Latest News

സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സപോണ്‍സേര്‍ഡ് സര്‍വ്വേകളെന്ന് രമേശ് ചെന്നിത്തല

സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സപോണ്‍സേര്‍ഡ് സര്‍വ്വേകളെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് കിഫ്ബി സ്‌പോണ്‍സേര്‍ഡ് സര്‍വേകളാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ ചില ഉത്തരേന്ത്യന്‍ സര്‍വ്വേ കമ്പനികളും മാധ്യമ ധര്‍മം മറന്ന ഏതാനും മാധ്യമങ്ങളും പറയുന്നതുപോലെയല്ല കാര്യങ്ങളെന്നും പിണറായിക്ക് തുടര്‍ഭരണം പ്രഖ്യാപിക്കുന്നത് വിവേചനബുദ്ധിയോടെ പെരുമാറുന്ന മലയാളികളെ ചെറുതാക്കിക്കാണുന്നതിന് തുല്യമാണെന്നും ചെന്നിത്തല ആരോപിച്ചു.

അഞ്ചു വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിനെതിരേ ശക്തമായ ജനവികാരം കേരളത്തിലുണ്ടെന്ന് അഭിപ്രായപ്പെട്ട രമേശ് ചെന്നിത്തല യുഡിഎഫിന്റെ യോഗങ്ങളിലെ ജനപങ്കാളിത്തം ഇതാണ് തെളിയിക്കുന്നതെന്നും വിശദീകരിച്ചു.

മാഫിയാ കേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരേ ജനങ്ങളില്‍ വലിയ വികാരമുണ്ടായിട്ടുണ്ട്. ഇതിനെതിരേ ജനവികാരവുമുണ്ട്. ഈ അടിയൊഴുക്ക് മാറ്റാനുള്ള വിഫല ശ്രമമാണ് സര്‍വ്വേകള്‍ വഴി ഇപ്പോള്‍ നടക്കുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കിഫ്ബി സ്‌പോണ്‍സേര്‍ഡ് സര്‍വ്വേകളാണ്. 200 കോടി രൂപയുടെ പരസ്യമാണ് ഗവണ്‍മെന്റിന്റെ അവസാന കാലഘട്ടത്തില്‍ നല്‍കിയത്. മാധ്യമങ്ങള്‍ക്ക് പരസ്യം കൊടുക്കുന്നതിന് ആരും എതിരല്ല പക്ഷേ അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കുന്ന നരേന്ദ്ര മോദിയുടെ അതേ പരിപാടിയാണ് കേരളത്തില്‍ നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മാധ്യമങ്ങള്‍ അവയുടെ ധര്‍മം മറക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സ്ഥാനാര്‍ഥികളും പ്രകടനപത്രികയും വരുന്നതിനു മുമ്പാണ് കേരളത്തില്‍ ചില മാധ്യമങ്ങള്‍ സര്‍വ്വേ നടത്തുന്നത്. ഒരു സര്‍വ്വേ ഏജന്‍സി തന്നെ നാല് മാധ്യമങ്ങള്ക്ക് വേണ്ടി സര്‍വ്വേ നടത്തുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഭരണകക്ഷിയും പ്രതിപക്ഷവും അനിവാര്യമായ ഘടകങ്ങളാണ്. ഭരണകക്ഷിക്ക് കൊടുക്കുന്ന അതേ സ്‌പേസ് പ്രതിപക്ഷത്തിനും നല്‍കേണ്ടതാണ്. അതാണ് ജനാധിപത്യ മര്യാദ. ആ മര്യാദകള്‍ പോലും ലംഘിച്ചുകൊണ്ട് ഏകപക്ഷീയമായ നിലപാടുകളാണ് ചില ദൃശ്യമാധ്യമങ്ങളും അച്ചടി മാധ്യമങ്ങളും നടത്തുന്നത്. ജനങ്ങളുടെ സര്‍വ്വേ ഏപ്രില്‍ ആറിന് നടക്കും. അതില്‍ വിജയിക്കുന്നത് യുഡിഎഫ് തന്നെ ആയിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it