Latest News

ഷര്‍ജീല്‍ ഇമാം കേസ്: അസ്സലാമു അലൈക്കും 'വര്‍ഗീയ' അഭിസംബോധനയെന്ന് പ്രോസിക്യൂട്ടര്‍; വ്യാപക പ്രതിഷേധം

ഷര്‍ജീല്‍ ഇമാം കേസ്: അസ്സലാമു അലൈക്കും വര്‍ഗീയ അഭിസംബോധനയെന്ന് പ്രോസിക്യൂട്ടര്‍; വ്യാപക പ്രതിഷേധം
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണകൂട സംവിധാനങ്ങളുടെ വര്‍ഗീയ മനഃസ്ഥിതി വ്യക്തമാക്കി ഷര്‍ജീല്‍ ഇാം കേസില്‍ പ്രോസിക്യൂട്ടറുടെ ഇടപെടല്‍. സിഎഎ പ്രതിഷേധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗം അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് ആരംഭിച്ചതെന്നും അത് വര്‍ഗീയ മനഃസ്ഥിതിയുടെ ഭാഗമാണെന്നുമുള്ള ഡല്‍ഹി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അമിത് പ്രസാദിന്റെ ഇടപെടലാണ് പ്രതിഷേധം വരുത്തിവച്ചിരിക്കുന്നത്. കേസില്‍ ഡല്‍ഹി പോലിസ് എഴുതിവച്ച വാദങ്ങള്‍ അതേപടി ആവര്‍ത്തിക്കുകയായിരുന്നു പ്രോസിക്യൂട്ടര്‍.

''ഷര്‍ജീല്‍ ഇമാം തന്റെ പ്രസംഗം അസ്സലാമു അലൈക്കും എന്ന് പറഞ്ഞാണ് തുടങ്ങിയത്. ഒരു സമുദായത്തെ മാത്രമാണ് ഈ സംബോധന സൂചിപ്പിക്കുന്നത്''-പ്രത്യേക പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് പറഞ്ഞു. 2019ല്‍ രണ്ട് സര്‍വകലാശാലകളില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗത്തില്‍ അസമിനെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നിന്ന് വേര്‍പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നാണ് പോലിസ് ആരോപിക്കുന്നത്.

പ്രസംഗത്തില്‍ സമരരംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടത് ഒരു സമുദായത്തോടാണ്. പ്രസംഗം അതീവ സങ്കുചിതവും വിഭാഗീയവുമാണ്. പ്രസംഗം പൊതുജനങ്ങള്‍ക്കുവേണ്ടിയായിരുന്നില്ല. രാജ്യത്ത് അരാജകത്വം ഉണ്ടാക്കാനായിരുന്നു ശ്രമം- പ്രസാദ് കോടതിയില്‍ വാദിച്ചു.

പ്രോസിക്യൂട്ടറുടേത് വര്‍ഗീയപരാമര്‍ശമാണെന്നാരോപിച്ച് നിരവധി പ്രമുഖര്‍ രംഗത്തുവന്നു.

ഷര്‍ജീല്‍ ഇമാമിനെതിരേ തുറന്ന വര്‍ഗീയ ആക്രമണമാണ് പ്രോസിക്യൂട്ടര്‍ നടത്തിയതെന്ന് കവിതാ കൃഷ്ണന്‍ ആരോപിച്ചു.

ഒരാളോട് ഗുഡ് മോര്‍ണിങ് എന്ന് ആശംസിച്ചാല്‍ ഇംഗ്ലണ്ടിലെ ജനങ്ങളെയാണോ നാം അഭിസംബോധന ചെയ്യുന്നതെന്ന് മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അന്ന എംഎം ട്വീറ്റ് ചെയ്തു.

ഏത് വാക്കുപയോഗിച്ചും അഭിവാദ്യം ചെയ്യുന്നത് കുറ്റകൃത്യമല്ലെന്ന് അക്കദമീഷ്യന്‍ നന്ദിനി സുന്ദര്‍ അഭിപ്രായപ്പെട്ടു. അതിനെ അത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ രോഗാതുരമായ ഒരു മനസ്സിനേ കഴിയൂ എന്നും അവര്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it