Latest News

ജുഡീഷ്യല്‍ അന്വേഷണം വേണം; മുഖ്യമന്ത്രി നടപടിയെടുക്കാത്തത് വനം മാഫിയയുമായി ബന്ധമുള്ളതിനാലെന്നും കെ സുധാകരന്‍

വനം മാഫിയേയും കള്ളക്കടത്ത് ലോബിയേയും സഹായിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരംതാണു. ഇത് കേരളത്തിന് അപമാനമാണ്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണ്.

ജുഡീഷ്യല്‍ അന്വേഷണം വേണം; മുഖ്യമന്ത്രി നടപടിയെടുക്കാത്തത് വനം മാഫിയയുമായി ബന്ധമുള്ളതിനാലെന്നും കെ സുധാകരന്‍
X

തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ളക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ എന്‍ ടി സാജനെതിരെ വനം വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയ റിപോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ സംരക്ഷിച്ചതിന് പിന്നില്‍ വനം മാഫിയയും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

ഗൗരവമായ നടപടി സ്വീകരിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥനെ അന്വേഷണ ഘട്ടത്തില്‍ മാറ്റിനിര്‍ത്തണമെന്ന ശുപാര്‍ശയോടെ അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍ 18 പേജുള്ള അന്വേഷണ റിപോര്‍ട്ട് ജൂണ്‍ 29നാണ് സമര്‍പ്പിക്കുന്നത്. അന്വേഷണ റിപോര്‍ട്ട് ലഭിച്ച് രണ്ടുമാസം പിന്നിടുമ്പോഴും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി സംശയകരമാണ്.

അഴിമതിക്കാരെ സംരക്ഷിക്കാനും ഉന്നതരുടെ പേരുകള്‍ പുറത്തുവരാതിരിക്കാനും കേസ് ഒത്തുതീര്‍പ്പാക്കാനുമാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രം ഗൗരവമില്ലെന്നാണ് വനം മന്ത്രി അന്വേഷണ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിച്ചത്. റിപോര്‍ട്ട് പരിഗണിച്ച മുഖ്യമന്ത്രി നടപടി ഒന്നും വേണ്ടെന്ന നിര്‍ദ്ദേശമാണ് നല്‍കിയത്. വീണ്ടും അന്വേഷണം നടത്തണം എന്ന വിശദീകരണത്തോടെ ഫയല്‍ മടക്കുകയും ചെയ്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ കുടുക്കാന്‍ ശ്രമിച്ച വനം കണ്‍സര്‍വേറ്റര്‍ സാജനെതിരായ നടപടി മുഖ്യമന്ത്രി ഒരു സ്ഥലംമാറ്റത്തില്‍ ഒതുക്കുകയും ചെയ്തു.

മുട്ടില്‍ മരം മുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ നിര്‍ണ്ണായക തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. മരംമുറിക്കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും എന്‍ ടി സാജനും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടത്തിയ ഫോണ്‍വിളി രേഖകള്‍ പരിശോധിച്ചാല്‍ അഡിഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗൂഢാലോചനയുടെ യഥാര്‍ത്ഥ ചിത്രം കൂടുതല്‍ വ്യക്തമാകും.

മുട്ടില്‍ മരം മുറിക്കേസിന്റെ ശ്രദ്ധതിരിക്കാനും മരംമുറി കണ്ടെത്തിയ സത്യസന്ധനായ ഉദ്യോഗസ്ഥനെ കുടുക്കാനും മറ്റൊരു വ്യാജക്കേസ് ഉണ്ടാക്കിയതിനെ സംബന്ധിച്ച് വ്യക്തമായി അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും അത് മുഖവിലയ്ക്ക് എടുക്കാന്‍ എന്തുക്കൊണ്ട് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി കേരളീയ സമൂഹത്തോട് വിശദീകരിക്കണം. മുട്ടില്‍ മരം മുറിയുടെ പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നെന്ന് വേണം കരുതാന്‍.വനം മാഫിയേയും കള്ളക്കടത്ത് ലോബിയേയും സഹായിക്കുന്ന നിലയിലേക്ക് മുഖ്യമന്ത്രി തരംതാണു.ഇത് കേരളത്തിന് അപമാനമാണ്. മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ക്രൈംബ്രാഞ്ച അന്വേഷണം വെറും പ്രഹസനമാണ്. സ്വതന്ത്രമായ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ സാധിക്കൂയെന്നും സുധാകരന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it