- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തട്ടം പിടിച്ച് വലിക്കല്ലേ...: അതേ, ഇനി നമ്മള്‍ കോടതികളെയും ഭരണഘടന പഠിപ്പിക്കണം
എന്‍ എം സിദ്ദീഖ്
ആദ്യമേ ഒരു വൈയക്തികാനുഭവം പറയാം. ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി വന്നതിനു പിറ്റേന്നു രാവിലെ ഓഫിസിലെ 'ചായ്‌പേയ്' ചര്‍ച്ചയില്‍ അതുവന്നു. പ്രകോപനമില്ലാതെ തന്നെ അസ്വാസ്ഥ്യകരമായ നെടുങ്കന്‍ കമന്റുകള്‍ വരുന്നു. കൊച്ചുപിച്ചാത്തിയുമായി സ്‌കൂളില്‍ മക്കളെ വിടുമെന്നും അതു ഞങ്ങളുടെ മതാചാരമാണെന്നു പറയുമെന്നും ഒരാള്‍ തട്ടിമൂളിക്കുന്നു. മറ്റാരുമൊന്നും പറയുന്നില്ല. ഒരുതരം ബ്ലാങ്കറ്റ് കണ്‍സേന്റ്. പൊതുബോധ നിര്‍മിതിയുടെ ആഴമളക്കാന്‍ പോന്നതരം ആ ലളിതയുക്തി മനസ്സിനെ അസ്വസ്ഥമാക്കി. അതേതരം 'പൊതുബോധം' ജുഡീഷ്യറിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ രസതന്ത്രം സമീപകാല കോടതിവിധികളില്‍ എമ്പാടും കടന്നുവരുകയാണ്.
ഉദാഹരണമായി 'മീഡിയാ വണ്‍' വിധി നോക്കുക. മുദ്ര വച്ച കവറുകളില്‍ പൂത്തുലയുന്ന കോടതിവിധികള്‍ എത്ര ദ്രാവിഡമാണ്. അത്തരം കവറുകളില്‍ എമ്മാതിരി പോലിസ് സാഹിത്യമാണുണ്ടാവുകയെന്നു നമുക്കറിയാത്തതല്ലല്ലോ. അല്‍പ്പമൊരു ഇസ്‌ലാമിക ചേരുവയുണ്ടെങ്കില്‍ എന്തും ചെലവാകുമെന്ന് ആര്‍ക്കാണറിയാത്തത്. നടേ പറഞ്ഞ അമ്മാതിരി പൊതുബോധ നിര്‍മിതിയുണ്ടല്ലോ, അതാണ് കാര്യവും കാരണവും. ഇനിയിപ്പോ 'മീഡിയാ വണ്‍' കേസിലെന്നപോലെ വിധി തിരിഞ്ഞെന്നു കരുതുക. ടി പൊതുബോധത്തിനൊരു പോറലുമില്ല.
വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയത്ത്' എന്ന ഹിറ്റ് സിനിമയുടെ പരസ്യം 'കേരളക്കരയില്‍ തട്ടം വീക്ക്‌നസ് ആവുന്നു'വെന്നായിരുന്നു. എന്നാല്‍, മുസ്‌ലിം പെണ്‍കുട്ടികളുടെ തട്ടം വിവാദമാവുന്ന സംഭവമാണ് ഇപ്പോള്‍ കോടതിയില്‍നിന്നുള്ള വാര്‍ത്തകള്‍. തട്ടം അല്ലെങ്കില്‍ ഹിജാബ് അഥവാ ശിരോവസ്ത്രം എങ്ങനെയാണ് നമ്മുടെ സമൂഹത്തില്‍, പ്രശ്‌നവല്‍കൃതമാവുന്നതെന്നു പല നിലയ്ക്കും ആലോചിച്ചു. ഇസ്‌ലാമികമൂല്യങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കുമെതിരായ യാങ്കീ-സയണിസ്റ്റ് അച്ചുതണ്ടിന്റെ സാംസ്‌കാരികാക്രമണങ്ങളുടെ കുരിശുയുദ്ധങ്ങളോളം പഴക്കമുള്ള മനോഘടന തന്നെയാണത്.
ശിരസ്സ് മറയ്ക്കുന്നത്, സ്ത്രീകള്‍ മുടി മൂടുന്നത്, പല സമൂഹങ്ങളിലും കാണുന്ന ആചാരമാണ്. കന്യാസ്ത്രീകളുടെ ശിരോവസ്ത്രം പോവട്ടെ, ക്രിസ്ത്യന്‍ സ്ത്രീകള്‍ സാരിത്തലപ്പിലോ ഷാളിലോ മുടി മറയ്ക്കുന്നത് എന്റെ മലയോര വാസസ്ഥലത്ത് എന്റെ മുറിയുടെ മുന്നിലെ പള്ളിയിലെ നിത്യ കുര്‍ബാനകളില്‍ നിത്യേന കാണാം. അതിനെ ഒരു സാംസ്‌കാരിക ശീലമായി കണ്ടു ശീലിച്ചവരാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബിന്റെ വ്യതിരിക്തതയുമായി ഇടയാന്‍ തുനിയുന്നത്. അതോ, നീളന്‍ കുപ്പായവും ശിരോവസ്ത്രവുമായി എമ്പാടും കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളുകള്‍ വ്യാപകമായ കേരളത്തിലടക്കം.
ശരീരം മറയ്ക്കാനല്ല, മറിച്ച് വസ്ത്രമഴിക്കാനാണ് എന്നും എവിടെയും പ്രലോഭനം. ജുവാന്‍ കാര്‍ലോസ് അപാസിയോ എന്ന സ്‌പെയിനിലെ ഒരു മന്ത്രി തന്നെ ഹിജാബ് ധരിക്കുന്നതിനെ ചാസ്റ്റിറ്റി ബെല്‍റ്റിനോട് ഉപമിച്ചത് ഈയടുത്ത കാലത്തായിരുന്നു. സ്ത്രീവാദികളെപ്പോലും ചൊടിപ്പിക്കുന്ന ഹിജാബ് ഇപ്പോള്‍ കോടതി കയറിയിരിക്കുന്ന സമയമാണ്. സ്ത്രീശരീരത്തിനു തങ്ങളില്‍ സ്വയം അനാവൃതമാക്കാന്‍ പരുവത്തിലുള്ള ഒരു വിപണിമൂല്യമുണ്ട്. ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് അതിന്റെ സാധ്യത ഏറിയ തോതിലാണ്. പെണ്‍ശരീരത്തെ ആഘോഷമാക്കുന്ന സമൂഹത്തില്‍ അതിന്റെ ഭാഷ, അഴകളവുകള്‍, പ്രലോഭനം ഒക്കെ മാര്‍ക്കറ്റ് ഓറിയന്റഡാണ്. സുന്ദരികളായ തായ് പെണ്‍കുട്ടികളെ കാണിച്ച് 'ഒരു തായ് പഴം രുചിച്ചുനോക്കൂ' എന്നു പരസ്യം ചെയ്തത് തായ്‌ലന്‍ഡ് ഗവണ്‍മെന്റ് തന്നെയാണ്.
കാലിക ലോകത്ത് ഫ്രാന്‍സിലാണ് സ്‌കൂളിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ ഹിജാബിനെതിരേ ആദ്യമായി 80കള്‍ക്കൊടുവില്‍ നടപടിയുണ്ടാവുന്നത്. 2005ല്‍ ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചതിനു പെണ്‍കുട്ടികളെ പുറത്താക്കിയ സംഭവത്തോടെ ലോകവ്യാപകമായി ഇക്കാര്യം ചര്‍ച്ചാവിഷയമായി. ഫാത്തിമ ഇദ്‌രീസി എന്ന 13 വയസ്സുകാരി സ്‌കൂളില്‍ ഹിജാബ് അണിഞ്ഞതിനെ ചെറുക്കുന്നതോടെയാണത് സംഭവിച്ചത്. പിന്നീട് സ്‌പെയിനിലും സമാന സംഭവമുണ്ടായി. ലോകവ്യാപകമായിത്തന്നെ മുസ്‌ലിം സ്വത്വവും സവിശേഷചിഹ്നങ്ങളും ആക്രമണങ്ങള്‍ക്കു വിധേയമാവുന്ന സാഹചര്യമുണ്ട്. 9/11ന് ശേഷം ഇത്തരം പ്രവണതകള്‍ക്ക് ആക്കംകൂടുകയും അമേരിക്ക, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍, ഡെന്മാര്‍ക്ക്, സിംഗപ്പൂര്‍, ബ്രിട്ടന്‍, ഈജിപ്ത് തുടങ്ങിയ ലിബറല്‍, സോഷ്യല്‍, ഡെമോക്രാറ്റ്, ബഹുവംശീയതാ രാജ്യങ്ങളിലടക്കം ഇതു ശക്തമാവുകയുമുണ്ടായി. അങ്ങനെയാണ് അവിടങ്ങളില്‍ പര്‍ദ്ദയും ശിരോവസ്ത്രവും അസ്പൃശ്യമാവുന്നത്.
ഇസ്‌ലാമോഫോബിയയുടെ ഭാഗമായി മുസ്‌ലിംകള്‍ക്കെതിരായ എന്തും ന്യായീകരിക്കപ്പെടുന്ന മുഖ്യധാരാ ബോധനിര്‍മിതി ഇത്തരം വ്യവഹാരങ്ങളില്‍ സ്പഷ്ടമാണ്. മുസ്‌ലിംകളില്‍ അപരസ്വത്വം നിര്‍മിച്ചെടുക്കുന്ന പാശ്ചാത്യലോകത്തിന്റെ ചിഹ്നവിജ്ഞാനീയമാണ് ഇസ്‌ലാമികമായ എന്തിലും നിഗൂഢത കലര്‍ത്തുന്നത്. സ്‌പെയിനില്‍ ഫാത്തിമാ ഇദ്‌രീസി എന്ന പെണ്‍കുട്ടിക്കുണ്ടായ അനുഭവത്തെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ നടന്ന ഒട്ടേറെ പഠനങ്ങളില്‍ പര്‍ദ്ദയും ഹിജാബും ഇസ്‌ലാമിക ചെറുത്തുനില്‍പ്പിന്റെ സാംസ്‌കാരിക രൂപകങ്ങളായി വിലയിരുത്തപ്പെടുകയുണ്ടായി. അല്‍ജീരിയയിലും ബ്രിട്ടനിലും മറ്റും പര്‍ദ്ദ ചെറുത്തുനില്‍പ്പിന്റെ രാഷ്ട്രീയവിവക്ഷകളായി. പാശ്ചാത്യമേധാവിത്വത്തെ പ്രതിരോധിക്കുന്ന അര്‍ഥതലം ഹിജാബിനുണ്ടെന്നു നിരീക്ഷിക്കപ്പെടുന്നു.
സ്വത്വരാഷ്ട്രീയത്തിന്റെ പ്രകാശനമായി ഹിജാബ് അടയാളപ്പെടുത്തപ്പെടുകയും പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. പ്രവാചകനിന്ദ തുടങ്ങിയ കാര്യങ്ങളില്‍ ആഗോളമായിത്തന്നെ മുസ്‌ലിംവിരുദ്ധ അജണ്ട ഒളിപ്പിച്ചിട്ടുണ്ട്. മുസ്‌ലിം സഹിഷ്ണുതയെ പരിഷ്‌കൃതസമൂഹത്തില്‍ അപഹസിക്കാനും മുസ്‌ലിംകളെത്തന്നെ ഇകഴ്ത്തി പ്രകോപിപ്പിക്കാനും അത് ഉപയോഗപ്പെടുത്തുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ വിശ്വാസികളുടെ അവകാശത്തെ ചോദ്യംചെയ്യുന്നതരം പരിഷ്‌കൃതയുക്തി എളുപ്പത്തില്‍ സ്ഥാപിച്ചെടുക്കാനാവുന്ന ഇടമുണ്ടാക്കിയെടുക്കലാണ് ഇത്തരം സംഭവങ്ങളിലെ പൊതുരീതി.
നമ്മുടെ മുസ്്‌ലിം അപരത്വം തീര്‍ച്ചയായും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തതരം പാശ്ചാത്യ മനോഘടനയില്‍ അധിഷ്ഠിതമാണ്. വിശ്വാസികളായ അധികൃതര്‍ പോലും വിശ്വാസപരമായ കാരണങ്ങളാല്‍ വിദ്യാര്‍ഥിനികള്‍ അണിയുന്ന നിരുപദ്രവകരമായ തട്ടത്തെ വാശിയോടെ എതിര്‍ക്കുന്നത് ദുരൂഹവും യുക്തിരഹിതവുമാണ്. രക്ഷകര്‍ത്താക്കള്‍ പലവുരു സംഘടിതമായി എതിര്‍ത്തിട്ടും കര്‍ണാടക ഭരണകൂടം നിഷേധാത്മക സമീപനം തുടരുകയാണ്.
ന്യൂയോര്‍ക്കിലെ ഇരട്ട ടവര്‍ തകര്‍ക്കപ്പെട്ട ശേഷം ഒരുതരം ഇസ്‌ലാമോഫോബിയ പടിഞ്ഞാറന്‍ നാടുകളില്‍ പടര്‍ന്നുപിടിക്കുന്നുണ്ട്. മുസ്‌ലിംകള്‍ക്കെതിരായ വിവേചനവും മുസ്‌ലിംവിരുദ്ധ വ്യവഹാരങ്ങളും അങ്ങനെ ന്യായീകരിക്കപ്പെടുകയാണ്. ലോകമാസകലം ഇസ്‌ലാമിക ഉണര്‍വ്വിന്റെ ഭാഗമായാണ് പര്‍ദ്ദയും ഹിജാബും വ്യാപകമാവുന്നതെന്ന് 'മുസ്‌ലിം വിമന്‍സ് സ്ട്രഗിള്‍സ് ടു വെയര്‍ വാട്ട് ദെ ലൈക്' എന്ന പഠനത്തില്‍ യാസ്മിന്‍ അലി ബായ് ബ്രൗണ്‍ നിരീക്ഷിക്കുന്നു. പാശ്ചാത്യ മേധാവിത്വത്തെ പ്രതിരോധിക്കുന്ന അര്‍ഥതലം ഹിജാബിനുണ്ടെന്നു ഫദ്‌വ എല്‍ഗിന്‍തി തന്റെ 'വെയ്ല്‍, മോഡസ്റ്റി, പ്രൈവസി ആന്റ് റെസിസ്റ്റന്‍സ്' എന്ന പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ബ്രിട്ടിഷ് മന്ത്രി ജാക്‌സ്‌ട്രോ മുസ്‌ലിം സ്ത്രീകളോട് മുഖാവരണം ഒഴിവാക്കണമെന്നു നിര്‍ദേശിച്ചിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയര്‍ തന്നെ പിന്നീട് ആ ആവശ്യം ഉന്നയിച്ചു. ചുരുക്കത്തില്‍ പര്‍ദ്ദയും ഹിജാബും പാശ്ചാത്യ രാജ്യങ്ങളിലാകമാനം ഒരു റാഡിക്കല്‍ വസ്ത്രധാരണമെന്ന മാനം കൈവരിച്ചിരിക്കുകയാണ്. മതപരമായ വസ്ത്രധാരണം പൊതുസമൂഹത്തില്‍ ഭിന്നമായ ഐഡന്റിറ്റി ഉണ്ടാക്കുമെന്നും അതുവഴി വിഭാഗീയ പ്രവണതകളുണ്ടാക്കുമെന്നുമാണ് കേവലയുക്തി. പരസ്യത്തിലെ നഗ്‌നതയ്‌ക്കെതിരേയും പര്‍ദ്ദയിലെ മറച്ചുവയ്ക്കലിനെതിരേയും ഒരേസമയം പോരടിക്കുന്ന സ്ത്രീവാദ വൈരുധ്യവുമുണ്ട്.
(തേജസ് ദൈ്വവാരികയില്‍ ഏപ്രില്‍ 1-15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
RELATED STORIES
മുസ്‌ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT'സ്വര്‍ണ്ണക്കടത്ത്, ആഡംബര വീട് നിര്‍മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്‍ത്തയുടെ പേരില്‍ ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMTഅംബേദ്കറെ അപമാനിച്ചവര്‍ അധികാരത്തില്‍ തുടരരുത്: കെഎന്‍എം മര്‍കസുദഅവ
22 Dec 2024 2:18 AM GMTസാംസ്‌കാരിക മുന്നേറ്റത്തില്‍ സ്ത്രീകളും പുരുഷന്മാരും പരസ്പര പൂരകം:...
22 Dec 2024 2:14 AM GMTറോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; രണ്ടര...
22 Dec 2024 2:07 AM GMT