Latest News

എക്‌സ്‌പോ 2020: ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കാന്‍ യുഎഇ- കെഎംസിസി

എക്‌സ്‌പോ 2020: ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിക്കാന്‍ യുഎഇ- കെഎംസിസി
X

ദുബയ്: ദുബയ്‌യുടെ ലോക അഭിമാന മേളയായ എക്‌സ്‌പോ 2020യുടെ അരങ്ങുകള്‍ ഉണരാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ, എക്‌സ്‌പോയില്‍ വന്‍ പ്രവാസി സാന്നിധ്യം ഒരുക്കി യുഎഇ നാഷണല്‍ കെഎംസിസിയും. ഇതു സംബന്ധിച്ച് എക്‌സ്‌പോ അധികൃതരുമായും ഇന്ത്യന്‍ കോണ്‍സുലറ്റുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ അറിയിച്ചു.

നവംബര്‍ 5ന് വൈകുന്നേരം 8 മുതല്‍ 10 വരെ ഇന്ത്യന്‍ പവലിയനിലെ ആംഫി തിയേറ്ററില്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ തനത് ആയോധന കലകളായ വാള്‍പയറ്റ്, ഉറുമി, ചുരിക തുടങ്ങിയവയുടെ കലാപ്രകടനം അവതരിപ്പിക്കും. ഡിസംബര്‍ 3ന് വൈകുന്നേരം 6നും 9നും ഇടയില്‍ 'കേരളീയം' എന്ന പേരില്‍ കേരളത്തിന്റെ ജനപ്രിയ നാട്യ കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, കോല്‍ക്കളി, മാര്‍ഗംകളി, തിരുവാതിര, അറവന, ഒപ്പന തുടങ്ങിയവ ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

മാര്‍ച്ച് 11ന്, 7നും 10നുമിടയില്‍ എക്‌സ്‌പോയിലെ ഏറ്റവും വലിയ വേദിയായ ദുബയ്‌ മില്ലേനിയം ആംഫി തിയേറ്ററില്‍ ഇന്‍ഡോ-അറബ് സംസ്‌ക്കാരങ്ങളുടെ സമന്വയ പ്രതീകമായി 'സലാം ദുബയ്'എന്ന പേരില്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ദുബയ് സര്‍ക്കാരിന്റെ കൊവിഡ്കാല ആരോഗ്യ പ്രവര്‍ത്തങ്ങള്‍ക്കുള്ള ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ ഒരു നന്ദി രേഖപ്പെടുത്തലായി ഇത് മാറും. ഇന്ത്യയിലെയും, യുഎഇയിലേയും പ്രമുഖ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചടങ്ങുകളായിരിക്കും ഇവ.

യുഎഇയില്‍ ഏറ്റവുമധികം അംഗങ്ങളുള്ള സാമൂഹിക പ്രസ്ഥാനം എന്ന നിലയില്‍ കെഎംസിസിക്കു ലഭിച്ച ഈ അവസരം യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കൂടിയുള്ള അംഗീകാരമാണ് പ്രവാസികള്‍ കാണുന്നത്. ഇന്ത്യന്‍ പവലിയനുകള്‍ ഒരുക്കുന്ന വിസ്മയലോകങ്ങള്‍ക്കു പുറമേയാണ് കേരളത്തിന്റെ കലയും സംസ്‌കൃതിയും പ്രദര്‍ശിപ്പിക്കുന്ന പ്രകടനങ്ങള്‍ കെഎംസിസി ഒരുക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയായ എക്‌സ്‌പോ 2020 ദുബയിക്ക് പുത്തനുണര്‍വേകുമെന്നും കെഎംസിസിക്കും ഈ നവലോക സൃഷ്ടിമേളയില്‍ ഇന്ത്യക്കാരായ 200ല്‍പ്പരം കലാ കായിക പ്രതിഭകളെ അണിനിരത്തി വന്‍ മുന്നേറ്റത്തിന്റെ ഭാഗമാവാന്‍ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നും യുഎഇ കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി. കെ. അന്‍വര്‍ നഹ പറഞ്ഞു.

എക്‌സ്‌പോ 2020 ലോകത്തിലെ ഏറ്റവും വലിയ സാംസ്‌കാരിക വിജ്ഞാന കൈമാറ്റത്തിനാണ് അവസരമൊരുക്കുക. കൊവിഡ്19ന്റെ മാന്ദ്യ കാലഘട്ടത്തിനു ശേഷമുള്ള സാമ്പത്തിക, വികസന, സാംസ്‌കാരിക അരങ്ങുകളില്‍ ഏറ്റവും വലിയ ഉദ്യമത്തിന് ആതിഥേയത്വം ഒരുക്കുന്ന ദുബയ് ഭരണകൂടത്തോടൊപ്പം കൈകോര്‍ക്കാനായതില്‍ കെഎംസിസി അഭിമാനിക്കുന്നതായി നേതാക്കള്‍ പ്രസ്താവിച്ചു. മുഖ്യരക്ഷാധികാരി ശംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, ട്രഷറര്‍ നിസാര്‍ തളങ്കര, വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി വന്‍ സന്നാഹങ്ങളാണ് അണിയറയില്‍ ഒരുക്കുന്നത്.

Next Story

RELATED STORIES

Share it