Latest News

റീബില്‍ഡ് കേരള: സംരംഭകത്വ വികസന പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കം

റീബില്‍ഡ് കേരള: സംരംഭകത്വ വികസന പദ്ധതിക്ക് തൃശൂര്‍ ജില്ലയില്‍ തുടക്കം
X

തൃശൂര്‍: റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് എന്റര്‍െ്രെപസസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന് തൃശൂര്‍ ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ ശ്രീനാരായണപുരം തേവര്‍പ്ലാസ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മതിലകം, ചേര്‍പ്പ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 15 കോടി രൂപയാണ് നല്‍കുന്നത്.

തിരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക- കാര്‍ഷികേതര മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പദ്ധതിയില്‍ അംഗങ്ങളാകാം. സംരംഭകര്‍ക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്ലോക്ക്തല സമിതികള്‍ ലഭ്യമാക്കും. തൃശൂര്‍ ജില്ലയില്‍ ആദ്യഘട്ടത്തില്‍ പ്രളയ ബാധിതമായ മതിലകം, ചേര്‍പ്പ്, ചാലക്കുടി എന്നീ ബ്ലോക്കുകളില്‍ പദ്ധതി അനുവദിച്ചു. രണ്ട് വര്‍ഷം കൊണ്ട് ഒരു ബ്ലോക്കില്‍ 1200 സംരംഭങ്ങള്‍ വീതം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി ഓരോ ബ്ലോക്കിനും അഞ്ച് കോടി വീതമാണ് അനുവദിച്ചിരിക്കുന്നത്. ബ്ലോക്ക്തല സമിതികള്‍ക്ക് കമ്മ്യൂണിറ്റി എന്റര്‍െ്രെപസസ് ഫണ്ടായി നല്‍കുന്ന 3 2 കോടി രൂപയില്‍ നിന്നാണ് വായ്പ അനുവദിക്കുക. വ്യക്തിഗത സംരംഭത്തിന് 50000 രൂപയും ഗ്രൂപ്പ് സംരംഭത്തിന് 150000 രൂപയും 4 ശതമാനം പലിശ നിരക്കില്‍ പരമാവധി രണ്ട് വര്‍ഷ തിരിച്ചടവ് കാലാവധിയില്‍ നല്‍കുന്നു.

ബ്ലോക്ക് പരിധിയിലെ നഗരഗ്രാമ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരും എം.ഇ കണ്‍വീനര്‍മാരും അടങ്ങിയ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍െ്രെപസ് പ്രൊമോഷനാണ് (ബി.എന്‍.എസ് ഇ പി) പദ്ധതിയുടെ നടത്തിപ്പ് ചുമതല. ബി.എന്‍.എസ്.ഇ.പിയെ സംരംഭ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്നതിന് എം.ഇ.സിമാര്‍ (മൈക്രോ എന്റര്‍െ്രെപസസ് കണ്‍സല്‍റ്റന്റ്) അടങ്ങിയ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഒരു ഓഫീസ് സംവിധാനമായി പ്രവര്‍ത്തിച്ച് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്നു. ഇവര്‍ സംരംഭകരെ കണ്ടെത്തുന്നത് അയല്‍ക്കൂട്ട മൊബിലൈസേഷന്‍ വഴിയാണ്. സംരംഭകര്‍ക്ക് കുടുംബ പിന്തുണ ലഭിക്കുന്നതിന് കുടുംബാംഗങ്ങളുമായി ടിഗറിങ് മീറ്റിംഗും നടത്തും. ഈ ഘട്ടം കടന്ന് വരുന്ന ആളുകളെ ഒരു ദിവസത്തെ ജനറല്‍ ഓറിയന്റേഷന്‍ പരിശീലനത്തിലും രണ്ട് ദിവസത്തെ എന്റര്‍െ്രെപസ് ഡെവലപ്‌മെന്റ് പരിശീലനത്തിലും പങ്കെടുപ്പിക്കുന്നു. കൂടാതെ നിശ്ചിത മേഖലയില്‍ പരിശീലനം വേണ്ട ആളുകള്‍ക്ക് കുടുംബശ്രീ ജില്ലാമിഷന്‍ എംപാനല്‍മെന്റിലൂടെ തിരഞ്ഞെടുത്ത ഏജന്‍സികള്‍ വഴി ഒരുക്കി കൊടുക്കുന്നു. സംരംഭങ്ങള്‍ക്ക് എം.ഇ.സിമാരുടെ സഹായത്തോടെ കമ്മിറ്റി അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാക്കും.

മതിലകം ബ്ലോക്കില്‍ ഇതുവരെയായി 20 എം.ഇ.സിമാരും 35 യൂണിറ്റുകളും ചേര്‍പ്പില്‍ 9 എം.ഇ.സിമാരും 64 യൂണിറ്റുകളും ചാലക്കുടിയില്‍ 12 എം.ഇ.സിമാരും 65 യൂണിറ്റുകളും ആരംഭിച്ചിട്ടുണ്ട്.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ മുഖ്യാതിഥിയായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. മതിലകം ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, ചേര്‍പ്പ് ബ്ലോക്ക് പ്രസിഡന്റ് എ കെ രാധാകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം അഹമ്മദ്, കെ എസ് ജയ, എസ് എന്‍ പുരം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനന്‍, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വിവിധ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it