Latest News

കലയും സംസ്‌കാരവും ചുവരില്‍ ചാലിച്ച് ഗുരുവായൂരിലെ ചുമര്‍ചിത്ര കലാകാരന്മാര്‍

കലയും സംസ്‌കാരവും ചുവരില്‍ ചാലിച്ച് ഗുരുവായൂരിലെ ചുമര്‍ചിത്ര കലാകാരന്മാര്‍
X

തൃശൂര്‍: വൈദ്യുത ഇടനാഴിയായ പവര്‍ ഗ്രിഡ് 2000 കെവിയുടെ കവാടത്തില്‍ കേരളത്തിന്റെ കലയും സംസ്‌കാരവും ചാലിച്ച് ഗുരുവായൂരിലെ ചുമര്‍ചിത്ര കലാകാരന്മാര്‍. കേരളത്തിലെ തന്നെ ആദ്യ ചുമര്‍ചിത്ര പഠന കേന്ദ്രമായ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചുമര്‍ചിത്ര പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളായിരുന്ന ദിലീപും ഹരിഹരനും സംഘവുമാണ് മണ്ണുത്തി മാടക്കത്തറയില്‍ ചായങ്ങളുടെ ദൃശ്യചാരുതയൊരുക്കിയത്.

പവര്‍ ഗ്രിഡിന്റെ കവാടത്തില്‍ 40 അടി നീളവും ഏഴടി ഉയരവുമുള്ള ഭിത്തിയില്‍ റിലീഫ് പെയിന്റിങ് കഴിഞ്ഞുള്ള 30 അടി നീളത്തിലും അഞ്ചടി ഉയരത്തിലുമാണ് ചുമര്‍ ചിത്രങ്ങള്‍. ഏഴോളം ആര്‍ട്ടിസ്റ്റുകള്‍ രണ്ടുമാസം കൊണ്ടാണ് പെയിന്റിങ് പൂര്‍ത്തീകരിച്ചത്. കേരള കള്‍ച്ചറല്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട തെയ്യം, കഥകളി, തിരുവാതിര, മോഹിനിയാട്ടം, വള്ളംകളി, തൃശൂര്‍ പൂരം തുടങ്ങി തീമുകളാണ് മ്യൂറലില്‍ ചിത്രീകരിച്ചിരിക്കുന്നത്. വടക്ക് മുതല്‍ തെക്ക് വരെയുള്ള കേരളത്തിലെ കലകളും സംസ്‌കാരവും ഉള്‍ചേര്‍ന്നുള്ള ചിത്രങ്ങളാണിവ.പവര്‍ഹൗസ് ആയതിനാല്‍ ചിത്രങ്ങള്‍ക്ക് നടുവില്‍ ഊര്‍ജ്ജവും പ്രകൃതിയുമായി ബന്ധപ്പെട്ട പഞ്ചഭൂത സങ്കല്പവും ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനോടുകൂടി ജ്ഞാനദര്‍ശനം നേടുന്ന ബുദ്ധനേയും സംയോജിപ്പിച്ചു കൊണ്ടാണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ചുമര്‍ചിത്ര കലയിലെ കാവി ചുവപ്പ്, കാവി മഞ്ഞ, പച്ച, നീല, വെള്ള തുടങ്ങിയ നിറങ്ങള്‍ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് ചുവരില്‍ ഒരുക്കിയിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളായിരുന്ന ദിലീപ്, ഹരി, ശ്രീക്കുട്ടന്‍, ശിവ, വിജിത്ത്, വിഷ്ണു, സുദര്‍ശന്‍, മോനിഷ് എന്നിവരും അജിത്ത്, രാഹുല്‍, അമല്‍ജിത്ത് എന്നീ ആര്‍ട്ടിസ്റ്റുകളും ഉദ്യമത്തില്‍ പങ്കാളികളായിരുന്നു. തീമുകളിലെ വൈവിധ്യം കൊണ്ടാണ് ഗുരുവായൂര്‍ ചുമര്‍ചിത്ര പഠനകേന്ദ്രത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഈ ചുമര്‍ ചിത്രങ്ങള്‍ ജന ശ്രദ്ധയാകര്‍ഷിക്കുന്നത്.

Next Story

RELATED STORIES

Share it