Latest News

സാമ്പത്തിക സെൻസസ് തൃശൂർ ജില്ലയിൽ തുടരുന്നു; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്

സാമ്പത്തിക സെൻസസ് തൃശൂർ ജില്ലയിൽ തുടരുന്നു; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്
X

തൃശൂർ: സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും വിവരശേഖരണത്തിനുള്ള സാമ്പത്തിക സെൻസസ് ജില്ലയിൽ തുടരുന്നു. അഞ്ചുവർഷം കൂടുമ്പോഴാണ് സാമ്പത്തിക സെൻസസ് നടത്തുന്നത്. സെൻസസ് സംബന്ധിച്ച് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകളുടെ സഹകരണത്തോടെ രാജ്യമൊട്ടാകെ കോമൺ സർവീസ് സെന്റർ (CSC) നടത്തിവരുന്ന സാമ്പത്തിക സെന്‍സസുമായി ജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധികൃതര്‍ അറിയിച്ചു. 2020 ജനുവരിയിൽ ആരംഭിച്ച സർവ്വേ കോവിഡ് 19 ന്റെ സാഹചര്യത്തിൽ നിർത്തി വെക്കുകയായിരുന്നു. തുടർന്ന് ജൂലൈ മാസത്തിൽ പുനരാരംഭിച്ച സർവ്വേയോട് ജനങ്ങൾ സഹകരിക്കാത്ത സാഹചര്യത്തിലാണ് ജനങ്ങളോടുള്ള അധികൃതരുടെ അഭ്യർത്ഥന.

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സർക്കാർ നിശ്ചയിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചുകൊണ്ടാണ് സെൻസസ് നടത്തുന്നത്. കോമണ്‍ സര്‍വ്വീസ് സെന്റര്‍ മുഖേനയാണ് ജില്ലയില്‍ വിവരശേഖരണം നടത്തുന്നത്.

സാമ്പത്തിക സെന്‍സസ് എന്ത്, എന്തിന്?

രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കുകയും പ്രവര്‍ത്തനപരവും ഘടനാപരവുമായ വിവരങ്ങള്‍ ശേഖരിക്കുകയുമാണ് സാമ്പത്തിക സെന്‍സസിലൂടെ ചെയ്യുന്നത്. 1977 ല്‍ തുടങ്ങി ആറ് സെന്‍സസുകളാണ് ഇതുവരെ നടന്നത്. 2013 ലാണ് ആറാമത് സെന്‍സസ് നടത്തിയത്. ഓരോ പ്രദേശത്തേയും എല്ലാ തരത്തിലുമുള്ള ഗാര്‍ഹിക, വ്യാപാര, വ്യവസായ സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തി കാലാനുസൃതമായ പരിഷ്‌കരണങ്ങള്‍ക്കും വികസനത്തിനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിനുമാണ് സാമ്പത്തിക സെന്‍സസ് നടത്തുന്നത്. ഒരു നിശ്ചിത കാലയളവില്‍ ഓരോ വ്യക്തിയില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്താണ് ആ പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ മനസ്സിലാക്കാനും പരിഹാരം കണ്ടെത്താനും സാധ്യമാവുന്നത്. സെന്‍സസിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാല്‍ ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോട് പൂര്‍ണ്ണമായും സഹകരിക്കുകയും ചെയ്യണമെന്നും അധികൃതർ പറഞ്ഞു.

Next Story

RELATED STORIES

Share it