Latest News

നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ ഒരു കോടി മുടക്കിയ കാര്‍ഡിയാക് ഐസിയു ഉണ്ടായിട്ടും രോഗികള്‍ക്ക് വഴിയില്‍ക്കിടന്ന് മരിക്കാനാണ് വിധി

ഒരു കോടി ചിലവിട്ട് സജ്ജീകരിച്ച കാര്‍ഡിയാക് ഐസിയുവില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ തയ്യാറാവാത്തുകാരണം ഹൃദയാഘാതം പോലെയുള്ളവ സംഭവിച്ചവര്‍ക്ക് അടിയന്തിര ചികില്‍സ നല്‍കാതെ കൈയൊഴിയുകയാണ്

നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ ഒരു കോടി മുടക്കിയ കാര്‍ഡിയാക് ഐസിയു ഉണ്ടായിട്ടും രോഗികള്‍ക്ക് വഴിയില്‍ക്കിടന്ന് മരിക്കാനാണ് വിധി
X
മലപ്പുറം: തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ മുതലുള്ള ലക്ഷക്കണക്കിനു രോഗികള്‍ ആശ്രയിക്കുന്ന നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയു സ്വകാര്യ മേഖലയെ സഹായിക്കാനുള്ള അഡ്ജസ്റ്റ്‌മെന്റ് കാരണം അകാല ചരമത്തില്‍. ഒരു കോടി ചിലവിട്ട് സജ്ജീകരിച്ച കാര്‍ഡിയാക് ഐസിയുവില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ തയ്യാറാവാത്തുകാരണം ഹൃദയാഘാതം പോലെയുള്ളവ സംഭവിച്ചവര്‍ക്ക് അടിയന്തിര ചികില്‍സ നല്‍കാതെ കൈയൊഴിയുകയാണ്. കഴിഞ്ഞ ദിവസം നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വി വി പ്രകാശ് ഹൃദയാഘാതം സംഭവിച്ച് വിദഗ്ധ ചികില്‍സക്ക് കൊണ്ടുപോകുന്നതിനിടെ വഴിയില്‍ മരണപ്പെട്ടിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയു പ്രവര്‍ത്തനസജ്ജമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്.


നെഞ്ചുവേദന വരുന്ന രോഗികള്‍ക്ക് ആദ്യത്തെ ഒരു മണിക്കൂറില്‍ (ഗോള്‍ഡന്‍ അവര്‍) വൈദ്യസഹായം ലഭിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അത്തരം രോഗികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചാല്‍ ഒരു ചികില്‍സയും നല്‍കാതെ മറ്റേതെങ്കിലും ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നതാണ് കാലങ്ങളായി ഇവിടെ തുടരുന്നത്. ഇത്തരത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രമധ്യേ ഹൃദ്രോഗികള്‍ മരണപ്പെടുന്ന എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്.


നെഞ്ചുവേദനയുമായി എത്തുന്നവര്‍ക്ക് ഹൃദയാഘാതം തടയുന്നതിന് അടിയന്തിരമായി രക്തം അലിയിക്കുന്ന ഇഞ്ചക്ഷന്‍ നല്‍കിയാല്‍ രക്ഷപ്പെടുത്താനാവുമെന്നും ഡോകര്‍മാര്‍ പറയുന്നു. ഈ ഇന്‍ജെക്ഷന്‍ കൊടുക്കാനുള്ള എല്ലാ സൗകര്യവും ഇപ്പോള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഉണ്ട്. എന്നാല്‍ കാഷ്വാലിറ്റിയില്‍ ഉള്ള എം.ബി.ബി.എസ് ഡോക്ട്ടര്‍ക്ക് ഇതിനുള്ള അധികാരം ഇല്ലാത്തതിനാല്‍ ഡോക്ടര്‍ ഈ രോഗിയെ റഫര്‍ ചെയ്യുകയാണ് പതിവ്. അടിയന്തരമായി ലഭിക്കേണ്ട ചികിത്സ ലഭിക്കാതെ വഴി മധ്യേ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് റഫര്‍ ചെയ്യുന്ന ഡോക്ടര്‍ക്കും അറിയാമെങ്കിലും വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ രോഗിയെ മനപ്പൂര്‍പ്പം മരണത്തിലേക്ക് തള്ളിയിടേണ്ടിവരുന്നു.


അത്യാഹിത വിഭാഗത്തില്‍ വരുന്ന രോഗികളെ, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ പരിശോധിച്ചു മാത്രം റഫര്‍ ചെയ്യുക എന്ന സംവിധാനം നടപ്പിലാക്കിയാല്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഒന്നില്‍ കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്ള വിഭാഗത്തില്‍ ഓണ്‍ കാള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയാല്‍ ഇതിന് പരിഹാരമാവുമെന്നാണ് ഡോക്ടര്‍മാര്‍ തന്നെ പറയുന്നത്. നിലവില്‍ നാല് ഫിസിഷ്യന്‍മാര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലുണ്ട്. എന്നാല്‍ രാത്രി സമയങ്ങളില്‍ അത്യാഹിതവിഭാഗത്തില്‍ എത്തുന്നവര്‍ക്ക് ഇവരില്‍ ഒരാളുടെ പോലും സേവനം ലഭിക്കുന്നില്ല.




Next Story

RELATED STORIES

Share it