Latest News

മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂപ്പടന്നയും ചീപ്പുംച്ചിറയും വികസിപ്പിക്കണമെന്ന് സിപിഎം

മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരൂപ്പടന്നയും ചീപ്പുംച്ചിറയും വികസിപ്പിക്കണമെന്ന് സിപിഎം
X

മാള: കരൂപ്പടന്ന, ചീപ്പുംച്ചിറ പ്രദേശങ്ങളിലെ വികസനത്തിനായി സിപിഎം രംഗത്ത്. കരൂപടന്ന ചീപ്പുംച്ചിറയെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്തണമെന്ന് സിപിഎം വെള്ളാങ്കല്ലൂര്‍ സൗത്ത് ലോക്കല്‍ സമ്മേളനം പ്രമേത്തിലൂടെ ആവശ്യപ്പെട്ടു. നിരവധി ആളുകള്‍ ദിനേന വൈകുന്നേരങ്ങളിലും മറ്റും മാനസീകോല്ലാസത്തിനായി എത്തുന്ന ചീപ്പുഞ്ചിറയില്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പുഴയോരത്ത് വിശ്രമ കേന്ദ്രവും ചാരുബെഞ്ചുകളുമൊന്നുമില്ലാത്തത് കാരണം ഇവിടെ എത്തുന്നവര്‍ക്ക് ഇരുന്ന് കാഴ്ച്ചകള്‍ കാണാന്‍ പോലും സൗകര്യമില്ലാത്ത സാഹചര്യമാണുള്ളത്.

എസ്എന്‍ പുരം, മതിലകം, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളോടും കൊടുങ്ങല്ലൂര്‍ നഗരസഭയോടും അതിര്‍ത്തി പങ്കിടുന്ന കരൂപ്പടന്ന പുഴയോരത്തെ ചീപ്പുഞ്ചിറയുടെ വികസനം പ്രദേശ വാസികളുടെ ചിരകാല സ്വപ്നമാണ്. കാനോലി കനാലിലൂടെ കോതപറമ്പ്, പനങ്ങാട്, മതിലകം, പൂവത്തുംകടവ്, വള്ളിവട്ടം, പുല്ലൂറ്റ്, കായല്‍ ഭാഗങ്ങളിലൂടെ ബോട്ട് സവാരി ആരംഭിക്കാനുള്ള സാദ്ധ്യതകളും ഇവിടെയുണ്ട്. പുഴയോരത്ത് കുട്ടികളുടെ പാര്‍ക്ക് ഉള്‍പ്പെടുന്ന വിനോദ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ചീപ്പുഞ്ചിറയെ വികസിപ്പിക്കാന്‍ കഴിയും. നിരവധി ആളുകള്‍ എത്തുന്ന ഇവിടെ ഫുഡ് കിച്ചണ്‍ ആരംഭിക്കാനുള്ള സൗകര്യങ്ങളുമുണ്ട്.

പുഴമീനുകളുടെ വിപണന കേന്ദ്രമായും ചീപ്പുഞ്ചിറയെ വികസിപ്പിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുന്ന വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചീപ്പുഞ്ചിറ പ്രദേശം സൗന്ദര്യവത്ക്കരണം നടത്തി വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രസീഡിയം കെ പി മോഹനന്‍, എം എം മുകേഷ്, പി ആര്‍ രതീഷ്, ബിന്ദു ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം എം മുകേഷ് സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പുതുക്കാട് എംഎല്‍എയുമായ കെ കെ രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യം ചെയ്ത് ജില്ലാ കമ്മിറ്റി അംഗം എം രാജേഷ്, മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.

കെ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു. സമ്മേളനം കെ ഉണ്ണികൃഷ്ണനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി പിആര്‍ രതീഷ്, കെ ഉണ്ണികൃഷ്ണന്‍, കെ പി മോഹനന്‍, വി ആര്‍ സുരേഷ്, ഷാജി ആറ്റാശ്ശേരി, വി എ സജേഷ്, എം എം മുകേഷ്, ഉമ്മര്‍ ഫാറൂഖ്, പ്രസന്ന അനില്‍കുമാര്‍, ബിന്ദു ഉണ്ണികൃഷ്ണന്‍, സി കെ തിലകന്‍, ഇ ആര്‍ മുരളീധരന്‍, വി എസ് മണിക്കുട്ടന്‍, അന്‍സില്‍ എന്നിവരെ തിരഞ്ഞെടുത്തു.

Next Story

RELATED STORIES

Share it