Agriculture

ടെറസ്സിലെ കൃഷി; ആരോഗ്യത്തിനും ആദായത്തിനും

അത്യുല്‍പ്പാദനത്തിനു വേണ്ടി കീടനാശിനി, ഹോര്‍മോണുകള്‍, ജനിതകവ്യതിയാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട് മറ്റു പ്രദേശങ്ങളില്‍ നിന്നു വന്നെത്തുന്ന ഭക്ഷ്യവിളകളോട് പ്രതിപത്തിയില്ലാത്തവര്‍ക്ക് ഇത്തരം ഘടകങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങള്‍ സുരക്ഷിതമാക്കാന്‍ ടെറസ്സ് കൃഷി സഹായിക്കും.

ടെറസ്സിലെ കൃഷി; ആരോഗ്യത്തിനും ആദായത്തിനും
X

വീടുകളുടേയും കെട്ടിടങ്ങളുടേയും മുകളില്‍ ചെറിയ തോട്ടങ്ങള്‍ നിര്‍മ്മിച്ച് നടത്തുന്ന കൃഷിരീതിയാണ് ടെറസ്സിലെ കൃഷി. ആവാസവ്യവസ്ഥകളും ഭൂവിനിയോഗരീതികളും മാറിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ പ്രാവര്‍ത്തികമാക്കാവുന്ന നൂതനകൃഷിരീതികളില്‍ ഒന്നായി ഇതു കരുതപ്പെടുന്നു. അത്യുല്‍പ്പാദനത്തിനു വേണ്ടി കീടനാശിനി, ഹോര്‍മോണുകള്‍, ജനിതകവ്യതിയാനങ്ങള്‍ എന്നിവ ഉപയോഗിച്ച് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട് മറ്റു പ്രദേശങ്ങളില്‍ നിന്നു വന്നെത്തുന്ന ഭക്ഷ്യവിളകളോട് പ്രതിപത്തിയില്ലാത്തവര്‍ക്ക് ഇത്തരം ഘടകങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെത്തന്നെ ഒരു പരിധിവരെ തങ്ങളുടെ ഭക്ഷണശീലങ്ങള്‍ സുരക്ഷിതമാക്കാന്‍ ടെറസ്സ് കൃഷി സഹായിക്കും. ലോകവ്യാപകമായി ഉയര്‍ന്നു വരുന്ന ഹരിതസമ്പദ്ഘടന എന്ന ആശയത്തിന്റെ അര്‍ത്ഥസ്വാംശീകരണം കൂടിയാണു് ഈ ഭക്ഷ്യോല്‍പ്പാദനരീതി.

ടെറസ്സ് കൃഷി എന്ന ആശയം

കറിവെക്കാന്‍ പച്ചക്കറി ആവശ്യമുള്ളപ്പോള്‍, സ്വന്തം മട്ടുപ്പാവില്‍ സ്വയം നട്ടുവളര്‍ത്തിയ ചെടികളില്‍നിന്ന് പച്ചപ്പു മാറാതെ ഇറുത്തെടുത്ത വിളവുകള്‍ തന്നെ ഉപയോഗിക്കുക എന്ന ആശയത്തില്‍ നിന്നാണു ടെറസ് കൃഷി പ്രചോദനം ഉള്‍ക്കൊള്ളുന്നതു്. ഓരോരുത്തര്‍ക്കും ആവശ്യമുള്ള ഭക്ഷണം സ്വയം അദ്ധ്വാനിച്ച് ഉത്പാദിപ്പിക്കുക, അതോടൊപ്പം പ്രകൃതിയെ കൂടുതല്‍ അടുത്തുകണ്ട് പഠിക്കുക എന്നീ സാമൂഹ്യലക്ഷ്യങ്ങള്‍ കൂടി ടെറസ്സ് കൃഷിയെ പ്രചോദിപ്പിക്കുന്നു.

വളരെ കുറഞ്ഞ അളവു് മണ്ണ്, ആവശ്യത്തിനു മാത്രം വെള്ളം, അന്യഥാ വെറുതെ നഷ്ടപ്പെട്ടുപോകുന്ന സൗരോര്‍ജ്ജം, നീക്കം ചെയ്യുക എന്നതു ഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ എന്നിവ ഏറ്റവും യുക്തിസഹമായി പ്രയോജനപ്പെടുത്തിയാണു ടെറസ് കൃഷി വിജയകരമായി നടത്തുന്നത്. ഊര്‍ജം, ജലം, കൃഷിഭൂമി മുതലായി അനുദിനം ചുരുങ്ങിവരുന്ന പ്രകൃതിവിഭവങ്ങള്‍ കൂടുതല്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിലും അതിദ്രുതം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒരു പുത്തന്‍പ്രവണത കൂടിയാണു ടെറസ്സ് കൃഷി.

ഗുണങ്ങള്‍

സമയമോ മറ്റു വിഭവങ്ങളോ പ്രത്യേകമായി നീക്കിവെക്കാതെ നടത്താവുന്ന ടെറസ് കൃഷി ഭക്ഷ്യസുരക്ഷ, സാമ്പത്തികലാഭം എന്നിവയ്ക്കു പുറമേ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും ഉപകരിക്കുന്നു. ഒപ്പം മികച്ച ഒരു ഗൃഹാലങ്കാരമാര്‍ഗ്ഗം കൂടിയാണു ശ്രദ്ധയോടെയുള്ള 'മേല്‍ക്കൂരകൃഷി'. വീടിനു ചുറ്റും നിലനിര്‍ത്താവുന്ന ഭേദപ്പെട്ട കാലാവസ്ഥ, ദൃശ്യഭംഗി എന്നിവ കുടുംബത്തിനു മൊത്തമായി ഗുണകരമാണ്.

അനുയോജ്യമായ സസ്യങ്ങള്‍

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ കൃഷി ചെയ്യാം. ഇവകൂടാതെ പരീക്ഷണ അടിസ്ഥാനത്തില്‍ എല്ലായിനം ഹ്രസ്വകാല വിളകളും കിഴങ്ങുകളും ടെറസ്സില്‍ കൃഷിചെയ്യാം. പ്രത്യേക തയ്യാറെടുപ്പുകളോടെ പേര, വാഴ, നാരകം, പപ്പായ തുടങ്ങിയ ചെറുവൃക്ഷങ്ങളും ദീര്‍ഘകാലവിളകളും കൂടി ടെറസ്സില്‍ കൃഷി ചെയ്യാം.

അടുക്കളത്തോട്ടം നിര്‍മ്മിക്കുന്നത് ടെറസ്സിലാകുമ്പോള്‍ അതിന് ചില പരിമിതികള്‍ ഉണ്ട്. ധാരാളം വിത്തുകളും മണ്ണും വളവും ലഭിക്കുന്നുണ്ടെന്ന് കണ്ട്, ഒരിക്കലും ടെറസ്സില്‍ അമിതമായി കൃഷി ചെയ്യേണ്ടതില്ല. കൃഷി ചെയ്യുന്ന ഇനങ്ങള്‍ നമ്മുടെ വീട്ടാവശ്യങ്ങള്‍ക്കുള്ള പല ഇനങ്ങളാവാം. അതോടൊപ്പം പരീക്ഷണ അടിസ്ഥാനത്തില്‍ കാബേജ്, കോളിഫ്‌ളവര്‍, മരച്ചീനി, കാച്ചില്‍, ചേമ്പ്, ക്യാരറ്റ്, തുടങ്ങിയ ഏതാനും പുതിയവ ഇനങ്ങള്‍ കൂടി.

അനുയോജ്യമായ കാലം

തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്ക് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ് മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലത്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സപ്തംബര്‍ മദ്യത്തില്‍)കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്‍പ്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.




Next Story

RELATED STORIES

Share it