Latest News

അന്തിമഘട്ടത്തില്‍ ആര്‍ക്കും ആധിപത്യമില്ല; സാധ്യതാപട്ടികകളും സര്‍വേകളും അപ്രസക്തമാവുന്നു

അന്തിമഘട്ടത്തില്‍ ആര്‍ക്കും ആധിപത്യമില്ല; സാധ്യതാപട്ടികകളും സര്‍വേകളും അപ്രസക്തമാവുന്നു
X

തിരുവനന്തപുരം: എല്ലാ സര്‍വേഫലങ്ങളേയും അപ്രസക്തമാക്കുന്ന തരത്തിലാണ് അവസാനഘട്ട തിരഞ്ഞെടുപ്പ് ചിത്രം. പല മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാര്‍ ശക്തമായ മല്‍സരമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സര്‍വേകളിലെല്ലാം യുഡിഎഫിന് സാധ്യത കല്‍പിക്കുന്ന അരുവിക്കര മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാട്ടാക്കട ഏരിയ സെക്രട്ടറി അഡ്വ.സ്റ്റീഫന്‍, യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥിന് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അവസാന ഘട്ടത്തില്‍ സ്റ്റീഫന് അനുകൂല സാഹചര്യമാണ് മണ്ഡലത്തില്‍ കാണുന്നത്. സമുദായ സമവാക്യങ്ങള്‍ക്കപ്പുറമാണ് വോട്ടര്‍മാരുടെ മനോനില. വര്‍ക്കലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിറ്റിങ് എംഎല്‍എ വി ജോയിക്ക് തീര്‍പ്പുകല്‍പ്പിച്ചിരുന്നുവെങ്കിലും അന്തിമഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിആര്‍എം ഷെഫീര്‍ ശക്തമായ മൂന്നേറ്റം നടത്തുകയാണ്.

എന്‍എസ്എസ് സ്വാധീനം

തീപാറുന്ന പോരാട്ടം നടക്കുന്ന നേമത്ത് എന്‍എസ്എസിന് നല്ല അടിത്തറയാണുള്ളത്. എന്നാല്‍ എന്‍എസ്എസ് കരയോഗങ്ങളില്‍ എല്ലാ പാര്‍ട്ടികളുടെ പ്രവര്‍ത്തകരും അംഗങ്ങളാണ്്. അതുകൊണ്ട് തന്നെ ഒരു സ്ഥാനാര്‍ഥിക്ക് മാത്രമായി വോട്ടുകള്‍ കേന്ദ്രീകരിക്കുക പ്രയാസമാണ്. ബിജെപി സാന്നിധ്യമുള്ള വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, തിരുവനന്തപുരം സെന്‍ട്രല്‍ എന്നീ മണ്ഡലങ്ങളിലും എന്‍എസ്എസ് വോട്ടുകള്‍ മൂന്ന് മുന്നണികളിലുമായാണ് മാറുന്നത്. മൂന്ന് മുന്നണി പ്രവര്‍ത്തകരും കരയോഗത്തില്‍ സജീവമാണ്.

ബിഡിജെഎസ്-ബിജെപി നിലപാടുകള്‍

ബിഡിജെഎസ് വോട്ടുകള്‍ ഇത്തവണ ഭിന്നിക്കാനാണ് സാധ്യത. ബിഡിജെഎസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച പല സ്ഥലങ്ങളിലും ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് കല്ലുകടിയായി. അതുപോലെ തന്നെ, കുണ്ടറ, വര്‍ക്കല തുടങ്ങിയ പല മണ്ഡലങ്ങളിലും ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യില്ലെന്ന് ബിജെപിയും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തിരിച്ച് പല ബിജെപി സ്ഥാനാര്‍ഥികള്‍ക്കും ബിഡിജെഎസ് വോട്ട് ചെയ്യില്ലെന്നും വിവരമുണ്ട്. ഈ വോട്ടുകളില്‍ ഇടതുവലതു മുന്നണികള്‍ കണ്ണിവച്ചിട്ടുണ്ടെന്നാണ് അറിവ്. സര്‍വേ ഫലങ്ങളെ അട്ടിമറിക്കാന്‍ പര്യാപ്തമാണ് ബിഡിജെഎസ്-ബിജെപി നിലപാടുകള്‍.

സ്ത്രീവോട്ടര്‍മാര്‍

ഈ തിരഞ്ഞെടുപ്പില്‍ സ്ത്രീവോട്ടര്‍മാരുടെ മനസ്സാണ് ഇക്കുറി നിര്‍ണായകമാവുന്നത്. ചില സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് ഇക്കുറി സാധ്യത വരുന്നതും അതുകൊണ്ടാണ്. വനിതാ സ്ഥാനാര്‍ഥികള്‍ പലയിടത്തും ശ്രദ്ധേയമായ മുന്നേറ്റമാണ് ഇക്കുറി കാഴ്ചവക്കുന്നത്. പാറശ്ശാലയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അന്‍സജിത റസല്‍, കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണ, ആറ്റിങ്ങലിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ എസ് അംമ്പിക, വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി വീണ എസ് നായര്‍ എന്നിവര്‍ ശക്തമായ മല്‍സരമാണ് കാഴ്ചവക്കുന്നത്.




Next Story

RELATED STORIES

Share it