Latest News

മൊബൈല്‍ നെറ്റ് വര്‍ക്കിനെതിരേ വ്യാപകപരാതി

മൊബൈല്‍ നെറ്റ് വര്‍ക്കിനെതിരേ വ്യാപകപരാതി
X

മാളഃ മേഖലയില്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് ജനങ്ങളെ ദുരിതത്തിലാക്കുന്നതായും മൊബൈല്‍ ഫോണിലെ പണം വെറുതെ ചിലവാകുന്നതായും വ്യാപക പരാതി. ഇതുമൂലം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഓണ്‍ലൈന്‍ പഠനത്തിന് വളരെയേറെ ദുരിതമാണ് വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കേണ്ടി വരുന്നത്. ഇതുമൂലം നെറ്റുള്ളിടത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടുപോയി പാഠഭാഗം ഡൗണ്‍ലോഡ് ചെയ്ത് കൊണ്ടുവന്ന് പഠിക്കേണ്ട അവസ്ഥയാണ്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും തെക്ക് കിഴക്ക് അറ്റത്തുള്ള കൊച്ചുകടവില്‍ എയര്‍ടെല്‍ കമ്പനി കാരണം വെറുതെ പണം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്.

എയര്‍ടെല്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചാലും യാതൊരു രക്ഷയുമില്ല. അത്യാവശ്യം റേഞ്ച് കിട്ടിയിരുന്ന ബി എസ് എന്‍ എല്‍, സ്വകാര്യ നെറ്റ് വര്‍ക്കുകളെല്ലാം തന്നെ ജനങ്ങളെ ദുരിതത്തിലാക്കി തുടങ്ങിയിട്ട് കാലമേറെയായി. ബി എസ് എന്‍ എല്‍, ഐഡിയ, എയര്‍ടെല്‍, വൊഡാഫോണ്‍ തുടങ്ങിയ നെറ്റ് വര്‍ക്കുകളലെല്ലാം മോശം പ്രകടനമാണ് കാഴ്ച വെക്കുന്നത്. മാള മേഖലയില്‍ ഭൂരിഭാഗമിടങ്ങളിലും മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പ്രശ്‌നങ്ങളുണ്ട്. വിളിക്കാനോ നെറ്റ് ഉപയോഗിക്കുന്നതിനോ വളരെയേറെ ബുദ്ധിമുട്ടാണ് ജനങ്ങള്‍ക്കുണ്ടാകുന്നത്. ഫുള്‍ റെയ്ഞ്ചില്‍ സംസാരിച്ച് കൊണ്ടിരിക്കേ മൊബൈല്‍ ഫോണ്‍ ഹാങ്ങാകുകയും കോള്‍ കട്ടാകുകയും ചെയ്യും. തുടര്‍ന്ന് നോക്കുമ്പോള്‍ തീരെ നെറ്റ് വര്‍ക്കില്ലാത്ത അവസ്ഥയായിരിക്കും ഫോണില്‍. കോള്‍ വന്നാല്‍ പാതിരാത്രിക്ക് പോലും വീടിന് പുറത്തേക്കിറങ്ങേണ്ട അവസ്ഥയാണ്. സമാനമായ അവസ്ഥയാണ് നെറ്റിന്റെ കാര്യത്തിലും. ഫോര്‍ജി ഫോണും സിമ്മുമുണ്ടായാല്‍ പോലും നെറ്റ് കിട്ടാത്ത അവസ്ഥയാണ്.

കെ ബി കണക്കിലുള്ള ഫയലുകളോ ഫോട്ടോകളോ പോലും ഡൗണ്‍ലോഡ് ചെയ്യാനാകില്ല. അപ് ലോഡ് ചെയ്യാനുമാകില്ല. ഇവക്കായി മണിക്കൂറുകളോളം വരെ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഫോണിലെ ബാറ്ററി തീരുകയും സമയമേറെ പാഴാകുകയും ചെയ്യും. മേല്‍ക്കൂരയിലാണ് ത്രീജിയും ഫോര്‍ജിയും വല്ലപ്പോഴുമെങ്കിലും ലഭിക്കുന്നത്.

കൊച്ചുകടവിലും എരവത്തൂരും കുണ്ടൂരും ടവറുകളില്ലാത്തതിനാല്‍ കാലങ്ങളേറെയായി നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ട്. കുഴൂര്‍, എറണാകുളം ജില്ലയിലെ അയിരൂര്‍ എന്നിവിടങ്ങളിലാണ് ടവറുകളുള്ളത്. ഇവിടങ്ങളില്‍ നിന്നുമുള്ള സിഗ്‌നല്‍ കുറവാണ്. അത്യാവശ്യ കാര്യങ്ങളിലടക്കം വിളിക്കാന്‍ നോക്കിയാലും കിട്ടാത്ത അവസ്ഥയാണ്. അടിയന്തിരമായി പരിഹാരം കാണണമെന്നാണ് ശക്തമായുയരുന്ന ആവശ്യം

Next Story

RELATED STORIES

Share it