Latest News

തടവറകൊണ്ട് തളര്‍ത്താനാകില്ല; രാജ്യം ആര്‍എസ്എസ് നിയന്ത്രണത്തിലെന്നും അഷ്‌വാന്‍ സാദിഖ്

ജയിലില്‍ കഴിയുന്ന മലയാളി തടവുകാരെ വിട്ടയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും കത്തെഴുതണമെന്ന് മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍ ആവശ്യപ്പെട്ടു

തടവറകൊണ്ട് തളര്‍ത്താനാകില്ല; രാജ്യം ആര്‍എസ്എസ് നിയന്ത്രണത്തിലെന്നും അഷ്‌വാന്‍ സാദിഖ്
X

തിരുവനന്തപുരം: രാജ്യം ആര്‍എസ്എസ് നിയന്ത്രണത്തിലാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി അഷ്‌വാന്‍ സാദിഖ്. വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമാന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഒരു ചര്‍ച്ചയുമില്ലാതെ കരിനിയമങ്ങള്‍ പാസാക്കുകയാണ്. നിയമവിരുദ്ധമായി ബാബരി മസ്ജിദിന്റെ സ്ഥാനത്ത് അമ്പലം പണിയുന്നു. ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ് രാജ്യം. ഭരണഘടയുടെ അനുച്ഛേദം 370 റദ്ദാക്കിയശേഷം ബിജെപി സര്‍ക്കാര്‍ പറഞ്ഞത് കശ്മീരിന് നല്ലദിനങ്ങള്‍ വരുമെന്നാണ്. അവിടത്തെ ടൂറിസം സമ്പന്നമാവുമെന്നാണ്. പക്ഷേ, സംഭവിച്ചത് മറിച്ചാണ്. കശ്മീരില്‍ മിലിട്ടറി രാജാണ് നിലനില്‍ക്കുന്നത്. വിയോജിപ്പുകളെ അംഗീകരിക്കാത്ത ഫാഷിസ്റ്റു ഭരണകൂടത്തിന് കീഴിലാണ് നമ്മള്‍ ജീവിക്കുന്നത്.


സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ കരിനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചു. വൃദ്ധനും രോഗിയുമായ സ്റ്റാന്‍ സ്വാമിക്ക് അടിസ്ഥാന വൈദ്യസഹായം പോലും അനുവദിച്ചില്ല. കാംപസ് മുന്‍ ദേശീയ ഖജാന്‍ജി അതീഖുറഹ്മാന്‍ ജയിലാണ്. അതീഖിന് ഹൃദയ സംബന്ധിയായ അസുഖങ്ങളുണ്ട്. ഹൃദയവാല്‍വിന് സര്‍ജറി ആവശ്യമാണെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. സര്‍ജറി നടത്തിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാവും. യുപി ജയിലുള്ള അതീകിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. മതിയായ ചികില്‍സ ലഭിച്ചില്ലെങ്കില്‍ സ്റ്റാന്‍ സ്വാമിക്ക് സംഭവിച്ചത് അതീക്കിനും സംഭവിക്കും. മര്‍വാന്‍ ഹൈദര്‍, ഒമര്‍ ഖാലിദ് അങ്ങനെ നിരവധി പേര്‍ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു.

'റഊഫ് ഷെരീഫ്, അതീക്, മസൂദ്, തുടങ്ങിയവരെല്ലാം നിങ്ങള്‍ ജയിലിലടച്ചു. നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഇത്തരം ഫാഷിസ്റ്റ് നീക്കങ്ങള്‍കൊണ്ട് കാംപസ് ഫ്രണ്ടിനെ തകര്‍ക്കാനാവില്ല. കാംപസ്ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നിങ്ങള്‍ക്ക് തളര്‍ത്താനായിട്ടില്ല. ഒരു അതീഖിനെയോ മസൂദിനെയോ റഊഫിനെയോ കൊണ്ടുപോയാലും പകരം ആയിരം അതീഖുമാരെയും റഊഫുമാരെയും മസൂദുമാരെയും ഞങ്ങള്‍ സൃഷ്ടിക്കും. അതിനെ നിങ്ങള്‍ക്ക് തടയാനാവില്ല. ഇന്ത്യയില്‍ ഒരു ദിനം വരും, അന്ന് ഞങ്ങള്‍ ഫാഷിസ്റ്റുകളോട് പകരം ചോദിക്കും. ഫാഷിസത്തിനെതിരേ ശബ്ദിച്ചതിന് ഇന്ന് തടവില്‍കഴിയുന്നവര്‍, നാളെ ഈ തെരുവുകളില്‍ ഫാഷിസ്റ്റുകളോട് പകരം ചോദിക്കും. തെരുവില്‍ തൂക്കിലേറ്റപ്പെട്ടാലും നിലപാടില്‍ നിന്ന് ഞങ്ങള്‍ പിന്മാറില്ല. അവസാനം വരെ പൊരുതും. ഈ ശബ്ദം നിലയ്ക്കില്ല'-അഷ് വാന്‍ സാദിഖ് പറഞ്ഞു.

ജയിലില്‍ കഴിയുന്ന മലയാളി തടവുകാരെ വിട്ടയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും കത്തെഴുതണമെന്ന് മുന്‍ മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍ ധര്‍ണയില്‍ പങ്കെടുത്ത് ആവശ്യപ്പെട്ടു.

കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഫായിസ് കണിച്ചേരി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എഎസ് മുസമ്മില്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് കെഎച്ച് നാസര്‍, എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി റെനി ഐലിന്‍, എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം പികെ ഉസ്മാന്‍, മൈനോറിറ്റി റൈറ്റ്‌സ് വാച്ച് സെക്രട്ടറി എഎം നദ്‌വി, മുഹമ്മദ് ചെറുവാടി, കാംപസ് ഫ്രണ്ട് സൗത്ത് ജില്ലാ പ്രസിഡന്റ് ഉമര്‍ മുഖ്താര്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it