Latest News

ഫലസ്തീനികള്‍ ചെയ്യുന്നത് അധിനിവേശത്തിനെതിരായ ചെറുത്ത് നില്‍പ്പ്: സാദിഖലി തങ്ങള്‍; ജനസാഗരം തീര്‍ത്ത് ഐക്യദാര്‍ഢ്യം

ഫലസ്തീനികള്‍ ചെയ്യുന്നത് അധിനിവേശത്തിനെതിരായ ചെറുത്ത് നില്‍പ്പ്: സാദിഖലി തങ്ങള്‍; ജനസാഗരം തീര്‍ത്ത് ഐക്യദാര്‍ഢ്യം
X

കോഴിക്കോട്: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് മുസ്ലിം ലീഗിന്റെ വന്‍ റാലി. പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്ത റാലിയില്‍ എ ഐ സി സി അംഗം ശശിതരൂര്‍ എം പി മുഖ്യാതിഥിയായിരുന്നു. ഫലസ്തീനികള്‍ ചെയ്യുന്നത് അധിനിവേശത്തിനെതിരായ ചെറുത്ത് നില്‍പ്പാണെന്നാണ് സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടത്. ഫലസ്തീനൊപ്പം നില്‍ക്കാത്ത ഇന്ത്യന്‍ നിലപാടിനെയും ലീഗ് റാലിയില്‍ സാദിഖലി ചോദ്യം ചെയ്തു.

ഇസ്രായേല്‍ അധിനിവേശത്തെ എന്നും ശക്തമായി എതിര്‍ത്ത രാജ്യമാണ് ഇന്ത്യയെന്ന് സാദിഖലി ചൂണ്ടികാട്ടി. ഇസ്രായേല്‍ രൂപീകരണത്തിന്റെ ഒളിയജണ്ട തിരിച്ചറിഞ്ഞ രാജ്യമായിരുന്നു മുമ്പ് ഇന്ത്യ. മഹാത്മാ ഗാന്ധി ഇസ്രായേല്‍ അധിനിവേശത്തെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. നെഹ്റു അടക്കമുള്ളവര്‍ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളായിരുന്നു. വാജ്‌പേയി വരെ ആ നിലപാടില്‍ നിന്നിട്ടുണ്ടെന്നും സാദിഖലി ചൂണ്ടികാട്ടി. എന്നാല്‍ ഇപ്പോളത്തെ ഭരണാധികാരികള്‍ ആ നയത്തില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ഇസ്രായേലിനെ വെള്ള പൂശാന്‍ ശ്രമിക്കുന്നു. അഹിംസ പഠിപ്പിച്ച ഇന്ത്യക്ക് അങ്ങിനെ നില്‍ക്കാനാവില്ലെന്നും ലീഗ് അധ്യക്ഷന്‍ വിമര്‍ശിച്ചു.

വേട്ടക്കാര്‍ക്ക് ഒപ്പം നില്‍ക്കലല്ല ഇന്ത്യയുടെ നയം. വാജ്‌പേയി അടക്കം ഫലസ്തീനൊപ്പമാണ് നിന്നതെന്ന് ഇന്നത്തെ ഭരണാധികാരികള്‍ തിരിച്ചറിയണം. ഇസ്രായേല്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകര രാജ്യമാണെന്നും ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ ഭീകരതയെ കൂട്ട് പിടിക്കുകയാണ് ചെയ്യുന്നതെന്നും സാദിഖലി തങ്ങള്‍ വിമര്‍ശിച്ചു. അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ അതാണ് ചെയ്യുന്നത്. ലോകത്തെ ഉണര്‍ത്താന്‍ ആണ് ഈ റാലി നടത്തുന്നത്. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ നമുക്ക് സാധിക്കണം. ലോകരാജ്യങ്ങള്‍ മനസാക്ഷിയോട് ചോദ്യം ചോദിക്കേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീന്റെ ശ്വാസം തന്നെ ചെറുത്ത് നില്‍പ്പാണ്. ജീവിക്കാനുള്ള ചെറുത്തു നില്‍പ്പാണ് ഫലസ്തിന്‍ നടത്തുന്നത്. അവിടെ സമാധാനം പുലരണം. സ്വതന്ത്ര ഫലസ്തീന്‍ മാത്രമാണ് പ്രശ്‌ന പരിഹാരമായിട്ടുള്ളതെന്നും സാദിഖലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ ഭീകരരെ ഇല്ലാതാക്കണമെന്നും ഇസ്രായേലിനെ നല്ല നടപ്പ് പഠിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ മുന്‍ കൈ എടുക്കണമെന്നും ലീഗ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

അതേസമയം ഇസ്രായേലില്‍ ഹമാസ് ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേലിന്റെ പ്രതികാരം അതിരുകടന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍ അഭിപ്രായപ്പെട്ടത്. ഗസയില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് പറഞ്ഞ അദ്ദേഹം 19 ദിവസത്തിലെ യുദ്ധത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തില്‍ ഉണ്ടായതിലധികം മരണമാണ് നടന്നതെന്നും ചൂണ്ടികാട്ടി. ഇസ്രായേല്‍ യുദ്ധം നിര്‍ത്തുന്നതിന് മുന്‍പ് എത്ര കുഞ്ഞുങ്ങളുടെ ജീവനെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്ലിം വിഷയമായത് കൊണ്ടല്ല. ഇതൊരു മനുഷ്യത്വ വിഷയമാണ്. യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തില്‍ ക്രൈസ്തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസയില്‍ ക്രൈസ്തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ അവിടെ നിരവധി പേര്‍ അഭയാര്‍ത്ഥികളായി. ആ പള്ളി തകര്‍ക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രായേല്‍ ബോംബിട്ടു. നിരവധി പേര്‍ അവിടെയും കൊല്ലപ്പെട്ടെന്നും തരൂര്‍ ചൂണ്ടികാട്ടി.







Next Story

RELATED STORIES

Share it