Latest News

വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയിൽ ഹരജി നൽകി മുസ്‌ലിം വ്യക്തി നിയമ ബോർഡ്

വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രിംകോടതിയിൽ ഹരജി നൽകി മുസ്‌ലിം വ്യക്തി നിയമ ബോർഡ്
X

ന്യൂഡല്‍ഹി: വഖ്ഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ് ലിം സമൂഹത്തിന്റെ മതപരമായ സ്വയംഭരണത്തിനും വ്യക്തിപരമായ അവകാശങ്ങള്‍ക്കും നേരെയുള്ള ഭരണഘടനാ വിരുദ്ധമായ ആക്രമണമാണെന്ന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്. ബില്ലിനെതിരേ സുപ്രിംകോടതിയില്‍ മുസ് ലിം വ്യക്തി നിയമ ബോര്‍ഡ് ഹരജി നല്‍കി. ബില്ല് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 25, 26 എന്നിവയുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി, നിയമത്തെ ചോദ്യം ചെയ്ത ബോര്‍ഡ് ആര്‍ട്ടിക്കിള്‍ 32 റിട്ട് ഹരജിയാണ് ഫയല്‍ ചെയ്തിരിക്കുന്നത്.

നിയമം, വഖ്ഫിന്റെ മതപരമായ സത്തയില്‍ നിന്ന് വ്യതിചലിച്ച്, ഇസ് ലാമിക മതപരമായ സംഭാവനകളില്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സംസ്ഥാന നിയന്ത്രണം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഹരജിയില്‍ പറയുന്നു.

2025 ലെ നിയമം ഉടനടി നടപ്പിലാക്കുന്നതിലൂടെ, മതപരമായ അവകാശങ്ങളുടെ ശോഷണം, കടുത്ത നിയമപരമായ അനിശ്ചിതത്വം എന്നിവയ്ക്ക് സാധ്യതയുണ്ട്. ഭേദഗതി നിയമത്തിലെ വെല്ലുവിളിക്കപ്പെട്ട വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കണമെന്നും 1995 ലെ നിയമത്തിലെ അനുബന്ധ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണമെന്നും വിധി വരുന്നതുവരെ നടപ്പാക്കുന്നത് തടയുന്നതിനായി ഭേദഗതി നിയമത്തിന് ഇടക്കാല സ്‌റ്റേ നല്‍കണമെന്നും ഹരജി ആവശ്യപ്പെടുന്നു.

കൂടാതെ, വഖ്ഫ് ഒരു ഇസ് ലാമിക ആശയമായതിനാല്‍ അത് അല്ലാഹുവിന് സമര്‍പ്പിക്കപ്പെട്ടതും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ മതപരമായ ആവശ്യങ്ങള്‍ക്കോ വേണ്ടിയുള്ളതുമായ സ്വത്താണ്. ഭേദഗതി നിയമപ്രകാരം ഇനി മുസ്ലീങ്ങള്‍ അല്ലാത്തവര്‍ കൈകാര്യം ചെയ്യാന്‍ പോകുന്നുവെന്നത്,ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ഉം 26 ഉം പ്രകാരം ഉറപ്പുനല്‍കുന്നതുപോലെ മുസ് ലിംകള്‍ക്ക് മതം ആചരിക്കാനും അവരുടെ കാര്യങ്ങള്‍ നടത്താനുമുള്ള അവകാശങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

കളക്ടര്‍ പദവിക്ക് മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അതായത്, നിയുക്ത ഓഫീസര്‍മാര്‍, കളക്ടര്‍മാര്‍ എന്നിവര്‍ക്ക് വഖഫ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച അധികാരങ്ങള്‍ നല്‍കിക്കൊണ്ട് ഭേദഗതി നിയമം ഏകപക്ഷീയമായി സംസ്ഥാന നിയന്ത്രണം വര്‍ധിപ്പിക്കുന്നു. വഖഫ് ബോര്‍ഡുകളിലും കൗണ്‍സിലിലും അമുസ്ലിം അംഗങ്ങളെ കൂടി ചേര്‍ക്കണമെന്ന് ഇത് ആവശ്യപ്പെടുന്നു. മുസ് ലിം സമുദായത്തില്‍ നിന്ന് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള മൗലികാവകാശങ്ങള്‍ ഈ ഭേദഗതികള്‍ വ്യക്തമായി കവര്‍ന്നെടുക്കുന്നുവെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.

Next Story

RELATED STORIES

Share it