Latest News

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഡിസംബര്‍ 1മുതല്‍ പ്രഖ്യാപിച്ച ഭാഗിക പൊതുമാപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഉച്ച മുതല്‍ ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് വ്യക്തമാക്കി. ഇന്ത്യന്‍ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ എമര്‍ജ്ജന്‍സി സര്‍ട്ടിഫിക്കറ്റ് ( ഔട്ട് പാസ്) ലഭിച്ചവര്‍ ഇതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല. പകരം എംബസിയില്‍ എത്തി അവയുടെ കാലാവധി പുതുക്കിയാല്‍ മതിയാകുന്നതാണു. ഇത് ലളിതമായ നടപടിക്രമങ്ങള്‍ വഴി ഉടന്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കുന്നതാണ്. അതേപോലെ നേരത്തെ എമര്‍ജ്ജന്‍സി സര്‍ട്ടിഫിക്കറ്റ് വാങ്ങിയവര്‍ അവരുടെ താമസരേഖ നിയമവിധേമാക്കി രാജ്യത്ത് തുടരാനാണു ആഗ്രഹിക്കുന്നതെങ്കില്‍ ഔട് പാസ് തിരികെ വാങ്ങി അവര്‍ക്ക് പുതിയ പാസ്സ്‌പോര്‍ട്ട് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ താമസ നിയമ ലംഘകര്‍ക്ക് പിഴയടച്ച ശേഷം മാത്രമേ താമസരേഖ നിയമ വിധേയമാക്കുവാനോ രാജ്യം വിടുവാനോ സൗകര്യമുള്ളത്. ഇത് സംബന്ധിച്ച് കുവൈത്ത് അധികൃതരില്‍ നിന്ന് കൂടുതല്‍ വ്യക്തത തേടുമെന്നും സ്ഥാനപതി അറിയിച്ചു. ഈ അവസരം എല്ലാ ഇന്ത്യക്കാരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നിലവിലെ സാഹചര്യത്തില്‍ പ്രതിമാസം ഒരു തവണ ഓപ്പണ്‍ ഹൗസ് പരിപാടി സംഘടിപ്പിക്കുമെന്നും സിബി ജോര്‍ജ്ജ് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള എഞ്ചിനീയര്‍മ്മാര്‍ നേരിടുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിപാടിയില്‍ ഉന്നയിക്കപ്പെട്ടു. ഇത് പരിഹരിക്കാന്‍ കുവൈത്ത് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരുന്നതായി സ്ഥാനപതി അറിയിച്ചു.

Next Story

RELATED STORIES

Share it