Latest News

ഡോക്ടര്‍മാരെ അപമാനിച്ചിട്ടില്ല, പൊതുമുതല്‍ നശിപ്പിച്ചത് ചൂണ്ടിക്കാട്ടി; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗണേഷ് കുമാര്‍

തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി സന്ദര്‍ശിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു

ഡോക്ടര്‍മാരെ അപമാനിച്ചിട്ടില്ല, പൊതുമുതല്‍ നശിപ്പിച്ചത് ചൂണ്ടിക്കാട്ടി; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഗണേഷ് കുമാര്‍
X

കൊല്ലം: തലവൂരില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി വിമര്‍ശനമുന്നയിച്ച വിഷയത്തില്‍ ഡോക്ടര്‍മാരുടെ ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. തെറ്റായതൊന്നും താന്‍ പറഞ്ഞിട്ടില്ല. ഡോക്ടര്‍മാരെ അപമാനിച്ചിട്ടില്ല, അവരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മൂന്ന് കോടി രൂപ മുതല്‍മുടക്കി നിര്‍മ്മിച്ച ആശുപത്രിയിലെ പൊതുമുതല്‍ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടിയതാണെന്നും ഗണേഷ് പ്രതികരിച്ചു.

പരാതി നല്‍കിയാലും കേസ് കൊടുത്താലുമൊന്നും പ്രശ്‌നമല്ല. അതെല്ലാം അവരുടെ അവകാശമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂരെ ആശുപത്രി കെട്ടിടം സന്ദര്‍ശിച്ച എംഎല്‍എ കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് തൂക്കുകയും ഫിസിയോ തെറാപ്പി മെഷീന്‍ പൊടിപിടിച്ചതില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരും വേണം. അത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷനും, കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും പ്രതികരിച്ചിരുന്നു. 1960ല്‍ വകുപ്പ് സ്ഥാപിച്ചപ്പോഴത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും പിന്തുടരുന്നത്. 40 കിടക്കകളുളള ആശുപത്രിയില്‍ ഒരേയൊരു സ്വീപ്പര്‍ തസ്തികയാണുളളത്. എഴുപത് വയസുളള ഇയാള്‍ വിരമിച്ചതോടെ ഈ ഒഴിവ് നികത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പുതിയ ഫിസിയോതെറാപ്പി മെഷീന്‍ ജീവനക്കാരില്ലാതെ എങ്ങനെ പ്രവര്‍ത്തിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. എന്നിട്ടും അത്യാവശ്യം ഡോക്ടര്‍മാര്‍ അത് ഉപയോഗിക്കുന്നതായും അവര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത ടൈല്‍സ് ശുചിമുറിയിലിട്ട് അതിളകിയാല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അമ്പിളികുമാരിയാണോ കുറ്റക്കാരിയെന്നും സംഘടന ചോദിച്ചു.

മൂന്നരക്കോടി രൂപ ചിലവിലാണ് പുതിയ ആശുപത്രി കെട്ടിടം പണികഴിപ്പിച്ചത്.

Next Story

RELATED STORIES

Share it