Latest News

തോമസിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ച തരൂരിനോടുള്ള അനീതിയാകും: കെ മുരളീധരന്‍

കെകെ ശൈലജയേയും തോമസ് ഐസക്കിനേയും ജി സുധാകരനേയും വഴിയാധാരമാക്കിയ പിണറായി വിജയനാണ് കെവി തോമസിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നത്

തോമസിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ പാര്‍ട്ടി തീരുമാനം അംഗീകരിച്ച തരൂരിനോടുള്ള അനീതിയാകും: കെ മുരളീധരന്‍
X

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശം ലംഘിച്ച് കെവി തോമസ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത് തെറ്റെന്ന് കെ മുരളീധരന്‍ എംപി. കെവി തോമസിന്റേത് ഗുരുതര അച്ചടക്ക ലംഘനമാണ്. സിപിഎമ്മിന്റെ വേദിയിലെത്തിയ അദ്ദേഹം പിണറായി സ്തുതി നടത്തി. പാര്‍ട്ടി ശത്രുവിനെയാണ് പുകഴ്ത്തിയത്. ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിലക്ക് ലംഘിച്ചതിന് നടപടിയുണ്ടാകും. ഇല്ലെങ്കില്‍ സെമിനാറില്‍ പങ്കെടുക്കരുതെന്ന പാര്‍ട്ടി തീരുമാനത്തെ അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ ഹൈക്കമാന്‍ഡ് അംഗീകരിക്കും. കോണ്‍ഗ്രസില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ലെന്ന തോന്നലാവാം കെവി തോമസിന്റെ നീക്കത്തിന് പിന്നില്‍. കെകെ ശൈലജയേയും തോമസ് ഐസക്കിനേയും ജി സുധാകരനേയും വഴിയാധാരമാക്കിയ പിണറായി വിജയനാണ് കെവി തോമസിനെ സംരക്ഷിക്കാന്‍ ഒരുങ്ങുന്നതെന്നും കെ മുരളീധരന്‍ പരിഹസിച്ചു. കെവി തോമസ് ഒരു വര്‍ഷമായി സിപിഎമ്മുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന എഐസിസി പ്രസിഡന്റിനയച്ച കത്തിലെ കെ സുധാകരന്റെ പ്രസ്താവനയോട് തനിക്ക് അത്തരം ചര്‍ച്ചകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

അതേസമയം, കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്‍കിയ ശുപാര്‍ശ എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറും. എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതിയാണ് നടപടി തീരുമാനിക്കുക. എന്നാല്‍, നടപടി ഉടന്‍ വേണമെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍.

കെവി തോമസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസിയുടെ ശുപാര്‍ശ കത്ത് ഇന്നലെ പ്രസിഡന്റ് കെ സുധാകരന്‍ കൈമാറിയിരുന്നു. കെവി തോമസ് കഴിഞ്ഞ ഒരു വര്‍ഷമായി സിപിഎം നേതാക്കളുമായി ചര്‍ച്ചയിലാണെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള തീരുമാനം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും കത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിക്ക് വിരുദ്ധമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. കര്‍ശന നടപടി കെ വി തോമസിനെതിരെ സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായും കെ സുധാകരന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Next Story

RELATED STORIES

Share it