Latest News

ഫെറാന്‍ ; കശ്മീരികളുടെ ഉള്ളിലെരിയുന്ന നെരിപ്പോട്

ഫെറാന്റെ അകത്ത് ചൂരലില്‍ മെടഞ്ഞ കൊണ്ടുനടക്കാവുന്ന നെരിപ്പോടുണ്ടാകും. അതാണ് കാങ്ഗ്രി.

ഫെറാന്‍ ; കശ്മീരികളുടെ ഉള്ളിലെരിയുന്ന നെരിപ്പോട്
X
ശ്രീനഗര്‍: മഞ്ഞുകാലത്ത് കശ്മീരില്‍ പുരുഷന്‍മാരെല്ലാം ഗര്‍ഭമുള്ളവരെപ്പോലെയാണ്. നിറവയറുമായി നടക്കുന്നവര്‍. നിറവയറുള്ള കച്ചവടക്കാര്‍ , കാബ് ട്രൈവര്‍മാര്‍, കുട്ടികള്‍. എല്ലാവരും പൂര്‍ണ ഗര്‍ഭമുള്ളവരെപ്പോലെ. നീണ്ട കുപ്പായമായ ഫെറാനുള്ളില്‍ അവര്‍ അതിശൈത്യത്തെ പ്രതിരോധിക്കുകയാണ്. വര്‍ണ്ണശബളമായ ഫെറാന്‍ അണിഞ്ഞ സ്ത്രീകളെല്ലാവരും ഗര്‍ഭിണികളെപ്പോലെയാണ്. നിയവയറുമായി നടക്കുന്നവരാണ് എല്ലാവരും. ഫെറാനും അതിനകത്തുള്ള കാങ്്ഗ്രിയുമാണ് അതിശൈത്യത്തിലെ ഈ രൂപമാറ്റത്തിനു കാരണമാകുന്നത്.


അതിശൈത്യ പ്രദേശങ്ങളില്‍ ഫെറാന്‍ എന്ന വലിയ കുപ്പായമാണ് എല്ലാവരും ധരിക്കുന്നത്. പൊതുവെ ചാരനിറവും കറുപ്പു കലര്‍ന്ന തവിട്ടു നിറവുമാണ് ഫെറാന്. ചിലരുടേത് ചാരനിറത്തില്‍ കറുത്ത കള്ളികളോട് കൂടിയത്. കുപ്പായത്തിന്റെ കൈകള്‍ ഇരു വശത്തും വെറുതെ തൂങ്ങിക്കിടക്കും. ഫെറാന്‍ ധരിച്ചവര്‍ അവരുടെ കൈകള്‍ വസ്ത്രത്തിന്റെ കൈകളിലിടാതെ ഉള്ളില്‍ തന്നെ സൂക്ഷിക്കുന്നു. ഫെറാന്റെ അകത്ത് ചൂരലില്‍ മെടഞ്ഞ കൊണ്ടുനടക്കാവുന്ന നെരിപ്പോടുണ്ടാകും. അതാണ് കാങ്്ഗ്രി.


ചൂരല്‍, കനം കുറച്ച് പാളികളാക്കി നിറം കൊടുത്ത് മെടഞ്ഞുണ്ടാക്കുന്ന കുട്ടയാണ് കാങ്ഗ്രി. മെടയുമ്പോള്‍ തന്നെ തീയില്‍ ചുട്ടെടുത്ത ഒരു മണ്‍ചട്ടി അതിനുള്ളില്‍ വെക്കുന്നു. ഈ മണ്‍ചട്ടിയില്‍ കല്‍ക്കരിയിട്ട് തീ പിടിപ്പിച്ച് അതിനു മുകളില്‍ ചാരം വിതറും. കനലൊളിപ്പിച്ച നെരിപ്പോട് ഫെറാനുള്ളില്‍ വെച്ചാണ് കശ്മീരികളുടെ ശൈത്യകാല ജീവിതം. കാങ്്ഗ്രിയിലെ ചാരം ഇടക്ക് ഇളക്കിക്കൊടുക്കാന്‍ ചെറിയ ചട്ടുകം പോലെ ഒന്ന് തൂക്കിയിട്ടിട്ടുണ്ടാവും.


ഉള്ളിലൊളിപ്പിച്ച നെരിപ്പോടിന്റെ സുഖകരമായ ചൂടു കൊണ്ടാണ് കശ്മീരികള്‍ മഞ്ഞുകാലത്തെ അതിജീവിക്കുന്നത്. സോനാ മാര്‍ഗിലേക്കുള്ള വഴികളിലും ഗുല്‍മാര്‍ഗിലും എല്ലാം മനുഷ്യര്‍ സ്വയം നെരിപ്പോടായി തന്നെയാണ് ജീവിതം സാധ്യമാക്കുന്നത്.




Next Story

RELATED STORIES

Share it