Latest News

പാലുവള്ളി നിസാറുദ്ദീന്‍ മൗലവി; പണ്ഡിത ശാക്തീകരണത്തിന് ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥന്‍

ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ലക്ഷ്യബോധവും ആര്‍ജ്ജവവുമുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനുള്ള യജ്ഞത്തിലായിരുന്നു അദ്ദേഹം

പാലുവള്ളി നിസാറുദ്ദീന്‍ മൗലവി; പണ്ഡിത ശാക്തീകരണത്തിന് ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ത്ഥന്‍
X

തിരുവനന്തപുരം: പണ്ഡിത ശാക്തീകരണത്തിന് ജീവിതം ഉഴിഞ്ഞ് വെച്ച നിസ്വാര്‍ഥനായിരുന്നു പാലുവള്ളി നിസാറുദ്ദീന്‍ മൗലവി. ഹിന്ദുത്വ ഫാഷിസത്തിന്റെ അപകടം പണ്ഡിതന്മാരെ ബോധ്യപ്പെട്ടുത്തുന്നതിനും സമുദായത്തെ ഐക്യപ്പെടുത്തുകയുമായിരുന്നു മൗലവിയുടെ ദൗത്യം. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകാലം ആര്‍ജ്ജവമുള്ള പണ്ഡിതന്മാരെ വാര്‍ത്തെടുക്കാനുള്ള യജ്ഞത്തിലായിരുന്നു അദ്ദേഹം. നിസ്വാര്‍ഥതയും ലാളിത്വവും കൊണ്ട് ആ ദൗത്യം പൂര്‍ത്തീകരിക്കുന്നതില്‍ നിസാര്‍ മൗലവി ഏതാണ്ട് വിജയിച്ചു എന്നു പറയാം. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സിലിന്റെ മുഴുവന്‍ സമയ സംസ്ഥാന ജനറല്‍ സെക്രട്ടറി പദം വരെ അദ്ദേഹം അലങ്കരിച്ചിരുന്നു.

ഏറെ നാളായി കിടപ്പിലായിരുന്ന നിസാര്‍ മൗലവിയെ കാണാന്‍ കേരളത്തിന്റെ വിവിധ കോണുകളില്‍ നിന്ന് നിരവധി പേര്‍ എത്തിക്കൊണ്ടിരുന്നു. എന്‍ഡിഎഫ് കാലം മുതല്‍ സമുദായിക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു നിസാര്‍ മൗലവി. പണ്ഡിതന്മാരുടെ നാടായ പാങ്ങോട് പാലുവള്ളിയില്‍ നിന്നുള്ള നിസാര്‍ മൗലവിയുടെ ദൗത്യം മൗലവിമാരുടെ ഇടയിലായതും യാദൃശ്ചികമല്ല. തെക്കന്‍ കേരളത്തിലെ വലിയൊരു വിഭാഗം പണ്ഡതന്മാരെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാനും പുതിയ ശാക്തീകരണ വഴികള്‍ അവരെ പരിചയപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പണ്ഡിതന്മാരെ മാത്രമല്ല, സാധാരണ ജനങ്ങളെയും സംഘടന ആശയങ്ങള്‍ ഏറ്റവും ലളിതമായി പകര്‍ന്ന് നല്‍കാന്‍ മൗലവിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. കയര്‍ത്ത് സംസാരിക്കുകയോ ദേഷ്യപ്പെടുകയോ നിസാര്‍ മൗലവിയുടെ രീതിയല്ല. ഇമാംസ് കൗണ്‍സില്‍ ചുമലത വഹിക്കുന്നതിന് മുന്‍പ് എന്‍ഡിഎഫിലും പോപുലര്‍ ഫ്രണ്ടിലും നേതൃപരമായ ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.

എല്ലാറ്റിലുമുപരി സംഘടന പ്രവര്‍ത്തകരെ ഇസ്‌ലാമിക വഴിയില്‍ സംസ്‌കരിച്ചെടുക്കുന്ന ദൗത്യവും മൗലവിക്കുണ്ടായിരുന്നു. അത്തരം സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗ്രാമ ഗ്രാമാന്തരങ്ങളില്‍ രാവും പകലും നിരന്തര യാത്രകളിലായിരുന്നു അദ്ദേഹം.

മദ്രസക്കോ പള്ളിക്കോ ഉള്ളില്‍ ഒതുങ്ങിക്കൂടാതെ സാമൂഹിക ശാക്തീകരണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു നിസാര്‍ മൗലവി. അതുകൊണ്ട് തന്നെയാണ് സമൂഹത്തിന്റെ വ്യത്യസ്ഥ തുറകളിലുള്ള നിരവധി പേര്‍ കിഴുനിലയിലെ വീട്ടിലേക്കും തോട്ടുപുറം ജുമുഅ പള്ളിയിലേക്കും ഒഴുകിയെത്തിയത്. ദീര്‍ഘകാലം ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗമായിരുന്നു.

മേക്കോണ്‍ മുഹമ്മദ് കുഞ്ഞ് മൗലവി (മേക്കോണ്‍ ഉസ്താദ്) യില്‍ നിന്നും മതപഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം പൂവാര്‍, പൊഴിയൂര്‍, ബാലരാമപുരം തുടങ്ങിയ മഹല്ലുകളില്‍ പ്രധാന അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു. രണ്ടര വര്‍ഷക്കാലം രോഗബാധിതനായി കിഴുനിലയിലെ സ്വവസതിയില്‍ വിശ്രമത്തിലായിരുന്നു.

കെഎംവൈഎഫ് നേതാവ് കടയ്ക്കല്‍ ജുനൈദ്, എസ്ഡിപിഐ സംസ്ഥാന മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍, പാങ്ങോട് മന്നാനിയ്യ കോളജ് പ്രിന്‍സിപ്പല്‍ ഷാഫി മാന്നാനി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി സക്കീര്‍ ഹുസൈന്‍ മൗലവി, ഷാജഹാന്‍ മൗലവി, കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ശംസുദ്ധീന്‍ മൗലവി, എ ഇബ്രാഹിം മൗലവി, ഇ സുല്‍ഫി, സഫീര്‍ ഖാന്‍ മാന്നാനി, ഷീറാസി മൗലവി, ഹസന്‍ ബസരി മൗലവി, ഷമീം അമാനി ആറ്റിങ്ങല്‍, ഫിറോസ് ഖാന്‍ മൗലവി, ശറഫുദ്ധീന്‍ മൗലവി പള്ളിക്കല്‍ തുടങ്ങിയവര്‍ ജനാസയെ അനുഗമിച്ചു.

തോട്ടുപുറം പാലുവള്ളി ജുമാമസ്ജിദിലെ ജനാസ നമസ്‌കാരാനന്തരം അനുസ്മരണ യോഗം നടന്നു. അനുസ്മരണ യോഗത്തില്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ഫത്തഹുദ്ദീന്‍ റഷാദി അധ്യക്ഷത വഹിച്ചു. ഇമാംസ് കൗണ്‍സില്‍ ദേശീയ ഖജാന്‍ജി കരമന അഷ്‌റഫ് മൗലവി, കെ കെ സുലൈമാന്‍ മൗലവി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെഎച്ച് നാസര്‍, ഇ സുല്‍ഫി, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹലീം മൗലവി, ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ ജില്ലാ വൈസ് പ്രസിഡന്റ് പുലിപ്പാറ റഹ്മത്തുല്ല മൗലവി, അല്‍ കൗസര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പുലിപ്പാറ റഹ്മ്ത്തുല്ല മൗലവി, എംഇഎം അഷ്‌റഫ് മൗലവി, പനവൂര്‍ നവാസ് മന്നാനി എന്നിവര്‍ സംബന്ധിച്ചു.


Next Story

RELATED STORIES

Share it