Latest News

ഹിജാബ് നിരോധനം: സാമൂഹികവിഭജനത്തിന് കാരണമാവുന്നുവെന്ന് പിയുസിഎല്‍ റിപോര്‍ട്ട്

ഹിജാബ് നിരോധനം: സാമൂഹികവിഭജനത്തിന് കാരണമാവുന്നുവെന്ന് പിയുസിഎല്‍ റിപോര്‍ട്ട്
X

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ ഹിജാബ് നിരോധനം വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്കിടയില്‍ സാമൂഹിക വിഭജനം സൃഷ്ടിക്കുന്നുണ്ടെന്ന് പിയുസിഎല്‍ പഠനറിപോര്‍ട്ട്. നിരോധനം മുസ് ലിംപെണ്‍കുട്ടികളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുണ്ടൈന്നും വിദ്യാഭ്യാസപരമായ അധഃപതനത്തിന് കാരണമായേക്കുമെന്നും പഠനത്തില്‍ പറയുന്നു.

നിരോധനം മൂലം ചില കുട്ടികള്‍ മുസ് ലിംമാനേജ്‌മെന്റ് സ്‌കൂളുകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരായി. അതുവഴി മറ്റ് സമുദായങ്ങളിലെ വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം പരിമിതമായി. പിയുസിഎല്ലുമായി സംവദിച്ച ചില കുട്ടികള്‍ ഇക്കാര്യം തുറന്നുപറഞ്ഞു. ഈ അനുഭവം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആഴത്തിലുള്ള ഒറ്റപ്പെടലിനും വിഷാദത്തിനും ഇടയാക്കിയിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.

മുസ് ലിം സ്ത്രീകള്‍ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നത് ഇസ് ലാമിക വിശ്വാസമനുസരിച്ച് അവശ്യമായ ആചാരമല്ലെന്നാണ് കോടതി ഉത്തരവിട്ടത്. അതുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഹിജാബ് ധരിക്കുന്നവര്‍ക്ക് ലഭിക്കില്ല. വസ്ത്രം ധരിക്കാനുള്ള അവകാശത്തില്‍ 'വസ്ത്രം അഴിക്കാനുള്ള അവകാശം' കൂടി ഉള്‍പ്പെടുത്തുമോ എന്ന് സുപ്രിംകോടതി ഹിജാബ് ഹരജികള്‍ പരിഗണിക്കുന്നതിനിടയില്‍ ചോദിച്ചിരുന്നു. മറ്റൊരു ഹിയറിംഗില്‍, ഹിജാബ് നിരോധനത്തെ സിഖ് മതത്തിലെ തലപ്പാവ് ധരിക്കുന്നതുമായി ബന്ധപ്പെടുത്താനാവില്ലെന്നും അവ തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത നിരീക്ഷിച്ചു.

സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ഹൈക്കോടതിയുടെ വിധിയിലൂടെ നിരാകരിക്കപ്പെട്ടതായി റിപ്പോര്‍ട്ട് പറയുന്നു. മതപരമായല്ലാതെത്തന്നെ തല മറയ്ക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി സ്ത്രീകള്‍ ഉണ്ട്. തലമറയ്ക്കുന്നത് ചിലര്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നു. ഹിജാബ് നിരോധിക്കുക വഴി മുസ് ലിം സ്ത്രീയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഏജന്‍സിയും ഇല്ലാതായി. ശിരോവസ്ത്രം ഇന്ത്യയില്‍ തൊഴില്‍പരമായ വിവേചനത്തിന് കാരണമായതായും റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

ഹാസന്‍, മംഗലാപുരം, ഹൂഡ്, ഉഡുപ്പി ടൗണ്‍, റായ്ച്ചൂര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തിയപ്പോള്‍ നിരവധി സ്ത്രീകള്‍ ഹിജാബ് നിരോധനത്തിനുശേഷമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ചു. കോളേജ് അധികാരികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ലോക്കല്‍ പോലിസ്, മുസ് ലിം സിവില്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരുമായും സംഘം സംസാരിച്ചു.

'ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും അത് ധരിക്കാനും ആധുനിക വിദ്യാഭ്യാസം നേടാനും മുസ് ലിംപെണ്‍കുട്ടികള്‍ക്ക് അവകാശമുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. ഹിജാബ് ധരിക്കാനുള്ള അവകാശം അവരുടെ തീരുമാനമെടുക്കാനുള്ള അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നതായി അവര്‍ കരുതുന്നു.

ഹിജാബ് നിരോധനം നിരവധി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍നിന്ന് മറ്റു സ്ഥാപനങ്ങളിലേക്ക് മാറാന്‍ തടസ്സമില്ലെങ്കിലും അതുണ്ടാക്കുന്ന അധികച്ചെലവ് പലര്‍ക്കും താങ്ങാനാവുന്നില്ല. ഇടക്കാല ഉത്തരവ് വന്ന അടുത്ത ദിവസം ഒരു പകല്‍ മുഴുവന്‍ സ്‌കൂള്‍ പടിക്കു പുറത്ത് നില്‍ക്കേണ്ടിവന്ന വിദ്യാര്‍ത്ഥികളെ കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്ന് റായ്ച്ചൂരിലെ വിദ്യാര്‍ത്ഥികള്‍ മൊഴിനല്‍കി.

തന്റെ ഇന്റേണല്‍ മാര്‍ക്ക് ഹിജാബ് നിരോധനം നഷ്ടപ്പെടുത്തിയെന്ന് മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു. ഹിജാബുമായി പ്രവേശനം അനുവദിക്കാത്തുകൊണ്ട് പല പരീക്ഷകളും ഒഴിവാക്കേണ്ടിവന്നു.

മുസ് ലിംപെണ്‍കുട്ടികള്‍ക്കെതിരേ കടുത്ത ശത്രുത രൂപപ്പെടുന്നുണ്ടെന്ന് പിയുസിഎല്‍ നിരീക്ഷിച്ചു. ഹിജാബ് ധരിച്ച ചില സ്ത്രീകള്‍ക്ക് കോടതി വളപ്പിലേക്കുള്ള പ്രവേശനം തടഞ്ഞു. കാമ്പസിലെ മുസ് ലിം പ്രൊഫസര്‍മാര്‍പോലും വിദ്യാര്‍ത്ഥികളെ പിന്തുണച്ചില്ലെന്ന് ദക്ഷിണ കന്നഡ ജില്ലയിലെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞതായി റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it