Latest News

ഇനി ഒരു പോലീസിനും ഒഴിപ്പിക്കാനാവില്ല, വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ രാജന് അന്ത്യ വിശ്രമം

ആശാരിപ്പണിക്കാരനായ രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് അവരെ ഇറക്കിവിടാനുള്ള ശ്രമമുണ്ടായത്.

ഇനി ഒരു പോലീസിനും ഒഴിപ്പിക്കാനാവില്ല, വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ രാജന് അന്ത്യ വിശ്രമം
X

നെയ്യാറ്റിന്‍കര : അയല്‍വാസിയുടെ ഭൂമി കൈയേറ്റ പരാതിയെ തുടര്‍ന്ന് ബലമായി ഒഴിപ്പിക്കാനെത്തിയ പോലിസിനെ ചെറുത്തുനില്‍ക്കുന്നതിനിടെ തീപ്പിടിച്ചു പൊള്ളലേറ്റു മരിച്ച രാജന് വിട്ടിറങ്ങാന്‍ തയ്യാറാകാതിരുന്ന മണ്ണില്‍ തന്നെ അന്ത്യ വിശ്രമം. രാജന്റെ രണ്ടു മക്കളും അഛനെ അവരുടെ മണ്ണില്‍ തന്നെ അടക്കം ചെയ്തു. നെയ്യാറ്റിന്‍കര പോങ്ങയില്‍ നെട്ടതോട്ടം കോളനിക്കു സമീപമുള്ള മൂന്നു സെന്റ് പുറംപോക്ക് ഭൂമിയിലെ വീടിനോട് ചേര്‍ന്നാണ് രാജന് അന്ത്യവിശ്രമസ്ഥാനമൊരുക്കിയത്. തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജന്‍ തിങ്കളാഴ്ച്ച രാവിലെയാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെ മരിച്ച ഭാര്യ അമ്പിളിയുടെ മൃതദേഹവും ഇന്ന് ഇതേ പുരയിടത്തില്‍ തന്നെ സംസ്‌കരിക്കും.


രാജന്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് അയല്‍വാസി വസന്ത നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭൂമി ഒഴിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടപ്പാക്കാന്‍ എത്തിയ പോലീസ് പരാതിക്കാര്‍ക്കു വേണ്ടി ധൃതിപിടിച്ചു നടത്തിയ ഇടപെടലാണ് രാജന്റെയും അമ്പിളിയുടെയും ആത്മഹത്യാ ശ്രമത്തിനും മരണത്തിനും കാരണമായത്. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ഭാര്യയെ ചേര്‍ത്തു പിടിച്ചുകൊണ്ട് ലൈറ്റര്‍ കത്തിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ രാജനെ അനുനയിപ്പിക്കുന്നതിനു പകരം പോലീസ് ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചപ്പോള്‍ ദേഹത്ത് വീണതാണ് രണ്ടുപേര്‍ക്കും തീപ്പിടിക്കാന്‍ കാരണമായത്.


പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ അലംഭാവമുണ്ടായതായി ആരോപണം ഉയര്‍ന്നിരുന്നു. മരണപ്പെട്ട രാജന്റെ അന്ത്യാഭിലാഷപ്രകാരം അതേ മണ്ണില്‍ തന്നെ അടക്കം ചെയ്യാന്‍ മക്കള്‍ കുഴിയെടുത്തപ്പോഴും പോലീസ് തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ആശാരിപ്പണിക്കാരനായ രാജന്‍ വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സ്ഥലത്ത് നിന്നാണ് അവരെ ഇറക്കിവിടാനുള്ള ശ്രമമുണ്ടായത്. മക്കളായ രാഹുല്‍ പഠനശേഷം വര്‍ക്ക് ഷോപ്പില്‍ ജോലിക്കായി പോകുകയാണ്. രഞ്ജിത്ത് പ്ലസ്ടു കഴിഞ്ഞയാളാണ്.




Next Story

RELATED STORIES

Share it