Latest News

എടുത്തിരുത്തിയില്‍ കൊവിഡ് വ്യാപനം രൂക്ഷം: നബിദിനാഘോഷം ഒഴിവാക്കാന്‍ നിര്‍ദ്ദേശം

എടുത്തിരുത്തിയില്‍ കൊവിഡ് വ്യാപനം രൂക്ഷം:  നബിദിനാഘോഷം ഒഴിവാക്കാന്‍ നിര്‍ദ്ദേശം
X

തൃശൂർ: എടത്തിരുത്തി പഞ്ചായത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നബിദിനാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം. പരസ്യമായി ഭക്ഷണവിതരണം നടത്തുന്നത് ഉള്‍പ്പെടെയുള്ളവ ഒഴിവാക്കാനാണ് നിര്‍ദ്ദേശം. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന കൊവിഡ് ഉന്നതതല യോഗത്തിലാണ് തീരുമാനം. പഞ്ചായത്തിനെ തല്‍ക്കാലം ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായ വാര്‍ഡുകള്‍ അത് പോലെ തന്നെ തുടരും. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കും. 152 ചട്ടലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 50 പേര്‍ക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സെക്ട്രല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ശക്തമായ നിരീക്ഷണത്തിലായിരിക്കും പഞ്ചായത്ത്. തിരക്കുള്ള സമയത്ത് പരിശോധന ശക്തമാക്കും. ബോധവല്‍ക്കരണ പരിപാടികളും അനൗണ്‍സ്‌മെന്റുകളും കൂടുതലായി നടപ്പാക്കും. റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും. മത്സ്യ മേഖലയുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വഞ്ചി ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ചട്ടലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ എഞ്ചിനും വള്ളവും പിടിച്ചെടുക്കുന്ന തരത്തിലുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പാല്‍ വിതരണം നടത്തുന്നവര്‍ പ്രത്യേകശ്രദ്ധ പാലിക്കണം. പഞ്ചായത്തിലെ പ്രധാന സെന്ററായ ചെന്ത്രാപ്പിന്നി സെന്ററിലെ കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുവാനും തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ആഘോഷങ്ങളും കൂടിച്ചേരലുകളും എല്ലാ വിഭാഗങ്ങളും ഒഴിവാക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അഭ്യര്‍ത്ഥിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ്, വൈസ് പ്രസിഡന്റ് എ വി സതീഷ്, സെക്രട്ടറി റിനി പോള്‍,

സെക്ടറല്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് ഹാരിസ്, മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ ഐശ്വര്യ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉണ്ണിക്കൃഷ്ണന്‍, അഡീഷണല്‍ എസ് ഐ റോയ് എബ്രഹാം, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it