Latest News

ഇന്നും അടുപ്പൂതി കത്തിച്ച് മൈഥിലി ചായയിടുന്നു

ഇന്നും അടുപ്പൂതി കത്തിച്ച് മൈഥിലി ചായയിടുന്നു
X

മാള: നിത്യേന അതിരാവിലെ മൈഥിലി തന്റെ കടയിലെ വിറകടുപ്പ് കത്തിച്ച് തന്റെ കടയിലെത്തുന്നവര്‍ക്ക് ചായ കൊടുക്കാനൊരുങ്ങുകയാണ്. അടുപ്പൂതി കത്തിച്ച ശേഷം ഉഗ്രന്‍ ചായയാണ് മൈഥിലിയുടെ കൈകൊണ്ടുണ്ടാക്കുന്നത്. ഇപ്പോഴും വിറകടുപ്പില്‍ ആണ് മൈഥിലി തന്റെ കടയില്‍ വില്‍ക്കുന്ന ചായയും മറ്റും ഉണ്ടാക്കുന്നത്.

തുണി അരിപ്പയിലെ തേയില മുങ്ങുന്ന തരത്തില്‍ തിളപ്പിച്ച വെള്ളം പകരും. ഈ കൈപ്പാട്ടയില്‍ നിന്നാണ് പാലും പഞ്ചസാരയും ഇട്ട ഗ്ലാസ്സിലേക്ക് ചായയൊഴിക്കുന്നത്. പഞ്ചസാര ഇളക്കി ഗ്ലാസ്സില്‍ നിന്ന് കൈപ്പാട്ടയിലേക്ക് കൈപ്പൊക്കത്തിലാണ് ആറ്റിയെടുക്കുന്നത്. മൂന്ന് പതിറ്റാണ്ടു മുന്‍പ് ഭര്‍ത്താവിനൊപ്പം ചായ അടിക്കാന്‍ തുടങ്ങിയതാണ് മൈഥിലി. ചായ കുടിക്കാനെത്തുന്നവര്‍ക്കും മാറ്റമില്ല. രാവിലെ ആറിന് തുടങ്ങുന്ന ശീലത്തില്‍ ഒപ്പമുള്ളത് ചായ കുടിക്കാന്‍ എത്തുന്ന പത്ത് പേര്‍ മാത്രമാണ്. അവര്‍ക്ക് ഈ ശീലം ജീവിതത്തിന്റെ ഭാഗമായതിനാല്‍ മൈഥിലിയും തുടരുകയാണ്.

ഭര്‍ത്താവ് വട്ടത്തറ രവി മൂന്ന് പതിറ്റാണ്ട് മുമ്പ് കള്ളുചെത്ത് തൊഴിലാളി ആയിരുന്നപ്പോള്‍ തുടങ്ങിയതാണ് പൂപ്പത്തിയിലെ വീടിനുമുന്നില്‍ ഓലമേഞ്ഞ ചായക്കട. ചായയും പലഹാരങ്ങളും ഉണ്ടായിരുന്നു അക്കാലത്ത്. 18 വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ മരിച്ചശേഷം മൈഥിലി വ്യാപാരം ഏറ്റെടുത്തു. എട്ടുവര്‍ഷം മുന്‍പ് പലഹാരങ്ങള്‍ പപ്പടവടയില്‍ ഒതുക്കി.

സ്വന്തമായി ഓലമേഞ്ഞായിരുന്നു അന്നൊക്കെ കടയുടെ മേല്‍ക്കൂര കെട്ടിയിരുന്നത്. അടുത്തകാലംവരെ ഇത് തുടര്‍ന്നിരുന്നു. ഓലക്ക് ക്ഷാമം നേരിട്ടതോടെ മേല്‍ക്കൂര എല്ലാ വര്‍ഷവും കെട്ടാതിരിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റാക്കി. വൈദ്യുതി ഇല്ലാത്തതിനാല്‍ കാലാവസ്ഥ അനുസരിച്ചുള്ള അരണ്ട വെളിച്ചം ആയിരിക്കും കടയില്‍ ഉണ്ടായിരിക്കുക. മകന് ലഭിക്കുന്ന ദിവസവേതനം ആണ് കുടുംബത്തിന്റെ പ്രധാന വരുമാനം. 66ലും മൈഥിലി ചായക്കടയെ കൈവിട്ടിട്ടില്ല. നാട്ടുകാരും മൈഥിലിയെ കൈവിടാന്‍ ഒരുക്കമല്ല.

Next Story

RELATED STORIES

Share it