Latest News

നാടുകടത്തല്‍ പ്രക്രിയ പുതിയതല്ല; അമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് എസ് ജയശങ്കര്‍

നാടുകടത്തല്‍ പ്രക്രിയ പുതിയതല്ല; അമേരിക്കയുടെ നാടുകടത്തല്‍ നടപടിയെ ന്യായീകരിച്ച് എസ് ജയശങ്കര്‍
X

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ നാടു കടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയെ ന്യായീകരിച്ച് വിദേശകാര്യ മന്ത്രി ഡോ എസ്. ജയശങ്കര്‍. 'നാടുകടത്തല്‍ പ്രക്രിയ പുതിയതല്ല,നിയമപരമായ സഞ്ചാരം പ്രോത്സാഹിപ്പിക്കുകയും നിയമവിരുദ്ധമായ സഞ്ചാരം നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടത് നമ്മുടെ കൂട്ടായ താല്‍പ്പര്യമാണ്. വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തിയാല്‍ അവരുടെ പൗരന്മാരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണ്'' എന്നായിരുന്നു രാജ്യസഭയില്‍ എസ് ജയശങ്കറുടെ പ്രസ്താവന. നാടുകടത്തപ്പെട്ടവരോട് അമേരിക്കന്‍ സര്‍ക്കാര്‍ പെരുമാറിയ രീതിയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയിലാണ് പ്രസ്താവന.

അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. ഇതിനേ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ച് പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്തത്.

എന്നാല്‍ വിദേശകാര്യമന്ത്രി തന്റെ മറുപടിയുലുടനീളം അമേരിക്കകനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. അമേരിക്കയുടെ നാടുകടത്തല്‍ നയത്തെ ന്യായീകരിച്ച അദ്ദേഹം, നാടുകടത്തപ്പെട്ടവരോട് ഒരു തരത്തിലും മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാന്‍ തങ്ങള്‍ യുഎസ് സര്‍ക്കാരുമായി സംസാരിക്കുന്നുണ്ടെന്നും അനധികൃത കുടിയേറ്റ വ്യവസായത്തിനെതിരായ ശക്തമായ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ സഭ നന്ദിയുള്ളവരായിരിക്കുമെന്നും പറഞ്ഞു. നാടുകടത്തപ്പെട്ടവര്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ ഏജന്റുമാര്‍ക്കും അത്തരം ഏജന്‍സികള്‍ക്കുമെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.വിദേശത്ത് നിയമവിരുദ്ധമായി താമസിക്കുന്നതായി കണ്ടെത്തിയാല്‍ അവരുടെ പൗരന്മാരെ തിരിച്ചെടുക്കേണ്ടത് എല്ലാ രാജ്യങ്ങളുടെയും ബാധ്യതയാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

കൊളംബിയ പോലുള്ള രാജ്യങ്ങള്‍ക്ക് ഒരു വിമാനം അയച്ച് അവരുടെ പൗരന്മാരെ അന്തസ്സോടെ തിരികെ കൊണ്ടുവരാന്‍ കഴിയുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്വ്യവസ്ഥയായ ഇന്ത്യക്ക് പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഒരു വിമാനം അയയ്ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സ്ത്രീകളെയും കുട്ടികളെയും യുഎസ് അധികാരികള്‍ തടഞ്ഞിട്ടില്ലെന്നും, ഭക്ഷണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നാടുകടത്തപ്പെട്ടവരുടെ ആവശ്യങ്ങള്‍' പരിഗണിച്ചിട്ടുണ്ടെന്നുമായിരുന്നു ജയശങ്കറിന്റെ മറുപടി.

Next Story

RELATED STORIES

Share it