Latest News

വിലാപയാത്ര തലശ്ശേരിയിലേയ്ക്ക്; കോടിയേരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വന്‍ ജനാവലി

വിലാപയാത്ര തലശ്ശേരിയിലേയ്ക്ക്; കോടിയേരിക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ വന്‍ ജനാവലി
X

കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം വഹിച്ചുള്ള വിലാപ യാത്ര ആരംഭിച്ചു. മൃതദേഹം വിലാപയാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലാണ് എത്തിക്കുക. കോടിയേരിയെ അവസാനമായി കാണാന്‍ വന്‍ ജനപ്രവാഹമാണ് റോഡിന് ഇരുവശവും നിറഞ്ഞിരിക്കുന്നത്. ജനങ്ങള്‍ക്ക് ആദരമര്‍പ്പിക്കാന്‍ അവസരമൊരുക്കുന്നതിനായി 14 കേന്ദ്രങ്ങളില്‍ വാഹനം നിര്‍ത്തും.

കണ്ണൂര്‍ ജില്ലയില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജില്ലയിലുള്ളവര്‍ പയ്യാമ്പലത്തേക്ക് വരരുതെന്നും മട്ടന്നൂര്‍ മുതല്‍ തലശ്ശേരി വരെ 14 കേന്ദ്രങ്ങളില്‍ വിലാപയാത്ര നിര്‍ത്തുമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. മൃതദേഹം തുറന്ന വാഹനത്തില്‍ വിലാപ യാത്രയായി തലശ്ശേരി ടൗണ്‍ ഹാളിലേക്കാണ് കൊണ്ടുപോവുക.

മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തുക. തുടര്‍ന്ന് ഇന്ന് മുഴുവന്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനമുണ്ടാവും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കണ്ണൂരിലെത്തിയിരുന്നു.

Next Story

RELATED STORIES

Share it