Environment

ആമസോണ്‍ കത്തുന്നു; പിന്നില്‍ മനുഷ്യകരങ്ങളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

വനനശീകരണത്തിന് ബ്രസീലിയന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു

ആമസോണ്‍ കത്തുന്നു; പിന്നില്‍ മനുഷ്യകരങ്ങളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍
X

റിയോ ഡി ജനീറോ: ആമസോണ്‍ മഴക്കാടുകളില്‍ തുടരെത്തുടരെയുണ്ടാകുന്ന കാട്ടുതീകള്‍ക്ക് പിറകില്‍ മനുഷ്യകരങ്ങളെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. കന്നുകാലികള്‍ക്ക് മേയാന്‍ പുല്‍മേടുകള്‍ വികസിപ്പിക്കുന്നതും കാട്ടുകൊള്ളക്കാരുമാണ് ഇത്തരം കാട്ടുതീകള്‍ക്ക് പിറകിലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. വരള്‍ച്ചാ കാലങ്ങളില്‍ പോലും മഴക്കാടുകളാല്‍ സമ്പന്നമായ ആമസോണ്‍ കാടുകളില്‍ മനപ്പൂര്‍വമായ പ്രവര്‍ത്തനങ്ങളാണ് കാട്ടുതീ ഉണ്ടാക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പുറത്തുവിട്ട ഉപഗ്രഹ വിവരങ്ങളനുസരിച്ച് 2018നെ അപേക്ഷിച്ച് 83 ശതമാനം വര്‍ധനവാണ് ആമസോണിലുണ്ടാകുന്ന കാട്ടുതീയിലുണ്ടായിട്ടുള്ളത്.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്ത് വരെയുള്ള മാസങ്ങളില്‍ത്തന്നെ ആമസോണ്‍ മേഖലയില്‍ 74,000ത്തിലധികം തീപിടിത്തങ്ങളാണ് ഉണ്ടായതെന്ന് പറയുന്നു. 2013നു ശേഷം ഉണ്ടായ റെക്കോര്‍ഡ് തീപിടുത്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആഗസ്ത് 15 മുതല്‍ മാത്രം കഴിഞ്ഞദിവസം വരെ 9,500 ലധികം ഇടങ്ങളില്‍ കാട്ടുതീ ഉണ്ടായിട്ടുണ്ട്.


ഉപഗ്രഹചിത്രങ്ങള്‍ പ്രകാരം റോറൈമ സംസ്ഥാനം ഇരുണ്ട പുകയില്‍ പൊതിഞ്ഞ നിലയിലായിരുന്നതായി വ്യക്തമാണ്. സമീപസ്ഥലങ്ങളെ കൂടി ഈ കാട്ടുതീ വലിയതോതിലാണ് ബാധിച്ചിരിക്കുന്നത്. ഈ തീപിടുത്തങ്ങള്‍ ഇപ്പോള്‍ ബ്രസീലിലെ മറ്റ് പ്രദേശങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നുണ്ട്. ആമസോണസ് സംസ്ഥാനത്ത് നിന്ന് അടുത്തുള്ള സംസ്ഥാനങ്ങളായ പാര, മാട്ടോ ഗ്രോസോ എന്നിവിടങ്ങളിലേക്ക് കൂടി പുക വ്യാപിക്കുകയാണ്. കൂടാതെ സാവോ പോളോയില്‍ കനത്ത പുക കാരണം സൂര്യനെ കാണാനാവാത്ത സ്ഥിതിയുമുണ്ടായി. ഈ നഗരം 3,200 കിലോമീറ്റര്‍ അകലെയാണ്.


സാധാരണഗതിയില്‍, ആമസോണിലെ വരണ്ട സീസണ്‍ ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ്. സെപ്റ്റംബര്‍ അവസാനത്തോടെ അതേറ്റവും ഉയര്‍ന്ന നിലയിലെത്തുന്നു. എന്നാല്‍, സാധാരണ സീസണുകളിലുണ്ടാകുന്ന തരത്തിലുള്ള കാട്ടുതീയല്ല ഇപ്പോഴുണ്ടാകുന്നത്.

വനനശീകരണത്തിന് ബ്രസീലിയന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.വനനശീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ തലവനെ പുറത്താക്കി ആഴ്ചകള്‍ കഴിയുന്നതിന് മുമ്പാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്.


Next Story

RELATED STORIES

Share it