Latest News

എച്ച്എല്‍എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം; കേരളം ലേലത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പി രാജീവ്

ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കത്തയച്ചിരുന്നു

എച്ച്എല്‍എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം; കേരളം ലേലത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പി രാജീവ്
X

തിരുവനന്തപുരം: എച്ച്എല്‍എല്‍ ലേലത്തില്‍ കേരളത്തിന് പങ്കെടുക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്. എച്ച് എല്‍എല്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ നീക്കം. കേന്ദ്രം ഉന്നയിക്കുന്ന തടസവാദം നിയമപരമായി നിലനില്‍ക്കില്ല. േ

ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള തടസം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ല. കേരളം ലേലത്തില്‍ പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

നേരത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുമതിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ കേരളം ആദ്യം എതിര്‍പ്പ് അറിയിച്ചിരുന്നു.

എച്ച്എല്‍എല്‍ ലൈഫ് കെയര്‍ 5375 കോടി വിറ്റുവരവുള്ള, പിന്നിട്ട വര്‍ഷം 145 കോടി ലാഭം നേടിയ പൊതുമേഖലാ സ്ഥാപനമാണ്. ഈ വര്‍ഷം ഇതുവരെ ലാഭം 500 കോടി പിന്നിട്ടു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പനക്ക് വച്ച പട്ടികയില്‍ എച്ച്എല്‍എല്ലിനെയും ഉള്‍പ്പെടുത്തിയതോടെയാണ് കേരള സര്‍ക്കാര്‍ ഏറ്റെടുക്കാനുളള സാധ്യത തേടിയത്. കെഎസ്‌ഐടിസിയെ ഇതിനായി ചുമതലപ്പെടുത്തി. എന്നാല്‍ ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ മറുപടി.

സര്‍ക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 2002ല്‍ ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയത്തിന്റ് തീരുമാനം അറിയിച്ചാണ് തടസവാദം. ഇതോടെ സംസ്ഥാന സര്‍ക്കാരിന് പുതിയ വഴികള്‍ തേടേണ്ടി വരും. കേന്ദ്രമന്ത്രി സഭയുടെ സാമ്പത്തിക കാര്യസമിതി തീരുമാനം മാറ്റുകയാണ് കേരളത്തിനുള്ള പോംവഴി. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ എച്ച്എല്‍എല്ലിന്റെ ആസ്ഥാനവും നാല് ഫാക്ടറികളും കേരളത്തിലാണ്. 1969ല്‍ തുടങ്ങിയ സ്ഥാപനത്തിന് പൊതുതാത്പര്യ കണക്കിലെടുത്ത് ഒരു രൂപ വാങ്ങിയാണ് 19 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്.

Next Story

RELATED STORIES

Share it