Latest News

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു
X

തിരുവനന്തപുരം: വ്യാഴാഴ്ച കൊച്ചിയില്‍ ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ചികില്‍സയിലായതിനാലാണ് യോഗം മാറ്റിവച്ചതെന്നാണ് വിശദീകരണം. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചിരുന്നത്. കോണ്‍ഗ്രസിനുള്ളിലും യുഡിഎഫ് ഘടകകക്ഷികള്‍ക്കുള്ളിലും സുധാകരന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതി അടിയന്തരമായി യോഗം ചേരാന്‍ തീരുമാനിച്ചിരുന്നത്.

പരാമര്‍ശങ്ങള്‍ക്കെതിരേ മുസ്‌ലിം ലീഗ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇന്ന് നടക്കുന്ന ലീഗ് ഉന്നതാധികാരസമിതി യോഗം വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയുമാണ്. അതിനിടെ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ സന്നദ്ധതയറിച്ച് കെ സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന റിപോര്‍ട്ടുകളും പുറത്തുവന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്. കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോവുന്നില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയും സഹകരണവും തനിക്ക് കിട്ടുന്നില്ലെന്നും സുധാകരന്‍ കത്തില്‍ പറയുന്നു.

രണ്ടുദിവസം മുമ്പ് അയച്ച കത്തിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ആര്‍എസ്എസ് പരാമര്‍ശത്തിന്റെ പേരില്‍ സുധാകരന്‍ പാര്‍ട്ടിക്കുള്ളിലും യുഡിഎഫിനുള്ളിലും ഒറ്റപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സുധാകരനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. തനിക്ക് സംഭവിച്ചത് നാക്കുപിഴ മാത്രമാണെന്നാണ് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. ഇക്കാര്യം നേതാക്കള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് കത്തയച്ചതെന്നാണ് വിവരം.

തന്റെ പ്രസ്താവന യുഡിഎഫില്‍ സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം നടത്തിവരികയാണ് സുധാകരനെന്നാണ് റിപോര്‍ട്ടുകള്‍. ഘടകകക്ഷി നേതാക്കളെ നേരില്‍ കണ്ട് ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍, നേരില്‍ കാണണമെന്ന സുധാകരന്റെ ആവശ്യം ലീഗ് അംഗീകരിച്ചിട്ടില്ല. ആദ്യം ഭാരവാഹി യോഗം കഴിയട്ടെ. നേരില്‍ കണ്ട് സംസാരിക്കുന്നതിനെക്കുറിച്ച് അതിനുശേഷം ആലോചിക്കാമെന്ന നിലപാടിലാണ് ലീഗ്.

Next Story

RELATED STORIES

Share it