Latest News

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ ഉടന്‍ വിതരണം ചെയ്യുക: എന്‍ കെ റഷീദ് ഉമരി

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ ഉടന്‍ വിതരണം ചെയ്യുക: എന്‍ കെ റഷീദ് ഉമരി
X

കോഴിക്കോട്: മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ വിതരണം ഉടന്‍ പുനസ്ഥാപിക്കണമെന്ന് എസ് ഡിപിഐ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് അനുവദിക്കപ്പെട്ട സബ്‌സിഡി മണ്ണെണ്ണ വിതരണം കഴിഞ്ഞ ആറുമാസമായി സര്‍ക്കാര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കരിഞ്ചന്തയില്‍ വലിയ വില നല്‍കി എണ്ണ വാങ്ങി മല്‍സ്യബന്ധനം അസാധ്യമാണെന്നതിനാല്‍ കുടുംബങ്ങള്‍ പട്ടിണിയാവുന്ന അവസ്ഥയിലാണ് മല്‍സ്യത്തൊഴിലാളികള്‍. ഇങ്ങനെ കിട്ടുന്ന എണ്ണയില്‍ വ്യാപകമായി മായം ചേര്‍ക്കപ്പെടുന്നതിനാല്‍ എന്‍ജിന്‍ വേഗം കേടാവുകയും ചെയ്യും.

ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഉപയോഗിക്കുന്ന തോണികള്‍ക്ക് മണ്ണെണ്ണ ലഭിച്ചില്ലെങ്കില്‍ കടലില്‍ പോവാനും സാധിക്കില്ല. മല്‍സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളത്തിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത് നാമമാത്രമായ ക്വാട്ട സബ്‌സിഡി മണ്ണെണ്ണ മാത്രമാണ്. ഈ സബ്‌സിഡിയാവട്ടെ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുമില്ല.

തമിഴ്‌നാട്ടിലും കര്‍ണാടകയിലും സബ്‌സിഡി ഇനത്തില്‍ കൂടുതല്‍ എണ്ണ ലഭിക്കുമ്പോഴാണ് നാമമാത്രമായ ക്വാട്ട പോലും കേരളത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത്. നിര്‍ത്തിവച്ച മണ്ണെണ്ണ വിതരണം ഉടന്‍ പുനസ്ഥാപിക്കണമെന്നു മാത്രമല്ല, സബ്‌സിഡിയും മണ്ണെണ്ണയുടെ ക്വാട്ടയും വര്‍ധിപ്പിച്ച് മല്‍സ്യത്തൊഴിലാളികളുടെ ദുരിതത്തിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it