Latest News

കൊവിഡ്: പാലിയേക്കര ടോൾ പ്ലാസയിൽ അടിയന്തര നടപടിയുമായി കലക്ടർ

കൊവിഡ്: പാലിയേക്കര ടോൾ പ്ലാസയിൽ അടിയന്തര നടപടിയുമായി കലക്ടർ
X

തൃശൂർ: പാലിയേക്കര ടോൾ പ്ളാസയിലെ ജീവനക്കാർക്കിടയിൽ കൊവിഡ് രോഗബാധ രൂക്ഷമായതിനെ തുടർന്ന് അടിയന്തര നടപടിക്ക് ജില്ലാ കലക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

ചൊവ്വാഴ്ച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന 115 ജീവനക്കാരിൽ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബാക്കിയുള്ള 95 ജീവനക്കാർ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. മുഴുവൻ ജീവനക്കാരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റണമെന്നും ഡി എം ഒ നിർദേശിച്ചു.

ഈ സാഹചര്യത്തിൽ പ്ളാസയിൽ നിലവിലുള്ള മുഴുവൻ ജീവനക്കാരെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനോ ക്വാറന്റീനിലാക്കുന്നതിനോ നടപടി സ്വീകരിക്കണമെന്ന് നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്ക് നൽകിയ ഉത്തരവിൽ കലക്ടർ വ്യക്തമാക്കി.

പ്ളാസയിൽ പുതിയ സംഘത്തെ നിയോഗിച്ച് പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുമ്പ് കോവിഡ് മാനദണ്ഡത്തിലുള്ള ശുചീകരണം നടത്തണം. ചൊവ്വാഴ്ച ഇല്ലാതിരുന്ന 40 ജീവനക്കാരെ പരിശോധനയ്ക്ക് ഹാജരാക്കണമെന്നും കലക്ടർ വ്യക്തമാക്കി.

നിലവിലുള്ള സാഹചര്യത്തിൽ ജീവനക്കാരുടെ പരിശോധനകളും സാനിറ്റൈസേഷനും പൂർത്തിയാക്കി പ്ളാസയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാക്കുന്നതിന് കുറഞ്ഞത് 4 ദിവസമെങ്കിലും വേണ്ടി വരും.

Next Story

RELATED STORIES

Share it