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനവും ഈ മഹാമാരിയില്‍ ദുരന്തഭൂമിയായി മാറിക്കൂടാ. എല്ലാവര്‍ക്കും ഓക്‌സിജനും മരുന്നും ഭക്ഷ്യവസ്തുക്കളും ലഭ്യമാക്കണം.

വാക്‌സിനുകള്‍ വില്‍പ്പന നടത്തി കമ്പനികള്‍ക്ക് ലാഭം കൊയ്യാനുള്ള അവസരമായി ദുരുപയോഗപ്പെടുത്തരുത്. തുടര്‍ച്ചയായ ദുരിതങ്ങളില്‍ പ്രയാസപ്പെടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിന് വില കൊടുക്കേണ്ടിവരുന്നത് വലിയ തിരിച്ചടിയാണ്. സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറച്ച തീരുമാനത്തെ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാറിനെ സഹായിക്കാന്‍ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തുകൊണ്ട് ദരിദ്രമനുഷ്യരുടെ വാക്‌സിന്‍ ചെലവ് ഏറ്റെടുക്കാന്‍ സന്നദ്ധമാവണമെന്നും കാന്തപുരം അഭ്യര്‍ത്ഥിച്ചു.

Denial of breath is cruel; Kanthapuram


Next Story

RELATED STORIES

Share it