Latest News

പാലക്കാട് സമ്പത്ത് കസ്റ്റഡി കൊലപാതകം: രണ്ട് പോലിസുകാരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

പാലക്കാട് സമ്പത്ത് കസ്റ്റഡി കൊലപാതകം: രണ്ട് പോലിസുകാരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി
X

കൊച്ചി: പാലക്കാട് സമ്പത്ത് കസ്റ്റഡി കൊലപാതക കേസില്‍ പ്രതികളായ രണ്ട് പോലിസുകാരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎസ്പി സി കെ രാമചന്ദ്രന്‍, സിവില്‍ പോലിസ് ഓഫിസര്‍ ബിനു ഇട്ടൂപ്പ് എന്നിവരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍ നിന്ന് നീക്കിയത്. തങ്ങളെ പ്രതിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇരുവരും സമര്‍പ്പിച്ച ഹരജിയിലാണ് വിധി. കേസിലെ മറ്റ് നാല് പ്രതികള്‍ക്കെതിരേ കോടതി ഉടന്‍ കുറ്റം ചുമത്തിയേക്കും. സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയ പോലിസ് കസ്റ്റഡി കൊലക്കേസിലാണ് രണ്ട് പ്രതികളെ കോടതി വിചാരണകൂടാതെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

2010 മാര്‍ച്ച് 29ന് കൊലക്കേസ് പ്രതിയായ സമ്പത്തിനെ മലമ്പുഴയില്‍ റിവര്‍ സൈഡ് കോട്ടേജില്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ രണ്ട് ഉദ്യോഗസ്ഥര്‍ പോലിസ് രേഖകള്‍ തിരുത്തി കൃത്രിമം കാണിച്ചു എന്നതായിരുന്നു ആരോപണം. മറ്റ് പോലിസ് ഓഫിസര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്ത് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള കുറ്റവും ഇവര്‍ക്കെതിരേ ചുമത്തിയിരുന്നു. കേസില്‍ ഐപിഎസ് ഓഫിസര്‍മാരായ വിജയ് സാക്കറെയ്ക്കും മുഹമ്മദ് യാസീനും സിബിഐ നേരത്തെ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

ജോണ്‍സണ്‍, ബ്രിജിത്ത്, അബ്ദുല്‍ റഷീദ്, ശിലന്‍, കെ രാമചന്ദ്രന്‍, കെ മാധവന്‍, വിപിന്‍ദാസ് എന്നിവരാണ് ഇപ്പോള്‍ കേസിലെ പ്രതികള്‍. പ്രതികളില്‍ ഒരാളുടെ വിടുതല്‍ ഹരജി സിബിഐ കോടതിയുടെ പ്രത്യേക പരിഗണനയിലാണ്. ആദ്യം സംസ്ഥാന പോലിസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐയ്ക്ക് കൈമാറി. പാലക്കാട് പുത്തൂരിലെ ഷീല കൊലപാതകക്കേസ് പ്രതിയായിരുന്നു കൊല്ലപ്പെട്ട സമ്പത്ത്. ചോദ്യം ചെയ്യലിനിടെ കടുത്ത ശാരീരിക മര്‍ദ്ദനമേറ്റതാണ് മരണകാരണമെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്.

Next Story

RELATED STORIES

Share it