Latest News

കാർഷിക കടം എഴുതി തള്ളാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി.

ടി എന്‍ പ്രതാപന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം സഭയെ അറിയിച്ചത്.

കാർഷിക കടം എഴുതി തള്ളാൻ സർക്കാരിന് ഉദ്ദേശ്യമില്ലെന്ന് മന്ത്രി.
X

ന്യൂഡൽഹി: കാർഷിക കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച നിർദേശങ്ങളൊന്നും നിലവിൽ കേന്ദ്രസർക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര കാർഷിക, കർഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ, ടി എൻ പ്രതാപൻ എം പിയുടെ ഇത് സംബന്ധിച്ച ചോദ്യത്തിന് ലോകസഭയിൽ രേഖാമൂലം മറുപടി നൽകി.

2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം നിലവിലുള്ളതിനേക്കാൾ ഇരട്ടയാക്കുന്നതിനായി ആവശ്യമായ പദ്ധതികളും പരിഷ്കാരങ്ങളും നിർദേശിക്കാൻ 2016 ൽ ഒരു മന്ത്രി തല സംഘത്തെ നിയോഗിച്ചിരുന്നു. 2019 ജനുവരിയിൽ അവർ റിപ്പോർട് സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കർഷക ക്ഷേമം ഉറപ്പുവരുത്താൻ കാർഷിക മേഖലയിലേക്കുള്ള വിവിധ പദ്ധതികൾ നിരീക്ഷിക്കുന്നതിന് ഒരു റിവ്യൂ മോണിറ്ററിങ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തതായി മന്ത്രി ടി എൻ പ്രതാപന് നൽകിയ മറുപടിയിൽ പറയുന്നു.

മണ്ണിന്റെ ഗുണമേന്മ നിലനിർത്തുന്നതിനും കീട നാശിനികളുടെയും വളങ്ങളുടെയും ഉപയോഗം ശാസ്ത്രീയമാക്കുന്നതിനും സോയിൽ കാർഡ് ലഭ്യമാക്കുന്നുണ്ട്. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ 'പരമ്പരാഗത് കൃഷി വികാസ് യോജന' എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. ജലസേചന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 'പെർ ഡ്രോപ്പ് മോർ ക്രോപ്പ്' എന്ന പദ്ധതിയുണ്ടെന്നും പ്രതാപന് മന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.

കർഷകർക്ക് ഓൺലൈൻ വിപണി എളുപ്പമാക്കുന്നതിനായി 'ഇ-നാം' എന്ന സംവിധാനം ഒരിക്കിയിട്ടുണ്ട്. വിളകൾക്ക് ഇൻഷുറൻസ് നൽകാനുള്ള പദ്ധതിയാണ് പ്രധാന മന്ത്രി ഫസൽ ഭീം യോജന. കൂടാതെ പ്രതിവർഷം 2000 രൂപയുടെ മൂന്ന് ഗഡുക്കളായി 6000 രൂപ കർഷകർക്ക് വിതരണം ചെയ്യുന്ന പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയും കർഷക ക്ഷേമം ലക്ഷ്യം വെച്ചുള്ളതാണെന്നും മറുപടിയിലുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണത്തെ സംബന്ധിച്ച വിവരം ആവശ്യപ്പെട്ട ചോദ്യത്തിൽ നിന്ന്, അത് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിക്കുന്ന കണക്കിൽ കാണുമെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.

Next Story

RELATED STORIES

Share it