Big stories

ബംഗാളില്‍ വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം; എട്ടുപേര്‍ മരിച്ചു, നിരവധി പേരെ കാണാതായി (വീഡിയോ)

ബംഗാളില്‍ വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം; എട്ടുപേര്‍ മരിച്ചു, നിരവധി പേരെ കാണാതായി (വീഡിയോ)
X

കൊല്‍ക്കത്ത: ബംഗാളില്‍ ദുര്‍ഗാപൂജാഘോഷത്തിന്റെ ഭാഗമായ വിഗ്രഹ നിമഞ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാലു സ്ത്രീകളടക്കം എട്ടുപേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ജല്‍പായ്ഗുരി ജില്ലയിലെ മാല്‍ നദിയില്‍ ദുര്‍ഗാ ദേവിയുടെ വിഗ്രഹ നിമഞ്ജനം നടക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിനാളുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് മൗമിത ഗോദര പിടിഐയോട് പറഞ്ഞു.

അപ്രതീക്ഷിതമായി നദിയിലെ ജലനിരപ്പുയര്‍ന്നപ്പോള്‍, ആളുകള്‍ നദീതീരത്തേയ്ക്ക് കയറാന്‍ പണിപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലരും ഒഴുക്കില്‍പ്പെട്ടു. ഇതുവരെ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു, തങ്ങള്‍ 50 ഓളം പേരെ രക്ഷപ്പെടുത്തി- അവര്‍ പറഞ്ഞു. നിസാര പരിക്കേറ്റ 13 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു. ദേശീയ ദുരന്തനിവാരണ സേനയും, പോലിസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമോ എന്ന് ആശങ്കയുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, പോലിസ്, പ്രാദേശിക ഭരണകൂടം എന്നിവയുടെ ടീമുകള്‍ തിരച്ചില്‍, രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്- അവര്‍ പറഞ്ഞു. മാല്‍ അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ മന്ത്രി ബുലു ചിക് ബറൈക് മരണസംഖ്യ വര്‍ധിച്ചേക്കുമെന്ന ആശങ്ക അറിയിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തുണ്ടായിരുന്നു. നിരവധി ആളുകള്‍ ഒഴുകിപ്പോയി, ജലപ്രവാഹം വളരെ ശക്തമായിരുന്നു.

സംഭവം നടക്കുമ്പോള്‍ നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. പലരെയും കാണാതായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബറൈക്കും മുതിര്‍ന്ന തൃണമൂല്‍ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുരന്തത്തില്‍ അനുശോചനം അറിയിച്ചതായി ഓഫിസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി സംസ്ഥാന ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it