Latest News

ഇമ്രാന്‍ ഖാനെതിരേ അവിശ്വാസപ്രമേയം; പാക് സുപ്രിംകോടതി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും

ഇമ്രാന്‍ ഖാനെതിരേ അവിശ്വാസപ്രമേയം; പാക് സുപ്രിംകോടതി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും
X

ഇസ് ലാമാബാദ്: അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കാതെ പാര്‍ലമെന്റ് പിരിച്ചുവിട്ട് മൂന്ന് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേയുള്ള കേസില്‍ പാക് സുപ്രിംകോടതി തിരഞ്ഞെടുപ്പ് ഓഫിസര്‍മാരെ വിളിച്ചുവരുത്തും. അവിശ്വാസപ്രമേയത്തെ നേരിടുന്നത് തടഞ്ഞ് പാക് പാര്‍ലമെന്റ് പിരിച്ചുവിട്ടാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത് തടഞ്ഞ ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ശരിയാണോയെന്ന കേസില്‍ അടുത്ത ദിവസം സുപ്രിംകോടതി വിധി പറയും. അതേ കേസിലാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുക. അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിച്ചതുവഴിയാണ് സര്‍ക്കാരിന് പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നടത്താന്‍ അവസരമൊരുങ്ങിയത്.

അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നെങ്കില്‍ ഇമ്രാന്‍ ഖാന് സ്ഥാനമൊഴിയേണ്ടിവരുമായിരുന്നു.

പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ പാകിസ്താന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി തെറ്റാണെന്ന് ചീഫ് ജസ്റ്റിസ് ഉമര്‍ അത് ബാന്‍ഡിയാല്‍ വ്യക്തമാക്കിയിരുന്നു. ദേശീയ താല്‍പര്യം പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബാന്‍ഡിയല്‍, ജസ്റ്റിസ് മുനീബ് അക്തര്‍, ജസ്റ്റിസ് ഐജാസുല്‍ അഹ്‌സന്‍, ജസ്റ്റിസ് മസര്‍ ആലം, ജസ്റ്റിസ് ജമാല്‍ ഖാന്‍ മണ്ടോഖേല്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ചിലാണ് കേസ് ഇപ്പോഴുള്ളത്.

കേസ് പരിഗണിക്കുന്നതിനു മുന്നോടിയായി ഇന്ന് സുപ്രിംകോടതിയ്ക്കു ചുറ്റും സുരക്ഷാസേന നിലയുറപ്പിച്ചിരുന്നു.

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം തള്ളിയ ശേഷം പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റ് പിരിച്ചുവിട്ടത് പാകിസ്താനില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

Next Story

RELATED STORIES

Share it