- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുസ് ലിംകളെ ബഹിഷ്‌കരിക്കും; വേണ്ടിവന്നാല്‍ ഗുജറാത്ത് ആവര്‍ത്തിക്കും: ഹിന്ദുത്വര്‍ സംസാരിക്കുന്നു
ഈദിന് ഒരാഴ്ച മുമ്പ്, രാജസ്ഥാനിലെ ഉദയ്പൂരില്‍ ഹിന്ദു തയ്യല്‍ക്കാരനായ കനയ്യ ലാലിനെ രണ്ട് മുസ് ലിംകള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മനേസരില്‍ ഒരു യോഗം നടന്നു. മുസ് ലിംകളെ ബഹിഷ്‌കരിക്കണമെന്നും വേണ്ടിവന്നാല്‍ അവര്‍ക്കെതിരേ ആയുധമെടുക്കണമെന്നുമായിരുന്നു യോഗം ആഹ്വാനം ചെയ്തത്. ഏകദേശം 300 പേര്‍ പങ്കെടുത്ത യോഗം ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് നടന്നത്.
ന്യൂഡല്‍ഹിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഡല്‍ഹി എന്‍സിആറിന്റെ ഭാഗമാണ് മനേസര്‍. ഇന്ത്യന്‍ വാഹന വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രവുമാണ്. മുസ്ലീം കടയുടമകളെയും കച്ചവടക്കാരെയും ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം ദേശീയ മാധ്യമങ്ങളില്‍ അത്യാവശ്യം റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 153 എ പ്രകാരമുള്ള കുറ്റകൃത്യമാണ് അവിടെ നടന്നതെങ്കിലും പോലിസ് കണ്ടതായി നടിച്ചില്ല.
ഹിന്ദുത്വപ്രവര്‍ത്തകനായ ധര്‍മ്മേന്ദര്‍, ബിജെപിയുമായി അടുത്ത ബന്ധമുള്ള സന്ത് സമാജിന്റെ വൈസ് പ്രസിഡന്റായ ആചാരി സ്വാമി ഈശോദാസ് ഓം റാം, വിഎച്ച്പിയുടെ മനേസര്‍ ബ്രാഞ്ച് ജനറല്‍ സെക്രട്ടറി ദേവേന്ദര്‍ സിംഗ് എന്നിവരാണ് യോഗം ആസൂത്രണം ചെയ്തത്. അവരുമായുള്ള ഒരു അഭിമുഖം ദി വയര്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ.
മുസ് ലിംകളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യാന്‍ കാരണമെന്താണ്? മുസ് ലിംകച്ചവടക്കാരെക്കൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടായോ?
ധര്‍മേന്ദര്‍: 2020ല്‍ ലോക്ക്ഡൗണ്‍ സമയത്ത് 50,000 രൂപ വരുമാനമുള്ള ആളുകള്‍ക്ക് പോലും കുടുംബത്തോടൊപ്പം പോകേണ്ടിവന്നു. കാരണം എന്തുസംഭവിക്കുമെന്നതിനെക്കുറിച്ച് ഒരു ഉറപ്പുമില്ല. വാടക എങ്ങനെ നല്‍കുമെന്നറിയില്ല. ഞങ്ങളുടെ പ്രദേശത്തെ ധാരാളം ആളുകള്‍ അവരുടെ വീടുകള്‍ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് മടങ്ങി. എന്നാല്‍ നിങ്ങള്‍ ചേരിനിവാസികളെ നോക്കൂ(ജുഗ്ഗിസ്). അവര്‍ (മുസ് ലിംകള്‍) അവിടെ നമസ്‌കരിക്കുന്നു. അവരുടെ ഭാഷ വ്യത്യസ്തമാണ്. ഇവരില്‍ ഭൂരിഭാഗവും റോഹിന്‍ഗ്യകളും ബംഗ്ലാദേശികളുമാണ്. അവര്‍ വീടുകള്‍ വാടകയ്ക്ക് എടുത്തിട്ടുണ്ട്. ആ സമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ ആരെയും അനുവദിക്കാതിരുന്നപ്പോള്‍ അവര്‍ എങ്ങനെ ഭക്ഷണം കഴിച്ചു? ആരാണ് അവരുടെ വാടക കൊടുത്തത്? ഇതാണ് എന്റെ ആശങ്ക.
നിങ്ങള്‍ ഇവിടെ ഏതെങ്കിലും ജ്യൂസ് വില്‍പ്പനക്കാരനെ സമീപിച്ച് അവന്റെ പേര് ചോദിക്കൂ. അവന്‍ 'രാജു' എന്നു പറയും. നിങ്ങള്‍ അവന്റെ ഐഡി പരിശോധിക്കുക, പേര് അതായിരിക്കില്ല. പലരുടെയും ഐഡി ഹിന്ദു പേരിലുള്ളതാണ്. എന്നാല്‍ അയാള്‍ വെള്ളിയാഴ്ചകളില്‍ നമസ്‌കരിക്കും. ഈ ആളുകള്‍ (മുസ്ലിംകള്‍) വ്യാജ ഐഡികള്‍ വ്യാപകമായി ഉപയോഗിക്കുന്നു. അത്തരക്കാര്‍ കൂടുകയാണ്. മകളെ തട്ടിക്കൊണ്ടുപോയി, ഭാര്യ ഓടിപ്പോയി തുടങ്ങിയ പരാതികള്‍ വര്‍ധിക്കുന്നു. ഇതൊക്കെ പരിഗണിച്ചാണ് ഞങ്ങള്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത്.
ബസ് സ്റ്റാന്‍ഡില്‍ നോക്കിയാല്‍ അവിടെ ഒരു ബിരിയാണി കടയുണ്ട്. നമ്മള്‍ ഹിന്ദുക്കള്‍ ബിരിയാണി കഴിക്കാറില്ല. അതിന്റെ ബോര്‍ഡില്‍ 'വെജ്/നോണ്‍ വെജ് ബിരിയാണി' എന്ന് പറഞ്ഞിട്ടുണ്ട്. നമ്മുടെ കുട്ടികള്‍ എന്നെങ്കിലും അവിടെപ്പോയി നോണ്‍ വെജ് കഴിച്ചാലോ? അവര്‍ (മുസ്ലിംകള്‍) അവരുടെ ഭക്ഷണത്തില്‍ എന്താണ് ഇടുന്നതെന്ന് ആര്‍ക്കറിയാം?
ഏത് കടയില്‍ പോയിനോക്കിയാലും ഇവര്‍ക്കു മാത്രമേ ജോലിയുളളൂ. കടകളും അവരുടേത്. നമ്മുടെ ആളുകള്‍ക്ക് ജോലിയില്ല. എന്തുകൊണ്ട്? ഒരു ഹിന്ദു 5 രൂപയ്ക്ക് എന്ത് ജോലി ചെയ്താലും ഇക്കൂട്ടര്‍ അത് 2 രൂപയ്ക്ക് ചെയ്യും. എന്തുകൊണ്ട്? കാരണം നിങ്ങളുടെ വീടിനുള്ളില്‍ കയറിപ്പറ്റാന്‍ അവര്‍ എന്തും ചെയ്യും. അതിനാല്‍, നമ്മുടെ പ്രദേശത്ത് ഏതെങ്കിലും ദുഷ്ടശക്തികള്‍ വര്‍ധിച്ചുവരുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. വരും നാളുകളില്‍ ഇവര്‍ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം അപകടകാരികളായി മാറിയാലോ? ഹിന്ദുവോ മുസ് ലിമോ ഏതുമാകട്ടെ ദുഷ്ടശക്തികളെ പരിശോധനക്ക് വിധേയമാക്കണം. ഒരാള്‍ രോഹിത് ആണെന്ന് അവകാശപ്പെടുകയാണെങ്കില്‍, അവന്‍ യഥാര്‍ത്ഥത്തില്‍ രോഹിത് തന്നെയാണെന്ന് നാം ഉറപ്പാക്കണം.
ഷഹീന്‍ ബാഗ് പ്രതിഷേധത്തില്‍ റിലയന്‍സിനെ ബഹിഷ്‌കരിക്കാന്‍ അവര്‍ ആഹ്വാനം നല്‍കിയത് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ആവശ്യങ്ങള്‍ക്ക് അവര്‍ പണം നല്‍കിയതുകൊണ്ടാണ്. എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയാത്തത്? നമ്മുടെ ജനങ്ങളെ, ഹിന്ദുക്കളെ ശാക്തീകരിക്കേണ്ട ഉത്തരവാദിത്തം നമുക്കില്ലേ? നമ്മുടെ വിഭാഗത്തിലെ പാവപ്പെട്ട ഒരാള്‍ക്ക് ജോലി ചെയ്യാനോ കച്ചവടം തുടങ്ങാനോ താല്‍പ്പര്യമുണ്ടെങ്കില്‍ അവനെ സഹായിക്കേണ്ടതല്ലേ? ഈ ആളുകള്‍ക്ക് മസ്ജിദുകളില്‍ നിന്ന് പണം ലഭിക്കുന്നു. അവരുടെ വീടുകള്‍ നോക്കൂ. അവര്‍ ചേരിയിലാണ് താമസിക്കുന്നത്, പക്ഷേ അവരുടെ കടകള്‍ സമൃദ്ധമാണ്. ഇന്ന് നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍, പിന്നെ എപ്പോഴാണ്?
ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ കന്നുകാലികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പിടിക്കുമ്പോഴെല്ലാം അതില്‍ അനധികൃത ആയുധങ്ങള്‍ കണ്ടെത്താറുണ്ട്. നിങ്ങള്‍ ഏതെങ്കിലും ഹിന്ദുവിന്റെ വീട്ടില്‍ പോയാല്‍, നിങ്ങള്‍ക്ക് അവിടെ ഭേദപ്പെട്ട പച്ചക്കറി കത്തി പോലും കാണാനാവില്ല. അതിനാല്‍, ഇത് മനേസറിന്റെ പ്രശ്‌നമല്ല, ഇത് ഇന്ത്യയുടെ പ്രശ്‌നമാണ്. എന്തുകൊണ്ടാണ് മ്യാന്‍മര്‍ പോലുള്ള ഒരു രാജ്യം ഉണരേണ്ടി വന്നത്? ബുദ്ധമതത്തെ ഏറ്റവും സമാധാനപരമായ മതം എന്ന് വിളിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ക്ക് ഉണരേണ്ടി വന്നത്? ഈ ആളുകളോട് പോരാടിയ ചരിത്രമുണ്ട് മനേസറിന്. നമ്മള്‍ ഒരു ചുവടുവെച്ചാല്‍, അത് ഒരു വലിയ ചുവടുവെപ്പായിരിക്കും. ഞങ്ങള്‍ ഒരു ശരിയായ വ്യക്തിയെയും തൊടില്ല. എന്നാല്‍ തെറ്റുകാരെ ഇവിടെ നില്‍ക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. നിയമത്തിന്റെ പരിധിയില്‍ നിന്നേ എന്തും ചെയ്യൂ. ജിഹാദികളെ പരിശോധിച്ച് തീരുമാനമെടുക്കാന്‍ ഞങ്ങള്‍ ഏഴ് ദിവസത്തെ സമയം ഭരണകൂടത്തിന് നല്‍കിയിട്ടുണ്ട്.
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: നൂപുര്‍ ശര്‍മ്മയുടെ പ്രസ്താവനയ്ക്ക് ശേഷം, ജിഹാദികള്‍ ഉദയ്പൂരില്‍ കനയ്യ ലാലിനെയും അമരാവതിയില്‍ ഉമേഷിനെയും കൊലപ്പെടുത്തി. ഹിന്ദുക്കളായതുകൊണ്ട് മാത്രമാണ് അവര്‍ കൊല്ലപ്പെട്ടത്. കൊലപ്പെടുത്താന്‍ ആഹ്വാനം നല്‍കിയവരാണ് വലിയ കുറ്റവാളികള്‍. ഈ തീവ്രവാദം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു; ഹിന്ദു സമൂഹം ഉയര്‍ന്നു. സാധ്യമായ എല്ലാ വഴികളിലും അവരെ ബഹിഷ്‌കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
ഇതെപ്പോള്‍ തുടങ്ങും?
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: ജൂലൈ 3നാണ് പ്രസ്ഥാനം ആരംഭിച്ചത്. ഞങ്ങള്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കിയിട്ടുണ്ട്. അവര്‍ എന്തുചെയ്യുമെന്ന് നോക്കിയാണ് നമ്മുടെ പ്രതികരണം. ഞങ്ങള്‍ പത്തിരട്ടി ശക്തിയില്‍ പ്രതികരിക്കും. ഞങ്ങള്‍ മുസ്ലീങ്ങളെ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. ആരാണ് അവര്‍? എന്തു തരത്തിലുള്ള പ്രത്യയശാസ്ത്രമാണ് അവരുടേത്? ഞങ്ങള്‍ അവരെ പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ആയുധങ്ങള്‍ ഉപയോഗിക്കണണെന്ന ആഹ്വാനം ഉയര്‍ന്നതായി കേട്ടു? ശരിയാണോ?
ധര്‍മേന്ദര്‍: എല്ലാവരും മുന്‍കരുതല്‍ എടുക്കണം. പര്‍വതാരോഹകര്‍ അവരോടൊപ്പം കയറുകള്‍ കൊണ്ടുപോകുന്നില്ലേ അതുപോലെ. അവര്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. നമ്മുടെ ദേവീദേവന്മാരെ നോക്കൂ. ഇവര്‍ക്കെല്ലാം ആയുധങ്ങളുണ്ട്. ഭഗവത് ഗീത വായിക്കൂ, അത് ആയുധങ്ങള്‍ കയ്യിലെടുക്കാന്‍ ആവശ്യപ്പെടുന്നു. നമ്മള്‍ നമ്മുടെ മതത്തെ സംരക്ഷിക്കുന്നില്ലെങ്കില്‍, ആരാണ് അത് ചെയ്യുക?
ആചാരി സ്വാമി ഈശോദാസ് ഓം റാം: പഞ്ചായത്ത് എന്നാല്‍ എന്താണ്? ആളുകള്‍ അവരുടെ വികാരങ്ങള്‍ അവരുടെ അടുത്തുള്ളവരുമായും പ്രിയപ്പെട്ടവരുമായും പങ്കിടുന്ന ഒരു വേദിയാണ് അത്. നിയമത്തില്‍ പഞ്ചായത്തീരാജിനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും പഞ്ചായത്തുകളെ അത്ര വിലമതിക്കുന്നില്ല. എന്നാല്‍ ഒരു പഞ്ചായത്ത് എന്തെങ്കിലും ആഹ്വാനം നല്‍കിയാല്‍ നിയമത്തിന് പോലും അത് തള്ളിക്കളയാനാവില്ല. കനയ്യ ലാലിനെപ്പോലെ നമ്മുടെ കുട്ടികള്‍ ആക്രമിക്കപ്പെട്ടാലോ? നിങ്ങള്‍ ഇവിടെ ഇരിക്കുകയാണ്. ഒരു മുസ് ലിം വന്ന് നിങ്ങളോട് മോശമായി പെരുമാറിയാല്‍ ഞങ്ങള്‍ എന്ത് ചെയ്യും? ഞങ്ങള്‍ നിങ്ങളെ രക്ഷിക്കും, ഒരാളെ രക്ഷിക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അവര്‍ ആയുധങ്ങളുമായി വന്നാല്‍, ഞങ്ങള്‍ കൈകൊണ്ടല്ല യുദ്ധം ചെയ്യുക.
നിങ്ങള്‍ ദുര്‍ഗ്ഗയെ കണ്ടിട്ടുണ്ടോ? അവള്‍ക്ക് എട്ട് കൈകളുണ്ട്. എട്ടിലും ആയുധങ്ങള്‍ വഹിക്കുന്നു. അതിനാല്‍, ഇതാണ് നമ്മുടെ സംസ്‌കാരം. ഒരു കൈയില്‍ ശാസ്ത്രവും (മതഗ്രന്ഥങ്ങള്‍) മറ്റൊരു കൈയില്‍ ശസ്ത്രവും (ആയുധങ്ങള്‍) സൂക്ഷിക്കാന്‍ നമ്മുടെ മതം പറയുന്നു. ശാസ്ത്രത്തിന്റെ ഭാഷ മനസ്സിലാക്കുന്നവരോട് സ്‌നേഹത്തോടെ സംസാരിക്കുക, അല്ലാത്തപക്ഷം സുദര്‍ശനചക്രം ഉപയോഗിക്കുക. ഇത് പുതിയതല്ല. മുസ് ലിംകളുടെ രക്തത്തില്‍ ജിഹാദ് ഉള്ളതുപോലെ, ഞങ്ങളും നൂറ്റാണ്ടുകളായി ഈ രാക്ഷസന്മാര്‍ക്കെതിരെ പോരാടുകയാണ്.
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: നോക്കൂ, ഇതൊരു ആഭ്യന്തരയുദ്ധം തന്നെയാണ്. ഒരു ആഭ്യന്തരയുദ്ധമാണെങ്കില്‍ നമുക്ക് ആയുധങ്ങള്‍ എടുക്കേണ്ടിവരും. പ്രസംഗം മാത്രം പോര. ആവശ്യമുള്ള രീതിയില്‍ ഞങ്ങള്‍ പോരാടും. നിങ്ങള്‍ നോക്കൂ, രാജ്യത്തുടനീളമുള്ള പള്ളികള്‍ നമ്മെ പ്രകോപിപ്പിക്കുകയും ഭാരതത്തെ ഗസ്‌വഇ ഹിന്ദ് ആക്കി മാറ്റുകയും ചെയ്യുന്നു. ഭാരതം ഭാരതമായി തുടരാന്‍ ആഗ്രഹിക്കാത്തവരെ നാം പാഠം പഠിപ്പിക്കണം. മുസ്‌ലിംകളില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതായി. അവരുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം. സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ, ബന്ധങ്ങളും ഇല്ലാതാക്കണം.
ഏതറ്റം വരെ പോകും?
ധര്‍മ്മേന്ദര്‍: അതെ, അത് സംഭവിക്കും.
ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനം എങ്ങനെ നല്‍കും? അവര്‍ ഇതിനകം പരിശീലനം നേടിയവരാണോ?
ആചാരി സ്വാമി ഈശോദാസ് ഓം റാം: വരും ദിവസങ്ങളില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിക്കും. നമുക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓര്‍ക്കുന്നുണ്ടോ? ഈ യുദ്ധം അതിനേക്കാള്‍ വലുതായിരിക്കും. ഇതൊരു കുരിശുയുദ്ധമായിരിക്കും. വരും ദിവസങ്ങളില്‍ ഒരുപാട് പേര്‍ മരിച്ചേക്കാം. നമുക്ക് ഹിന്ദുരാഷ്ട്രം അത്ര എളുപ്പം ഉണ്ടാക്കാന്‍ കഴിയില്ല. അത് ത്യാഗം ആവശ്യപ്പെടുന്നു, അത് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്.
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ പല തവണ അവരോട് യുദ്ധം ചെയ്തിട്ടുണ്ട്. 1947ല്‍ ഞങ്ങള്‍ അവരോട് യുദ്ധം ചെയ്തു. സ്ത്രീകളും കുട്ടികളും പ്രായമായവര്‍ പോലും അതിന് തയ്യാറാണ്. ഞങ്ങള്‍ക്ക് മടിയും ഭയവുമില്ല. ഞങ്ങള്‍ ഇത് ഉറക്കെ പ്രഖ്യാപിക്കുന്നു. ഹിന്ദുക്കളെയും നമ്മുടെ സ്ത്രീകളെയും ഇന്ത്യയെയും സംരക്ഷിക്കാനാണ് ഇത് ചെയ്യുന്നത്, നമ്മുടെ സുരക്ഷക്ക് വേണ്ടിയാണ്.
നിങ്ങള്‍ എങ്ങനെ ആയുധങ്ങള്‍ കൈക്കലാക്കും? ധനസഹായത്തിന് ആരാണ് ഉള്ളത്?
ധര്‍മ്മേന്ദര്‍: അവര്‍ക്ക് ജിഹാദിന് ആയുധങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിയുമ്പോള്‍ എന്തുകൊണ്ട് നമുക്ക് നമ്മുടെ മതത്തിന് വേണ്ടി അത് ചെയ്തുകൂടാ.
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: അവര്‍ക്ക് ആയുധങ്ങള്‍ കൈവശപ്പെടുത്താന്‍ കഴിയുമ്പോള്‍, എന്തുകൊണ്ട് നമുക്ക് കഴിയില്ല? ചെറിയ ആയുധങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട്. വലിയവയ്ക്ക് ലൈസന്‍സ് നല്‍കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കോടാലി ഒരു ആയുധമാണ്. അരിവാള്‍ ഒരു ആയുധമാണ്. ഞങ്ങള്‍ക്ക് ഇതിനകം കോടാലി, കത്തി, അരിവാള്‍, കോടാലി, പാര എന്നിവയുണ്ട്.
സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് ധാര്‍മ്മിക പിന്തുണയുണ്ടെന്ന് തോന്നുന്നുണ്ടോ?
ആചാരി സ്വാമി ഈശോദാസ് ഓം റാം: അതെ, തീര്‍ച്ചയായും. നമുക്കെല്ലാവര്‍ക്കും ഈ പിന്തുണ അനുഭവപ്പെടുന്നുണ്ട്. എപ്പോഴാണ് ഹിന്ദുക്കള്‍ ഇത്രത്തോളം പ്രചോദിതരായതെന്ന് നിങ്ങള്‍ പറയൂ? അവര്‍ അടിച്ചമര്‍ത്തപ്പെട്ടു. ഇപ്പോള്‍, എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളും നല്ലവണ്ണം പരിപാലിക്കപ്പെടുന്നു. ക്ഷേത്രങ്ങള്‍ നിര്‍മിക്കുന്നു. പ്രധാനമന്ത്രി മോദി അത് കെട്ടിപ്പടുക്കുകയാണ്. ഇത് ഞങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നു. ഹിന്ദുക്കള്‍ക്ക് ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. അതില്‍ യാതൊരു സംശയവുമില്ല. മൂല്യങ്ങളുടെ പാര്‍ട്ടിയാണ് ബിജെപി. ന്യൂനപക്ഷങ്ങളെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യക്കാരായി ഇന്ത്യയില്‍ തുടരാന്‍ കഴിയുന്നില്ല?
നിങ്ങള്‍ ശാസ്ത്രങ്ങള്‍ വായിച്ചിട്ടുണ്ടോ? നമ്മുടെ ശാസ്ത്രങ്ങളില്‍ രണ്ട് തരം ആളുകളുണ്ട് ദേവന്മാരും അസുരന്മാരും. സനാതന മതം പിന്തുടരുന്നവര്‍ ദേവന്മാരാണ്. അതിനെതിരെയുള്ളവര്‍ -മാംസാഹാരികള്‍, ബീഫ് കഴിക്കുന്നവര്‍, തെറ്റു ചെയ്യുന്നവര്‍ ഇവരെല്ലാം അസുരന്മാരാണ്. പിന്നെ ഈ രണ്ടുപേര്‍ക്കും ഒരിക്കലും സുഹൃത്തുക്കളാകാന്‍ കഴിയില്ല. എന്തിനാണ് സുഹൃത്തുക്കളാകുന്നത്? ഞങ്ങളത് ചെയ്യില്ല. സഹോദരന്മാരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ അവരുടെ പെണ്‍മക്കളെ ഞങ്ങള്‍ക്ക് നല്‍കാത്തത്? അവരത് ചെയ്യില്ല. അവര്‍ ഞങ്ങളുടെ പെണ്‍മക്കളെ ലൗ ജിഹാദിലൂടെ കൈവശപ്പെടുത്തുന്നു. അവരുമായി ഒരു സാഹോദര്യവും ആഗ്രഹിക്കുന്നില്ല.
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: 1947 മുതല്‍ കഴിഞ്ഞ സര്‍ക്കാരുകള്‍വരെ മുസ്ലീങ്ങള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് അവരുടെ മതം ആചരിക്കാം, മതം പഠിപ്പിക്കാം, അതിനായി പ്രവര്‍ത്തിക്കാം, മതപരിവര്‍ത്തനം ചെയ്യാം. എന്നാല്‍ എല്ലാ നഷ്ടവും ഹിന്ദുക്കള്‍ക്കായിരുന്നു. ഇതുവരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും ഹിന്ദുക്കളായി അഭിനയിക്കുകയായിരുന്നു. അവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെയോ ക്രിസ്തുമതത്തിന്റെയോ അജണ്ട നടപ്പാക്കുന്നവരാണ്.
ഹിന്ദുക്കള്‍ക്കെതിരായ മുന്‍ സര്‍ക്കാരുകളുടെ ഗൂഢാലോചനകള്‍ ഈ സര്‍ക്കാര്‍ തുറന്നുകാട്ടിയെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ജനസംഖ്യാ നിയന്ത്രണ നിയമം വേണം. ഒരു ജനാധിപത്യ രാഷ്ട്രത്തെ സമാധാനപരമായി നയിക്കാന്‍, ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നാട്ടില്‍ സമാധാനം നിലനിര്‍ത്തണമെങ്കില്‍ ഫത്വ പ്രഖ്യാപിക്കുന്ന മൗലവിമാരെ നിലക്കുനിര്‍ത്തണം. കോണ്‍ഗ്രസിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല. ഇതൊരു ദേശീയ സര്‍ക്കാരാണ്, അവര്‍ക്കു മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ. ഞങ്ങള്‍ സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി ഞങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കും. ഇത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടിയാണ്. ഈ ഗവണ്‍മെന്റിന് കീഴില്‍ മുസ് ലിംകള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മെച്ചമുണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
എന്നാല്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും കൈകള്‍ കെട്ടിയിട്ടിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ ഉണരണം. ഇതൊരു വലിയ യുദ്ധമാണ്, ശത്രുക്കള്‍ നമ്മുടെ നാട്ടിലേക്ക് കടന്നിരിക്കുന്നു. സൈന്യം അതിര്‍ത്തികളില്‍ യുദ്ധം ചെയ്യും, ഞങ്ങള്‍ ഇവിടെ പോരാടും. എങ്കില്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. ഇവര്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അത് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ അവരെ പുറത്താക്കാന്‍ തുടങ്ങി.
ധര്‍മ്മേന്ദര്‍: ആരെയെങ്കിലും 'മുസല്‍മാന്‍' എന്ന് വിളിച്ചാല്‍ പോലും കേസെടുക്കാമായിരുന്ന തരത്തില്‍ ഒരു നിയമം കോണ്‍ഗ്രസ് കൊണ്ടുവന്നു. കൂടാതെ നിരപരാധികളെന്ന് തെളിയിക്കേണ്ട ബാധ്യത നമ്മുടെ മേലാണ്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഞങ്ങള്‍ ആ നിയമത്തിനെതിരെ പോരാടി. ബിജെപി വന്നതിന് ശേഷം മാത്രമല്ല പോരാട്ടം തുടങ്ങിയത്. ധര്‍മ്മയുദ്ധം സര്‍ക്കാരിനെ നോക്കിയല്ല, ആവശ്യം വരുമ്പോഴെല്ലാം നമ്മള്‍ പോരാടേണ്ടതുണ്ട്.
മുമ്പ് വിഎച്ച്പി, ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ ഹിന്ദുത്വത്തിന് വേണ്ടി ഇത്തരം നിരവധി പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 2002ല്‍ ഗുജറാത്തില്‍ സംഭവിച്ചതുപോലെ. സംസ്ഥാന പോലിസ് അവിടെ വിഎച്ച്പി നേതാക്കളെ സഹായിച്ചതായി കേട്ടിരുന്നു. ഹരിയാന പോലിസില്‍ നിന്നും ഇത് പ്രതീക്ഷിക്കാനാവുമോ?
ആചാരി സ്വാമി ഈശോദാസ്സ് ഓം റാം: അവര്‍ ചെയ്യേണ്ടി വരും. അവര്‍ക്ക് വേറെ വഴിയില്ല. ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയട്ടെ പുതിയ ബിജെപി തൊപ്പി നോക്കൂ. അതില്‍ നിന്ന് പച്ചനിറം അപ്രത്യക്ഷമായിരിക്കുന്നു. ഇത് ഞങ്ങള്‍ക്ക് ഒരു വലിയ സൂചനയാണ്. സര്‍ക്കാര്‍ ഞങ്ങളെ പിന്തുണയ്ക്കും. അതില്‍ യാതൊരു സംശയവുമില്ല. അവര്‍ നൂപുരിനെ പിന്തുണച്ചിട്ടില്ലേ? അവര്‍ക്ക് അവരെ അറസ്റ്റ് ചെയ്യാമായിരുന്നു. പക്ഷേ ചെയ്തില്ല.
ധര്‍മ്മേന്ദര്‍: ഒരു വ്യക്തി വ്യാജ ഐഡി ഉപയോഗിച്ച് പ്രദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍, അയാള്‍ക്കെതിരെ നിയമനടപടി ഉണ്ടാവണം. ചെറിയ ശബ്ദം കേട്ടാല്‍പ്പോലും കള്ളന്മാര്‍ അപ്രത്യക്ഷമാകുന്നതുപോലെ, ഇവരും (മുസ്ലിംകള്‍) പോകും. ഭരണം എപ്പോഴും ഞങ്ങളെ സഹായിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലും സഹായിച്ചിട്ടുണ്ട്. ഈ സമയത്തും ഭാവിയിലും അവര്‍ സഹായിക്കും. ഈ മോശം ഘടകങ്ങളെ തിരിച്ചറിഞ്ഞ് അവ നീക്കം ചെയ്യേണ്ടത് നിയമത്തിന്റെ കടമയാണ്. അവര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ അത് ചെയ്യും. ഉത്തരവാദിത്തപ്പെട്ട പൗരന്‍മാരായ ഞങ്ങള്‍ അവരെ തിരിച്ചറിയും.
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: ഭരണഘടനാ പരിധിക്കുള്ളില്‍, നിയമത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തുടരാന്‍ ഞങ്ങള്‍ ശ്രമിക്കും. എന്നാല്‍ നമ്മുടെ ശത്രു അതിനെ മറികടക്കുകയാണെങ്കില്‍, അവര്‍ക്ക് ഉത്തരം നല്‍കാന്‍ നിയമത്തിന് പുറത്ത് എന്തെങ്കിലും ചെയ്യേണ്ടി വന്നേക്കാം.
പോലിസും സര്‍ക്കാരും നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലേ?
ആചാരി സ്വാമി ഈശോദാസ് ഓം റാം: ആര്‍ക്കും ഞങ്ങളെ തടയാനാവില്ല. ഇതൊരു ദൈവികവിളിയാണ്, ഇത് സംഭവിക്കും.
ധര്‍മ്മേന്ദര്‍: പാകിസ്താന്‍ ഒരു മുസ്ലീം രാജ്യമാണ്. അമേരിക്ക ഒരു ക്രിസ്ത്യന്‍ രാജ്യമാണ്. നമുക്കും നമ്മുടെ രാഷ്ട്രം വേണം. 'ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാന്‍' എന്ന ഈ മുദ്രാവാക്യം കേട്ടിട്ടില്ലേ? അത് എപ്പോള്‍ സംഭവിക്കും?
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: എപ്പോള്‍ യുദ്ധമുണ്ടായാലും ഞങ്ങള്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. ശത്രുക്കളെ നിയമം കൊണ്ട് തടയാനാവില്ലെങ്കില്‍ ഞങ്ങളും നിയമം ലംഘിക്കും. കോടതി വ്യവഹാരങ്ങളെ ഇത്ര ഭയപ്പെട്ടിരുന്നെങ്കില്‍ പഞ്ചായത്ത് സംഘടിപ്പിക്കില്ലായിരുന്നു. ഉള്ളില്‍ വളരെയധികം ദേഷ്യമുണ്ട്, അത് ഒഴുകിപ്പോകും, അതിന്റെ അനന്തരഫലങ്ങള്‍ നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ഏതെങ്കിലും രാഷ്ട്രീയ നേതാക്കള്‍ നിങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടോ?
ആചാരി സ്വാമി ഈശോദാസ് ഓം റാം: ജെ.പി. നദ്ദ (പ്രസിഡന്റ്, ബിജെപി), ഷാ, കേന്ദ്ര മന്ത്രി ഭൂപേന്ദര്‍ യാദവ് എന്നിവരുമായി ഞാന്‍ ഫോണില്‍ സംസാരിച്ചു.
ഒരു ദിവസം ഞാന്‍ കുറച്ച് ജോലിക്കായി ഡല്‍ഹിയിലേക്ക് പോയിരുന്നു. ഞാന്‍ നദ്ദാജിയുടെ അടുത്തേക്ക് പോയി. അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് വിഷമിക്കേണ്ടെന്ന് പറഞ്ഞു. അന്നുമുതല്‍, ഓരോ ജോലിയും പൂര്‍ത്തിയാവുമ്പോള്‍ ഞാന്‍ അദ്ദേഹത്തിന് സന്ദേശമയയ്ക്കും.
ഷാ എന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണോ?
ആചാരി സ്വാമി ഈശോദാസ് ഓം റാം: അതെ
ഈ നേതാക്കളില്‍ ആരാണ് നിങ്ങളെ കൂടുതല്‍ പ്രചോദിപ്പിക്കുന്നത്?
ആചാരി സ്വാമി ഈശോദാസ് ഓം റാം: ഞങ്ങള്‍ ആളുകളെ പ്രചോദിപ്പിക്കുന്നവരാണ്. പ്രധാനമന്ത്രി മന്‍ കി ബാത്തിന് ആതിഥേയത്വം വഹിക്കുന്നു. ആരാണ് അദ്ദേഹത്തെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചത്. പറയാമോ? ഞാന്‍ ചെയ്തു. 2014ല്‍ ഞാന്‍ അദ്ദേഹത്തെ പ്രചോദിപ്പിച്ചു.
അവര്‍ നിങ്ങളെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടുണ്ടോ?
ആചാരി സ്വാമി ഈശോദാസ് ഓം റാം: അവര്‍ക്ക് അത് വ്യക്തമായി പറയാനാവില്ല. ഈ കാര്യങ്ങള്‍ ധാര്‍മ്മിക തലത്തിലാണ്. അവ ആന്തരികമായി സംഭവിക്കുന്നു. ഇവര്‍ തങ്ങള്‍ ഇരിക്കുന്ന സ്ഥാനങ്ങളില്‍ എത്താന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. അവര്‍ ഭരണം നടത്തുന്നു. അവര്‍ ഞങ്ങളോടൊപ്പമാണെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല. അവര്‍ വിഡ്ഢികളല്ല. പക്ഷേ, അവര്‍ ഞങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കില്ല. ഇതും ഒരുതരം പിന്തുണയാണ്.
വംശഹത്യയ്ക്കും മുസ്‌ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നതിനുമുള്ള ബജ്‌റംഗ് മുനിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നുണ്ടോ?
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമ്പോള്‍, എല്ലാവരും ഇങ്ങനെ പറയും. നമ്മെത്തന്നെ രക്ഷിക്കാന്‍ നാം എന്തു ചെയ്യും? നമ്മള്‍ കൈകൂപ്പി ഇരിക്കുമോ? സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍, നമ്മുടെ പ്രതിരോധത്തിനായി എന്തെങ്കിലും ചെയ്യേണ്ടിവരും.
ഗുജറാത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കുമോ?
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: ആ സാഹചര്യം വീണ്ടുമുണ്ടാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. സമാധാനം നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍, ഗുജറാത്തില്‍ സംഭവിച്ചത് ആവര്‍ത്തിക്കേണ്ടിവരും. ഞങ്ങള്‍ താഴെത്തലം മുതല്‍ തുടങ്ങിയിരിക്കുന്നു. ഒരൊറ്റ ആഹ്വാനത്തിന്റെ പുറത്ത് ഹിന്ദു സഹോദരങ്ങള്‍ ഒത്തുകൂടാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ അന്ത്യശാസനത്തോട് ഭരണകൂടം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ച്, ഞങ്ങള്‍ പ്രവര്‍ത്തിക്കും. പ്രവര്‍ത്തനഗതി ഞങ്ങള്‍ തീരുമാനിക്കും. അടുത്ത തവണ ഞങ്ങള്‍ ഇതിലും ശക്തമായ ആഹ്വാനം നല്‍കും. ഭരണകൂടം സഹായിക്കുകയാണെങ്കില്‍ കുഴപ്പമില്ല, ഞങ്ങള്‍ ഈ യുദ്ധത്തിന് തയ്യാറാണ്.
നിങ്ങള്‍ ആയുധങ്ങളുമായി തയ്യാറാണെന്നാണോ അര്‍ത്ഥമാക്കുന്നത്?
ദേവേന്ദര്‍ സിംഗ്, വിഎച്ച്പി: അതെ.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT