Latest News

മന്ത്രി ജി സുധാകരന്റെ മാതൃകാപരമായ ഇടപെടല്‍: ക്യാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍

മന്ത്രി ജി സുധാകരന്റെ മാതൃകാപരമായ ഇടപെടല്‍: ക്യാന്‍സര്‍ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ ക്യാന്‍സര്‍ രോഗിയോട് മനുഷ്യത്വപരമായി പെരുമാറാതെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍. കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫിനോടാണ് കട്ടപ്പന സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മി മനുഷ്യത്വരഹിതമായി പെരുമാറിയത്. സാമൂഹികമാധ്യങ്ങളില്‍ നിന്ന് സംഭവം അറിഞ്ഞ ഉടനെയാണ് പ്രാഥമിക അന്വേഷണം നടത്തി മന്ത്രി സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവം സാമൂഹികമാധ്യമങ്ങള്‍ വഴി മന്ത്രി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ തന്നെയാണ് പുറത്തുവിട്ടത്.

സംഭവം ഇങ്ങനെയാണ്: കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാന്‍സര്‍ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലന്‍സിലാണ് അദ്ദേഹം സബ് രജിസ്ട്രാര്‍ ഓഫീസ് പരിസരത്ത് എത്തിയത്.

കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവില്‍ സ്റ്റേഷന്റെ മൂന്നാം നിലയിലുള്ള തന്റെ ഓഫിസിലെത്തിക്കണമെന്ന് രജിസ്ട്രാര്‍ നിര്‍ബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയില്‍ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ തയ്യാറായത്. കരുണാപുരം ഗ്രാമപഞ്ചായത്ത് ഓഫിസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ മന്ത്രി സനീഷിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിച്ചു.

കോംപൗണ്ടില്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികള്‍ എടുക്കാന്‍ തുനിയാതെ മനുഷ്യത്വരഹിതമായി പെരുമാറിയതിനാണ് സബ് രജിസ്ട്രാറെ സസ്‌പെന്റ് ചെയ്തത്. ആസന്ന മരണനായിരുന്ന ഒരു ക്യാന്‍സര്‍ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയതിനാണ് സസ്‌പെന്‍ഷന്‍. വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങള്‍ക്കപ്പുറം മനുഷ്യസ്‌നേഹത്തിന്റെ അനുതാപത്തിന്റെ ചക്രവാളം കൂടി കാണാന്‍ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം- മന്ത്രി അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it