Latest News

കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി

രാഷ്ട്രത്തോടുള്ള പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂര്‍ണ രൂപം

കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി
X

എന്റെ പ്രിയപ്പെട്ട സഹ പൗരന്മാരേ,

കൊറോണ എന്ന മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടം അതിശക്തമായും ദൃഢചിത്തതയോടെയും മുന്നോട്ടു പോകുകയാണ്. നിങ്ങളുടെ എല്ലാം സംയമനം, തപസ്സ്, ത്യാഗം എന്നിവ കൊണ്ടു മാത്രമാണ് കൊറോണ വ്യാപനം കൊണ്ട് ഉണ്ടായേക്കാവുന്ന നാശ നഷ്ടങ്ങളെ വലിയ തോതില്‍ ഒഴിവാക്കാന്‍ ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞത്. നിങ്ങളുടെ രാജ്യത്തെ രക്ഷിക്കുന്നതിന്, നിങ്ങളുടെ ഇന്ത്യയെ രക്ഷിക്കുന്നതിന് നിങ്ങള്‍ വളരെ അധികം കഷ്ടപ്പാടാണ് സഹിച്ചത്.

നിങ്ങള്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് എനിക്ക് നന്നായി അറിയാം. ചിലര്‍ ഭക്ഷണത്തിന്, ചിലര്‍ ഒരിടത്തു നിന്നും മറ്റൊരു സ്ഥലത്തേക്കു സഞ്ചരിക്കുന്നതില്‍, മറ്റുള്ളവര്‍ സ്വന്തം വീട്ടില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതില്‍. എന്നിരിക്കിലും നിങ്ങളുടെ രാജ്യത്തിനു വേണ്ടി, നിങ്ങള്‍ അച്ചടക്കമുള്ള ഒരു സൈനികനെ പോലെ നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റുകയാണ്. നമ്മുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന 'നാം, ഇന്ത്യയിലെ ജനങ്ങള്‍' എന്നതിന്റെ കരുത്താണ് ഇത്.

ഇന്ത്യയിലെ ജനതയായ നമ്മുടെ ഐക്യത്തിന്റെ ഈ വരച്ചുകാട്ടല്‍, ബാബാ സാഹിബ് ഡോ. ഭീം റാവു അംബേദ്കറുടെ ജന്മ വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിനു നല്‍കുന്ന ശ്രദ്ധാഞ്ജലി കൂടിയാണ്. ബാബാ സാഹിബിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നത് ഓരോ വെല്ലുവിളിയെയും നിശ്ചയദാര്‍ഢ്യത്തോടെയും കഠിന പ്രയത്‌നത്തിന്റെ സഹായത്താലും നേരിടാനാണ്. നമുക്ക് എല്ലാവര്‍ക്കും വേണ്ടി ബാബാ സാഹിബിനു മുന്നില്‍ ഞാന്‍ ശിരസ്സു നമിക്കുന്നു.

സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ വിവിധ ഉത്സവങ്ങളുടെ കാലം കൂടിയാണ്. വൈശാഖി, പൊഹേല ബൊയ്ശാഖ്, പുത്താണ്ട്, വിഷു തുടങ്ങിയ ഉത്സവങ്ങളോടൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ പുതിയ വര്‍ഷം ആരംഭിച്ചിരിക്കുകയാണ്. ഈ ലോക്ക് ഡൗണ്‍ കാലത്തെ നിര്‍ദേശങ്ങള്‍ പാലിച്ച്, സംയമനത്തോടെ അവരവരുടെ വീടുകളില്‍ തന്നെ കഴിഞ്ഞ് ഈ ഉത്സവങ്ങള്‍ ആഘോഷിക്കുന്നത് ശരിക്കും പ്രശംസനീയമാണ്. പുതുവത്സര ആഘോഷങ്ങളുടെ ഈ സമയത്ത്, നിങ്ങളുടെ നല്ല ആരോഗ്യം കാംക്ഷിക്കുകയും അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ, ഇന്ന് ലോകമെങ്ങും കൊറോണ മഹാമാരിയുടെ അവസ്ഥ എന്താണ് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് നന്നായി അറിയാം. മറ്റു രാജ്യങ്ങളുടെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ അണുബാധ തടയാന്‍ ഇന്ത്യ സ്വീകരിച്ച രീതികളില്‍ നിങ്ങള്‍ പങ്കാളികള്‍ മാത്രമല്ല സാക്ഷികളും കൂടിയാണ്. കൊറോണ ബാധിച്ച ഒരു രോഗിയെ പോലും സ്ഥിരീകരിക്കുന്നതിന് വളരെ മുമ്പു തന്നെ, കൊറോണ ബാധിക്കപ്പെട്ട രാജ്യങ്ങളില്‍ നിന്നു വന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വച്ച് ഇന്ത്യ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കൊറോണ രോഗികളുടെ എണ്ണം 100 എന്ന സംഖ്യയില്‍ എത്തുന്നതിനു മുമ്പു തന്നെ, വിദേശത്തു നിന്നും വന്ന എല്ലാ പൗരന്മാര്‍ക്കും 14 ദിവസത്തെ ഐസൊലേഷന്‍ ഇന്ത്യ നിര്‍ബന്ധമാക്കിയിരുന്നു. വിവിധ ഇടങ്ങളിലെ മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍ എന്നിവയൊക്കെ അടച്ചു പൂട്ടി. നമുക്ക് വെറും 550 കൊറോണ കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത സമയത്ത്, 21 ദിവസത്തെ സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ എന്ന വലിയ ചുവടു വയ്പ് ഇന്ത്യ നടത്തി. പ്രശ്‌നം രൂക്ഷമാകുന്നതു വരെ ഇന്ത്യ കാത്തിരുന്നില്ല. അതിനു പകരം, പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ദ്രുത ഗതിയില്‍ നടപടികള്‍ എടുത്തു പ്രശ്‌നം മുളയിലേ നുള്ളിക്കളയാന്‍ തീരുമാനിക്കുകയായിരുന്നു.

സുഹൃത്തുക്കളേ, ഇത്തരം ഒരു പ്രതിസന്ധി സമയത്ത് നമ്മുടെ സാഹചര്യത്തെ മറ്റേതെങ്കിലും രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നിരുന്നാലും, ലോകത്തിലെ വലിയ, കരുത്തുറ്റ രാജ്യങ്ങളിലെ കൊറോണയുമായി ബന്ധപ്പെട്ട കണക്കുകള്‍ പരിശോധിച്ചാല്‍, ഇന്ത്യ ഇന്ന് ഈ മഹാമാരിയെ വളരെ നന്നായി കൈകാര്യം ചെയ്യുന്നു എന്നു കാണാനാകും. കൊറോണ അണുബാധയുടെ കാര്യത്തില്‍ ഒരു മാസവും, ഒന്നര മാസവും മുമ്പ്, നിരവധി രാജ്യങ്ങള്‍ക്കു തുല്യമായിരുന്നു ഇന്ത്യയിലെ കണക്കുകള്‍. എന്നാല്‍ ഇന്ന്, ആ രാജ്യങ്ങളിലെ കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയേക്കാള്‍ 25 മുതല്‍ 30 മടങ്ങ് വരെ അധികമാണ്. ആ രാജ്യങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ദാരുണമായി മരിച്ചു. ദ്രുതവും നിര്‍ണ്ണായകവുമായ നടപടികള്‍ സ്വീകരിച്ച് സമഗ്രവും സംയോജിതവുമായ സമീപനത്തിലേക്ക് ഇന്ത്യ മാറിയില്ലായിരുന്നു എങ്കില്‍ ഇന്ന് ഇന്ത്യയുടെ സ്ഥിതി തികച്ചും വ്യത്യസ്തമാകുമായിരുന്നു.

നാം ശരിയായ പാത തെരഞ്ഞെടുത്തു എന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ അനുഭവത്തില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍, ലോക്ക് ഡൗണ്‍ എന്നിവ നടപ്പിലാക്കിയതിലൂടെ നമ്മുടെ രാജ്യം വളരെയധികം നേട്ടമുണ്ടാക്കി. സാമ്പത്തിക പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ മാത്രമാണ് ഇതിന് നിശ്ചയമായും ഒരുപാട് വില നമ്മള്‍ കൊടുക്കേണ്ടി വന്നു എന്നു മനസ്സിലാക്കുന്നത്. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളുടെ ജീവന്‍ കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ താരതമ്യപ്പെടുത്താനേ കഴിയില്ല എന്നു വ്യക്തമാണ്. നമ്മുടെ പരിമിതമായ വിഭവങ്ങള്‍ക്കുള്ളില്‍ നിന്ന് ഇന്ത്യ സ്വീകരിച്ച പാത ഇന്ന് ലോകമെമ്പാടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്നു.

രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. പക്ഷേ സുഹൃത്തുക്കളേ, നാം നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കിടയിലും കൊറോണ മഹാമാരി പടരുന്ന രീതി ആരോഗ്യ വിദഗ്ധരെയും ലോകമെമ്പാടുമുള്ള സര്‍ക്കാരുകളെയും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പ്രേരിപ്പിക്കുകയാണ്. കൊറോണയ്‌ക്കെതിരായ പോരാട്ടം ഇന്ത്യയില്‍ എങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞാന്‍ സംസ്ഥാനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗണ്‍ തുടരണമെന്ന് എല്ലാവരും നിര്‍ദ്ദേശിച്ചു. ലോക്ക് ഡൗണ്‍ തുടരാന്‍ പല സംസ്ഥാനങ്ങളും ഇതിനകം തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

സുഹൃത്തുക്കളേ, എല്ലാ നിര്‍ദ്ദേശങ്ങളും മനസ്സില്‍ വച്ചുകൊണ്ട്, ഇന്ത്യയിലെ ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടാന്‍ തീരുമാനിക്കേണ്ടി വന്നിരിക്കുയാണ്. അതിന്റെ അര്‍ത്ഥം മെയ് മൂന്നു വരെ നാം ഓരോരുത്തരും ലോക്ക് ഡൗണില്‍ തുടരേണ്ടി വരും എന്നാണ്. ഈ സമയത്ത്, നാം ഇപ്പോള്‍ തുടര്‍ന്നു പോരുന്ന രീതിയില്‍ തന്നെ അച്ചടക്കം പാലിക്കുന്നത് നീട്ടിക്കൊണ്ടു പോകണം.

പുതിയ പ്രദേശങ്ങളിലേക്ക് കൊറോണ വൈറസ് വ്യാപനം അനുവദിക്കരുത് എന്നാണ് എന്റെ എല്ലാ സഹ പൗരന്മാരോടും എന്റെ അഭ്യര്‍ത്ഥനയും പ്രാര്‍ത്ഥനയും. പ്രാദേശിക തലത്തില്‍ പോലും ഒരു പുതിയ രോഗി ഉണ്ടായാല്‍ അക്കാര്യത്തില്‍ നാം വളരെ ശ്രദ്ധാലുക്കളാകണം. കൊറോണ വൈറസ് ബാധിച്ചുള്ള ഒരു രോഗിയുടെ പോലും ദാരുണമായ മരണം നമ്മുടെ ആശങ്ക ഇനിയും വര്‍ദ്ധിപ്പിക്കും.

അതുകൊണ്ടു തന്നെ, തീവ്ര രോഗബാധിത പ്രദേശങ്ങളുടെ കാര്യത്തില്‍ നാം അതിയായ ജാഗ്രത പാലിക്കണം. തീവ്ര രോഗ ബാധിത പ്രദേശങ്ങളായി മാറുന്ന സ്ഥലങ്ങളുടെ കാര്യത്തില്‍ നമുക്ക് സൂക്ഷ്മവും കര്‍ശനവുമായ നിരീക്ഷണം നടത്തേണ്ടതുണ്ട്. പുതിയ തീവ്ര രോഗ ബാധിത പ്രദേശങ്ങളുടെ സൃഷ്ടി നമ്മുടെ കഠിനാധ്വാനത്തെയും തപസ്സിനെയും കൂടുതല്‍ വെല്ലുവിളിക്കും. അതിനാല്‍, കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി സൂക്ഷ്മതയും കടുത്ത തീരുമാനങ്ങളും വരുന്ന ഒരാഴ്ചത്തേയ്ക്കൂ കൂടി നമുക്കു ദീര്‍ഘിപ്പിക്കാം.

ഏപ്രില്‍ 20 വരെ, ഓരോ പട്ടണവും, ഓരോ പോലീസ് സ്‌റ്റേഷനും, ഓരോ ജില്ലയും, ഓരോ സംസ്ഥാനവും ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ എത്രത്തോളം പാലിക്കുന്നുവെന്ന് വിലയിരുത്തും. കൊറോണ വൈറസില്‍ നിന്ന് ഈ പ്രദേശങ്ങള്‍ എത്രത്തോളം സ്വയം പരിരക്ഷിച്ചിരിക്കുന്നു എന്ന് വിലയിരുത്തും.

ഈ ലിറ്റ്മസ് ടെസ്റ്റില്‍ വിജയിക്കുന്ന പ്രദേശങ്ങള്‍, പിന്നീട് തീവ്ര രോഗ ബാധിത പ്രദേശങ്ങളില്‍ പെടില്ല. മാത്രമല്ല തീവ്ര ബാധിത പ്രദേശമായി മാറാനുള്ള സാധ്യതയും കുറവാണ്. ഏപ്രില്‍ 20 നു ശേഷം ഈ പ്രദേശങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട, ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിച്ചേക്കാം. എന്നിരുന്നാലും, ഈ അനുമതി സോപാധികമായിരിക്കും എന്ന കാര്യം ഓര്‍മ്മിക്കുക. കൂടാതെ പുറത്തു പോകാനുള്ള നിയമങ്ങളും വളരെ കര്‍ശനമായിരിക്കും. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുകയും കൊറോണ വൈറസ് വ്യാപനം വീണ്ടും അപകടകരമാം വിധം വര്‍ധിക്കുകയും ചെയ്താല്‍ ഉടന്‍ അനുമതി പിന്‍വലിക്കുകയും ചെയ്യും. അതിനാല്‍, നാം സ്വയം അശ്രദ്ധരാകില്ലെന്നും മറ്റാരെയും അതിന് അനുവദിക്കില്ലെന്നും ഉറപ്പാക്കണം. ഇതു സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം സര്‍ക്കാര്‍ നാളെ പുറപ്പെടുവിക്കും.

സുഹൃത്തുക്കളേ, നമ്മുടെ പാവപ്പെട്ട സഹോദരീ സഹോദരന്മാരുടെ ഉപജീവന മാര്‍ഗ്ഗത്തിന്റെ കാര്യം മനസ്സില്‍ വച്ചുകൊണ്ടാണ് 20ാം തീയതിക്ക് ശേഷം, തെരഞ്ഞെടുക്കപ്പെടുന്ന ഈ പ്രദേശങ്ങളില്‍ ഈ പരിമിതമായ ഇളവ് നല്‍കുന്നത്. അന്നന്നത്തെ സമ്പാദ്യത്തിനുള്ള വക കണ്ടെത്തുന്നവരും ദിവസക്കൂലിക്കാരും ആരൊക്കെയാണോ അവര്‍ എന്റെ കുടുംബാംഗങ്ങളാണ്. എന്റെ ഏറ്റവും വലിയ മുന്‍ഗണനകളിലൊന്ന് അവരുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുക എന്നതാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ക്കും വില കൊടുക്കും.

റാബി വിളകളുടെ വിളവെടുപ്പും പുരോഗമിക്കുകയാണ് ഈ ദിവസങ്ങളില്‍. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

സുഹൃത്തുക്കളേ, രാജ്യത്ത് മരുന്നുകള്‍, ഭക്ഷണത്തിനുള്ള റേഷന്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ആവശ്യത്തിനുണ്ട്. വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങള്‍ നിരന്തരം നീക്കം ചെയ്യുന്നു. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും നാം അതിവേഗം കാര്യങ്ങള്‍ നടപ്പാക്കുന്നു. കൊറോണ വൈറസ് പരിശോധനയ്ക്കായി ജനുവരിയില്‍ ഒരു പരിശോധനാ ലാബ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, നമുക്ക് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായ 220 ലധികം പരിശോധനാ ലാബുകള്‍ ഉണ്ട്. ഓരോ 10,000 രോഗികള്‍ക്കും 1,500 1,600 കിടക്കകള്‍ ആവശ്യമാണെന്ന് ആഗോളതലത്തിലെ അനുഭവം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇന്ന് ഒരു ലക്ഷത്തിലധികം കിടക്കകള്‍ നാം സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല, 600 ലധികം ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കു മാത്രമായി നീക്കിവച്ചിട്ടുണ്ട്. നാം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ സൗകര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ, ഇന്ത്യക്ക് ഇന്ന് പരിമിതമായ വിഭവങ്ങളാണ് ഉള്ളത് എങ്കിലും ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞരോട് എനിക്ക് ഒരു പ്രത്യേക അഭ്യര്‍ത്ഥനയുണ്ട് കൊറോണ വൈറസിനെ ചെറുക്കുന്നതിനായി ഒരു വാക്‌സിന്‍ സൃഷ്ടിക്കുന്നതിന് മുന്നോട്ട് വരിക; ലോക ക്ഷേമത്തിനായി, മനുഷ്യരാശിയുടെ ക്ഷേമത്തിനായി.

സുഹൃത്തുക്കളേ, നാം ക്ഷമയോടെ തുടരുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്താല്‍, കൊറോണയെ പോലെയുള്ള ഒരു മഹാമാരിയെപ്പോലും പരാജയപ്പെടുത്താന്‍ നമുക്ക് കഴിയും. ഈ ആത്മധൈര്യത്തിന്റെയും വിശ്വാസത്തിന്റെയും പിന്‍ബലത്തില്‍, അവസാനം ഏഴു കാര്യങ്ങളില്‍ ഞാന്‍ നിങ്ങളുടെ പിന്തുണ തേടുകയാണ്.

ആദ്യത്തെ കാര്യം

നിങ്ങളുടെ വീടുകളിലെ പ്രായമായവരെ, പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗമുള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. നാം അവരെ കൂടുതല്‍ ശ്രദ്ധിക്കുകയും കൊറോണ വൈറസ് ബാധയേല്‍ക്കാതെ സംരക്ഷിക്കുകയും വേണം.

രണ്ടാമത്തെ കാര്യം

ലോക്ക് ഡൗണിന്റെയും സാമൂഹിക അകലത്തിന്റെയും 'ലക്ഷ്മണ രേഖ' പൂര്‍ണ്ണമായും പാലിക്കുക. ഗൃഹ നിര്‍മിത മുഖാവരണങ്ങളുടെയും മാസ്‌കുകളുടെയും ഉപയോഗം കൃത്യമാക്കുക.

മൂന്നാമത്തെ കാര്യം

നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. ചൂടുവെള്ളം പതിവായി ഉപയോഗിക്കുക.

നാലാമത്തെ കാര്യം

കൊറോണ അണുബാധ പടരാതിരിക്കാന്‍ സഹായിക്കുന്നതിന് ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക.

അഞ്ചാമത്തെ കാര്യം

പാവപ്പെട്ട കുടുംബങ്ങളെ നിങ്ങള്‍ക്ക് കഴിയുന്നത്ര സഹായിക്കുക. പ്രത്യേകിച്ചും അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുക.

ആറാമത്തെ കാര്യം

നിങ്ങളുടെ ബിസിനസ്സിലോ വ്യവസായത്തിലോ നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളോട് അനുകമ്പ കാണിക്കുക. അവരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്താതെ ഇരിക്കുക.

ഏഴാമത്തെ കാര്യം

നമ്മുടെ രാജ്യത്തിന്റെ കൊറോണ പോരാളികളെ നമ്മുടെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ശുചീകരണ പ്രവര്‍ത്തകരെയും പോലീസ് സേനയെയും ബഹുമാനിക്കുക.

സുഹൃത്തുക്കളെ, മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നിയമങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെ പാലിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ എവിടെ ആണെങ്കിലും സുരക്ഷിതമായി തുടരുക.

''വയം രാഷ്ട്രേ ജാഗൃത്യാ''

നാം എല്ലാവരും നമ്മുടെ ജനതയെ ശാശ്വതവും ഉണര്‍വുള്ളതുമായി നിലനിര്‍ത്തും ഈ ചിന്തയോടെ, ഞാന്‍ ഉപസംഹരിക്കുന്നു.

വളരെയധികം നന്ദി!

Next Story

RELATED STORIES

Share it