Latest News

സരോവരം ഓപ്പണ്‍ ജിംനേഷ്യം തുറക്കുന്നത് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

സരോവരം ഓപ്പണ്‍ ജിംനേഷ്യം തുറക്കുന്നത് വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം
X

കോഴിക്കോട് :

ജില്ലാ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

സരോവരം ഓപ്പണ്‍ ജിംനേഷ്യം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത് വേഗത്തിലാക്കാന്‍ കലക്ടര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എം.എല്‍.എയുമായി സംസാരിച്ച് ഉടന്‍ തന്നെ ഉദ്ഘാടനം സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടില്‍ നിര്‍മ്മാണത്തിന് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചതായി ജില്ലാ വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.

തിരുവമ്പാടി മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. മണ്ഡലത്തില്‍ ഇലക്ട്രിക് ചാര്‍ജ് പോയിന്റുകള്‍ സ്ഥാപിക്കുന്നത് ഉടൻ ആരംഭിക്കുമെന്നും ഒരാഴ്ചയ്ക്കകം പണി പൂര്‍ത്തീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരുവമ്പാടി വടകര മാഹി കനാലിന്റെ ഭാഗമായുള്ള മൂഴിക്കല്‍ ലോക്ക് കം ബ്രിഡ്ജിന്റെ മെക്കാനിക്കല്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങി. ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെട്ട കൊല്ലം ചിറ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ ധാരണയായി.

മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന രണ്ട് വി.സി.ബികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പെരുവയല്‍ പഞ്ചായത്തിലെ കായലം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ ശുചീകരണ പ്രവൃത്തി ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ച് വേഗത്തിലാക്കുമെന്ന് കുറ്റ്യാടി ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

അമ്പലക്കുന്ന് എസ്.ടി കോളനിയുടെ തുടര്‍ പ്രവൃത്തികള്‍ക്ക് ഡി.പി.ആര്‍ ലഭ്യമായതായി ജില്ലാ പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. എടുത്തുവച്ചകല്ല് പട്ടികജാതി കോളനിയിലെ നവീകരണ പ്രവൃത്തിയും കരിങ്കളിമ്മല്‍ കോളനിയിലെ കുടിവെള്ള പ്രശ്‌ന പരിഹാരവും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍മ്മിതി കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കും ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

വടകര സിവില്‍ സ്റ്റേഷനിലെ ഓരോ ഓഫീസിനും പ്രത്യേകം മീറ്റര്‍ സ്ഥാപിക്കണമെന്നും വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

ജലജീവന്‍ മിഷന്‍ പൈപ്പ് ഇടുന്നതിനായി റോഡുകള്‍ പൊളിക്കുന്നതും റിക്കവറി തുക കൈമാറുന്നതില്‍ കാലതാമസം വരുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ പി.ഡബ്ല്യു.ഡി, ജലജീവന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സംസാരിക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. കുടിവെള്ള പ്രശ്‌നത്തിന് ജല സംരക്ഷണ പ്രവർത്തനവും തടയണ നിര്‍മ്മാണവും അനിവാര്യമാണെന്ന് ലിന്റോ ജോസഫ് എം.എല്‍.എ യോഗത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇക്കാര്യം പരിശോധിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

എം.എല്‍.എമാരായ പി.ടി.എ റഹീം, കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, കെ.എം സച്ചിന്‍ദേവ്, എ.ഡി.എം സി. മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it